ആ പെൺകുട്ടിയെ പരിചയമില്ല: പ്രതികരണവുമായി മുകേഷ്

ടെലിവിഷൻ സംവിധായികയുടെ ആരോപണത്തിൽ മറുപടിയുമായി നടന്‍ മുകേഷ്. പെൺകുട്ടിയെ പരിചയമല്ലെന്നും സംഭവത്തെക്കുറിച്ച് അറിയില്ലെന്നും മുകേഷ് പ്രതികരിച്ചു. ടെസ് ജോസഫ് എന്ന മാധ്യമപ്രവർത്തകയുടെ ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകർ ചോദിച്ച ചോദ്യത്തിനായിരുന്നു മുകേഷിന്റെ പ്രതികരണം. ഈ സംഭവം ഗൗരവമായി എടുക്കുന്നില്ലെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മുകേഷ് പറഞ്ഞു. താനൊരു എംഎൽഎ ആയ കൊണ്ടാകാം ഇത്തരത്തിലൊരു നീക്കമെന്നും ഇതിന് പിന്നിൽ ഗൂഡലക്ഷ്യമുണ്ടെന്നും മുകേഷ് വ്യക്തമാക്കി. വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.

ബോളിവുഡ് കാസ്റ്റിങ് ഡയറക്ടറും ടെലിവിഷൻ സംവിധായികയുമായി ടെസ് ജോസഫ് ആണ് മുകേഷിനെതിരെ രംഗത്തുവന്നത്. പത്തൊൻപത് വർഷം മുമ്പ് നടന്ന സംഭവമാണ് ടെസ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. മീ ടു ഇന്ത്യ, ടൈസ് അപ്, മീ ടു എന്നീ ഹാഷ് ടാഗുകൾ ചേർത്ത് , ഇതാണ് തനിക്ക് പറയാനുള്ളതെന്ന് എഴുതിയായിരുന്നു ടെസിന്റെ വെളിപ്പെടുത്തൽ. കോടീശ്വരൻ എന്ന പരിപാടിയുടെ അണിയറപ്രവർത്തകയായിരുന്നുടെസ്. തന്നെ ഹോട്ടൽ റൂമിലെ ഫോണിൽ വിളിച്ച് മുകേഷ് നിരന്തരം ശല്യപ്പെടുത്തുമായിരുന്നെന്നും തന്റെ റൂം മാറ്റിയിരുന്നതായും ടെസ് ആരോപിക്കുന്നു.