ലൂസിഫർ സെറ്റിൽ സുപ്രിയയ്ക്ക് സർപ്രൈസ് ഒരുക്കി പൃഥ്വി

ചിത്രീകരണ തിരക്കുകൾക്കിടയിലും പ്രിയതമയുടെ പിറന്നാൾ ആഘോഷമാക്കി പൃഥ്വിരാജ്. ഭാര്യ സുപ്രിയയുടെ പിറന്നാള്‍ ആണ് ലൂസിഫർ സെറ്റിൽ പൃഥ്വി ആഘോഷമാക്കി മാറ്റിയത്.

മോഹൻലാല്‍, ആന്റണി പെരുമ്പാവൂർ, കലാഭവൻ ഷാജോൺ, സംവിധായകൻ ഫാസിൽ എന്നിവരും പിറന്നാൾ ആഘോഷത്തിൽ പങ്കുചേർന്നു. ‘ഹാപ്പി ബർത്ഡേ സുപ്രിയ’ എന്നെഴുതിയ വലിയൊരു കേക്കും പൃഥ്വി സുപ്രിയയ്ക്കായി ഒരുക്കി.

പിറന്നാൾ ദിവസം രാവിലെ തന്നെ സുപ്രിയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വി കുറിപ്പ് എഴുതിയിരുന്നു.'ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിക്ക്, സഹയാത്രികയ്ക്ക്, പങ്കാളിയ്ക്ക് എല്ലാത്തിനേക്കാളും സുന്ദരമായ നിനക്ക് പിറന്നാൾ ആശംസകൾ'.–ഇങ്ങനെയായിരുന്നു കുറിപ്പ്. തുടർന്ന് ആരാധകരും സുപ്രിയയ്ക്ക് പിറന്നാൾ ആശംസകൾ നൽകുകയുണ്ടായി.

അതേസമയം പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ലൂസിഫറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. വണ്ടിപ്പെരിയാറിലെ ഷെഡ്യൂൾ പൂർത്തിയാക്കിയ ലൂസിഫറിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.

മഞ്ജു വാര്യർ ചിത്രത്തിൽ നായികയാകുന്നു. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലൻ. ഛായാഗ്രഹണം സുജിത്ത് വാസുദേവ്.