മഞ്ജു വാരിയർ ആർക്കൊപ്പം; റിമയുടെ മറുപടി

അവളോടൊപ്പം എന്ന നിലപാടിൽ മഞ്ജു വാരിയർ ഇപ്പോഴുമുണ്ടെന്നും എന്നാൽ ചിലകാര്യങ്ങളിൽ ഭാഗമാകാൻ അവർക്ക് താൽപര്യമില്ലെന്നും റിമ പറയുന്നു. ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റിമ ഇക്കാര്യം വ്യക്തമാക്കിയത്.

റിമയുടെ വാക്കുകൾ–

‘ഈയിടെ മഞ്ജു വാരിയർ ഒരു ഇന്റർവ്യു കൊടുത്തിട്ടുണ്ട്. ഹാഷ്ടാഗുകളൊക്കെ ഉണ്ടാകുന്നതിനു മുമ്പ് സർവൈവറായ സുഹൃത്തിനെ അറിയാമെന്നു പറഞ്ഞുകൊണ്ട് ഞങ്ങൾക്കും വേണമെങ്കിൽ അങ്ങനെ ചിന്തിക്കാമായിരുന്നു.’

‘അതായത്, അവളോടൊപ്പം തന്നെയാണ്, വ്യക്തിപരമായി ഞാൻ നിന്നോളാം എന്ന നിലപാട് എടുക്കാമായിരുന്നു. അത്രയെളുപ്പമാണ് ആ നിലപാട്. ഈ കേസ് ജയിക്കണം എന്നുള്ളത് ഇവിടത്തെ ഓരോ മനുഷ്യനും ആവശ്യമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സ്ത്രീകളുടെ മാത്രം ആവശ്യമല്ല. ഇനി ഇങ്ങനെയൊരു ആക്രമണവും ഉണ്ടാകരുത് എന്നാണ് നമ്മൾ ആഗ്രഹിക്കുന്നത്. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോയ എല്ലാവർക്കും വേണ്ടിയാണ് നമ്മൾ സംസാരിക്കുന്നത്. അതുകൊണ്ടാണ് ഇതൊരു ഹാഷ്ടാഗ് ആകുന്നത്. ഒരു സോഷ്യൽമൂവ്മെന്റ് ആകുന്നത്. അതുകൊണ്ടാണ് എനിക്ക് വ്യക്തിപരമായി ഫോണിൽ വിളിച്ച് ഞാൻ നിന്റെ ഒപ്പമുണ്ടെന്ന് പറഞ്ഞാൽ മാത്രം പോരെന്ന് തോന്നുന്നത്. ഇതൊരു സാമൂഹിക പ്രശ്നമാണ്.’

നിലപാട് ഒന്നേയുള്ളൂ, അത് അവൾക്കറിയാം: മഞ്ജു വാരിയർ

അവളോടൊപ്പം എന്ന നിലപാടിൽ മഞ്ജു വാരിയർ ഇപ്പോഴുമുണ്ടെന്നും റിമ പറയുന്നു. ‘പക്ഷേ സംഘടന ഒരുപാട് കാര്യങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. സിനിമാമേഖലയിലെ സ്ത്രീവിരുദ്ധതയാണ് ചോദ്യം ചെയ്യുന്നത്. അപ്പോൾ വലിയൊരു പവർ സ്ട്രക്ചറിനെയാണ് എതിർക്കേണ്ടി വരുന്നത്. പലർക്കുമെതിരെ നിൽക്കേണ്ടി വരും. അപ്പോൾ അതിന്റെ ഭാഗമാകാൻ അവർക്ക് താൽപര്യമില്ലായിരിക്കും.’–റിമ വ്യക്തമാക്കി.