സ്റ്റീഫൻ നടുമ്പള്ളിയായി ലൂസിഫറിൽ മോഹൻലാൽ

ലൂസിഫര്‍ സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് പുറത്ത്. സ്റ്റീഫൻ നടുമ്പള്ളി എന്ന രാഷ്ട്രീയപ്രവർത്തകനെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുക. കലാഭവൻ ഷാജോൺ മോഹൻലാലിന്റെ സഹായിയായി എത്തുന്നു. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. 

വണ്ടിപ്പെരിയാറിലെ ഷെഡ്യൂൾ പൂർത്തിയായ ശേഷമാണ് ലൂസിഫർ ടീം തിരുവനന്തപുരത്ത് എത്തിയത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിവേക് ഒബ്റോയ് ആണ് വില്ലൻ.

ടൊവിനോ തോമസ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഇന്ദ്രജിത്തും ചിത്രത്തില്‍ മുഴുനീള കഥാപാത്രം അവതരിപ്പിക്കും. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി കാസ്റ്റ് ചെയ്തിരിക്കുന്നത് വലിയ താരനിര തന്നെയാണ്. നായിക മഞ്ജു വാരിയർ. 

ബെംഗളുരു, മുംബൈ, എറണാകുളം, എന്നിവയാണു മറ്റു ലൊക്കേഷനുകൾ. സച്ചിൻ ഖഡേക്കർ, ഇന്ദ്രജിത്ത്, സായികുമാർ, സംവിധായകൻ ഫാസിൽ, സുനിൽ സുഗത, സാനിയ ഇയ്യപ്പൻ, താരാ കല്യാൺ, പ്രവീണ തോമസ്, മാലാ പാർവതി  എന്നിവരും  അണിനിരക്കുന്നു

മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത്  വാസുദേവ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന സിനിമയുടെ സംഗീതം ദീപക് ദേവ്.