കേരളത്തിൽ 16950 ഷോ പൂർത്തിയാക്കി മമ്മൂട്ടിയുടെ ‘അബ്രഹാം’

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികൾ ചരിത്ര വിജയത്തിലേയ്ക്ക് കുതിക്കുന്നു. കേരളത്തിൽ മാത്രം 16950 ഷോ പൂർത്തിയാക്കിയതായി സിനിമയുടെ അണിയറപ്രവർത്തകര്‍ അറിയിച്ചു. ലോകമൊട്ടാകെ ചിത്രം 22,000 ഷോയും പൂർത്തീകരിച്ചു. 

സിനിമ എഴുപത്തിയഞ്ചാം ദിനത്തിലേയ്ക്ക് കടക്കുമ്പോഴും പല തിയറ്ററുകളിലും ചിത്രം ഇപ്പോഴും പ്രദർശിപ്പിക്കുന്നുണ്ട്. സമീപകാലത്ത് മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകാര്യതയാണ് അബ്രഹാമിന് ലഭിച്ചത്.

സിനിമയുടെ ആഗോള കലക്ഷനിൽ മോഹൻലാലിന്റെ നൂറുകോടി ചിത്രം പുലിമുരുകന്റെ തൊട്ടുപുറകിലാണ് അബ്രഹാമിന്റെ സന്തതികളെന്ന് നിർമാതാക്കൾ വ്യക്തമാക്കിയിരുന്നു. തുക എത്രയെന്ന് പുറത്തുവിട്ടിട്ടില്ല.

ഡെറിക് അബ്രഹം എന്ന പൊലീസ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്‍. നവാഗതനായ ഷാജി പാടൂര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായ ഹനീഫ് അദേനിയായിരുന്നു തിരക്കഥ.