ഒറ്റ മലയാള അക്ഷരത്തിൽ ഒരു സിനിമ; കൗതുകം നിറച്ച് നീരജ് മാധവിന്റെ ‘ക’

ഒരൊറ്റ മലയാള അക്ഷരത്തിൽ ഒരു സിനിമാപ്പേര്. ‘ക’ എന്നാണു നീരജ്മാധവൻ നായകനായി, നവാഗതരുടെ കൂട്ടായ്മയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര്. ‘ക’യിൽ കൗതുകങ്ങളേറെയെന്നും പറയുന്നു അണിയറ പ്രവർത്തകർ. ദുൽഖർ സൽമാൻ തന്റെ പേജിലൂടെയാണ് ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അവതരിപ്പിച്ചത്. 

ഇംഗ്ലിഷ് അക്ഷര മാലയിലെ 24 അക്ഷരങ്ങളും പേരായ ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ട്. തമിഴിൽ ‘ഐ’, ഹിന്ദിയിൽ ‘പാ’ എന്നിവ ഒറ്റ അക്ഷരം മാത്രമുള്ള ചിത്രങ്ങളാണ്. മലയാളത്തിൽ ‘വൈ’ എന്ന ചിത്രം ഇറങ്ങിയിട്ടുണ്ടെങ്കിലും ഒറ്റ മലയാള അക്ഷരം പേരായ ചിത്രങ്ങൾ ഇതുവരെയുണ്ടായിട്ടില്ല. ഓൾഡ് മങ്ക്സ് ഡിസൈൻ ചെയ്ത പോസ്റ്ററില്‍ ‘ക’ എന്ന അക്ഷരത്തിനൊപ്പം കുറേ വാക്കുകളും എഴുതിച്ചേർത്തിട്ടുണ്ട്. 

ആ വാക്കുകളെെല്ലാം ആരംഭിക്കുന്നതു ‘ക’ എന്ന അക്ഷരത്തിൽ നിന്നു തന്നെ. കൂട്ടുകാർ, കുസൃതി, കണ്ണ്, കാഴ്ച, കല്ല്, കോളനി, കറുപ്പ്, കഥ, കമ്മട്ടിപ്പാടം തുടങ്ങി തിരുവനന്തപുരം നഗരത്തിലെ കോളനിയായ കരിമഠം ഉൾപ്പെടെ രേഖപ്പെടുത്തിയിട്ടുണ്ട്. 

പിക്സീറോ പ്രൊഡക്‌ഷൻസിന്റെ നിർമാണത്തിൽ നവാഗതനായ രജീഷ്‌ലാൽ വംശയാണു ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം: ആർ.ആർ. വിഷ്ണു, കഥ: രാജീവ് രാജൻ, സംഭാഷണം; വിഷ്ണു വംശ, എഡിറ്റർ: ഷമീർ മുഹമ്മദ്, സംഗീതം: ജെയ്ക്സ് ബിജോയ്, കലാ സംവിധാനം: രാജേഷ് പി. വേലായുധൻ, കോസ്റ്റ്യൂംസ്: സമീറ സനീഷ്, പ്രോജക്ട് ജിസൈൻ: വിനോദ്, രാഹുൽ ആനന്ദ്, മേയ്ക്കപ്: റോണക്സ് സേവ്യർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ സിങ്, പ്രൊഡക്‌ഷൻ കൺട്രോളർ: ബിനു മുരളി, സ്റ്റണ്ട്: സുപ്രീം സുന്ദർ. തിരുവനന്തപുരത്താണു ചിത്രീകരണം.