മഞ്ജുവും ടൊവീനോയുമെത്തി; പൃഥ്വിയുടെ ‘ലൂസിഫർ’

തിരുവനന്തപുരം∙ തലസ്ഥാനത്ത് വീണ്ടും  മോഹൻലാൽ വസന്തം. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിൽ അഭിനയിക്കാനായാണു തന്റെ പ്രിയപ്പെട്ട തിരുവനന്തപുരത്തേക്കു മോഹൻലാൽ വീണ്ടും എത്തിയത്. 

വെള്ളമുണ്ടും വെള്ളഷർട്ടും താടിയും പിരിച്ചുവച്ച മീശയുമായി തന്റെ മാസ് അവതാറിലാണു ലാൽ ചിത്രത്തിൽ എത്തുന്നത്. ഒപ്പം, വെളിപാടിന്റെ പുസ്തകം, വില്ലൻ എന്നീ ചിത്രങ്ങൾക്കുശേഷം തലസ്ഥാനത്ത് ഷൂട്ടിങ് നടത്തുന്ന മോഹൻലാൽ ചിത്രമെന്ന ഖ്യാതിയുമായാണു ലൂസിഫർ ചിത്രീകരണം പുരോഗമിക്കുന്നത്.

കനകക്കുന്നിൽ ഇന്നലെ സിനിമയുടെ ചിത്രീകരണത്തിനായി മന്ത്രിമാരുടെയും പൊലീസിന്റെയും വാഹനങ്ങളാക്കി ടാക്സി കാറുകളെ മാറ്റുന്ന ജോലി തിരക്കിട്ടു നടക്കുന്നു. ‘പണി’ തീർന്ന സ്റ്റേറ്റ് കാറാണ് വലത്തേയറ്റത്ത്.

കനകക്കുന്ന് കൊട്ടാരത്തിലായിരുന്നു ഇന്നലെ ചിത്രീകരണം. മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണു നിർമിക്കുന്നത്.  കനകക്കുന്നിൽ ഷൂട്ടിങ് നടക്കുന്ന ഭാഗത്തു പൊതുജനങ്ങൾക്കു പ്രവേശനമില്ല. അതേസമയം ദൂരെനിന്നു ഷൂട്ടിങ് കാണാൻ ഒട്ടേറെ പേർ എത്തി.

മഞ്ജുവാരിയറും ബോളിവുഡ് നടൻ വിവേക് ഒബ്റോയിയും ചിത്രത്തിൽ  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  തിരുവനന്തപുരമാണു പ്രധാന ലൊക്കേഷൻ. വണ്ടിപ്പെരിയാർ, കുമളി, ബെംഗളുരു, മുംബൈ, എറണാകുളം, എന്നിവയാണു മറ്റു ലൊക്കേഷനുകൾ. സച്ചിൻ ഖഡേക്കർ, കലാഭവൻ ഷാജോൺ, ഇന്ദ്രജിത്ത്, സായികുമാർ, സംവിധായകൻ ഫാസിൽ, സുനിൽ സുഗത, സാനിയ ഇയ്യപ്പൻ, താരാ കല്യാൺ, പ്രവീണ തോമസ്, മാലാ പാർവതി  എന്നിവരും  അണിനിരക്കുന്നു.

പൃഥ്വിരാജും ഇന്ദ്രജിത്തും പല ചിത്രങ്ങളിലും ഒന്നിച്ചു അഭിനയിച്ചുണ്ടെങ്കിലും ഒരാൾ അഭിനേതാവും മറ്റൊരാൾ സംവിധായകനായി എത്തുന്നുവെന്നതും ലൂസിഫറിന്റെ പ്രത്യേകതയാണ്. കനകക്കുന്നിൽ ഇന്നലെ നടന്ന ചിത്രീകരണത്തിൽ മോഹൻലാലും മഞ്ജുവാരിയരുമാണു പങ്കെടുത്തത്. പ്രമേയത്തിനും 'ലൂസിഫർ' എന്ന പേരിനു പിന്നിലും ആകാംക്ഷ കാത്തുസൂക്ഷിച്ചാണു ചിത്രീകരണം മുന്നോട്ടു പോകുന്നത്

കനകക്കുന്നിൽ ഇന്നലെ നടന്ന സിനിമാചിത്രീകരണത്തിനിടയിൽനിന്ന്. മന്ത്രിമാരും സ്റ്റേറ്റ് കാറുകളും പൊലീസും രാഷ്ട്രീയപ്രവർത്തകരും നിറഞ്ഞ രംഗങ്ങളുടെ ചിത്രീകരണത്തിനിടെ രാഷ്ട്രീയപ്രവർത്തകരായും പൊലീസുകാരായും വേഷമിട്ടവർ സെറ്റിൽ തങ്ങൾക്കായി ഒരുക്കിയ ഭക്ഷണത്തിനായി വരിനിൽക്കുന്നു.