145 ദിവസത്തെ ചിത്രീകരണം, ഒന്നര വര്‍ഷത്തെ അധ്വാനം; ഒടിയന്‍ വരുന്നു

ഒന്നര വര്‍ഷം നീണ്ടുനിന്ന 'ഒടിയന്‍' ചിത്രീകരണത്തിന് പൂര്‍ത്തീകരണമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ഡിസംബര്‍ 14ന് തീയറ്ററുകളില്‍ എത്തേണ്ട ചിത്രത്തിന് ഇനി അവശേഷിക്കുന്നത് അവസാനഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ മാത്രമാണെന്നും അദ്ദേഹം അറിയിച്ചു. അവസാനദിന ചിത്രീകരണത്തിന്‍റെ ചിത്രങ്ങളോടൊപ്പം ട്വിറ്ററിലൂടെയാണ് ഈ വാര്‍ത്ത പങ്കുവച്ചത്. 

‘വാരണാസിയിലെ ഒരു രാത്രിയിലാണ് ഒടിയന്‍റെ ചിത്രീകരണം ആരംഭിച്ചത്. ഒന്നര വര്‍ഷത്തിന് ശേഷം മറ്റൊരു രാത്രിയില്‍ അത് അവസാനിച്ചിരിക്കുന്നു. മോഹന്‍ലാലിന്‍റെ സാന്നിധ്യത്താല്‍ അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു. വ്യക്തിപരമായും ഒരു പ്രൊഫഷണല്‍ എന്ന നിലയിലും എന്‍റെ ജീവിതത്തെ അത്രയും സ്വാധീനിച്ചു അദ്ദേഹം.’–ശ്രീകുമാർ മേനോൻ പറഞ്ഞു. കഴിഞ്ഞ ഒന്നര വര്‍ഷമായി ഒടിയന്‍ എന്ന ആശയത്തിന് പിന്നിലായിരുന്നുവെന്നും 145 ദിവസത്തെ ചിത്രീകരണം വേണ്ടിവന്നുവെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു. 

കൂടാതെ മഞ്ജു വാരിയർ, ഇന്നസെന്റ്, സിദ്ദിഖ്, നന്ദു, കൈലാഷ്, ശ്രീജയ, സന അൽത്താഫ്, സന്തോഷ് കീഴാറ്റൂർ, അനീഷ് മേനോൻ, ഹരിത്ത് എന്നീ താരങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.

ദേശീയ അവാർഡ് ജേതാവും, മാധ്യമപ്രവർത്തകനുമായ ഹരി കൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത്. വി എഫ് എക്‌സിനും ആക്​ഷനും പ്രാധാന്യമുള്ള ഫാന്റസി ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. സിനിമയുടെ ടീസറും ട്രെയിലറും സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ്.

പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ൻ ആക്​ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്ന മലയാളചിത്രം കൂടിയാണിത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി െപരുമ്പാവൂർ ആണ് നിർമാണം.