നമ്പി നാരായണനായി മാധവൻ; ‘റോക്കെട്രി–ദ് നമ്പി എഫക്ട്’ അണിയറയിൽ

നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. റോക്കെട്രി–ദ് നമ്പി എഫക്ട് എന്നാണ് സിനിമയുടെ പേര്. സിനിമയില്‍ നമ്പി നാരായണനായി വേഷമിടുന്ന മാധവൻ തന്നെയാണ് വിവരങ്ങൾ ട്വീറ്റ് ചെയ്തത്. സിനിമയുടെ ടീസർ ഈ മാസം 31ന് റിലീസ് ചെയ്യും.

മാധവന് ആശംസകളുമായി ഉറ്റസുഹൃത്ത് സൂര്യയും എത്തി. ഈ സ്വപ്നപദ്ധതിയുടെ ഭാഗമാകാൻ സാധിക്കുകയാണെങ്കിൽ സന്തോഷമാകുമെന്നായിരുന്നു സൂര്യയുടെ ട്വീറ്റ്. വിക്രം വേദയ്ക്ക് ശേഷം മാധവൻ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്.

മാധവന്‍ പറയുന്നു-‘ഈ ലോകത്ത് എത്രയോ വ്യക്തികളുടെ കഥകളുണ്ട്. അതില്‍ ചിലതെല്ലാം നിങ്ങള്‍ കേട്ടിരിക്കാം. ചിലത് നിങ്ങള്‍ അറിഞ്ഞിട്ട് പോലുമുണ്ടാകില്ല. എന്നാല്‍ ചില കഥകള്‍ കേള്‍ക്കാതെ ഇരിക്കുകയെന്നാല്‍ നിങ്ങളുടെ രാജ്യത്തേക്കുറിച്ച് വളരെ കുറച്ചേ നിങ്ങള്‍ക്ക് അറിയുകയുള്ളൂ എന്നാണ് അര്‍ഥം. നമ്പി നാരായണന്റെ കഥ അത്തരത്തില്‍ ഒന്നാണ്. അദ്ദേഹത്തിന്റെ കഥ നിങ്ങള്‍ കേട്ടാല്‍, ആ നേട്ടങ്ങളെക്കുറിച്ച് അറിഞ്ഞാല്‍, നിശബ്ദനാവാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്ന് ഞാന്‍ പറയുന്നു. റോക്കട്രി: ദ് നമ്പി ഇഫക്ട്. ഇതേക്കുറിച്ച് അറിയാത്തവര്‍ അറിയട്ടെ. അറിയുമെന്ന് കരുതുന്നവര്‍ക്ക് ഇതൊരു തിരിച്ചറിവായിരിക്കും. ഒക്ടോബര്‍ 31ന് ടീസര്‍ എത്തും. രാവിലെ 11.33ന്.

കേരളത്തെ പിടിച്ചുകുലുക്കിയ ഐ.എസ്.ആര്‍.ഒ ചാരക്കേസിനെ അടിസ്ഥാനമാക്കി നമ്പി നാരായണന്‍ രചിച്ച റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്റ് ഐ സര്‍വൈവ്ഡ് ദ് ഐ.എസ്.ആര്‍.ഒ സ്‌പൈ കേസ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ. ആനന്ദ് മഹാദേവനാണ് ചിത്രമൊരുക്കുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

സിനിമയെക്കുറിച്ച് നമ്പി നാരായണന്റെ വാക്കുകൾ– മാധവന്‍ എന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹത്തിന് ഈ സംഭവങ്ങളെക്കുറിച്ചെല്ലാം നല്ല അറിവുണ്ട്. അദ്ദേഹം സിനിമയ്ക്കായി എനിക്കൊപ്പവും മലയാളം പതിപ്പിന്റെ സഹ എഴുത്തുകാരായ അരുണ്‍, പ്രജേഷ് സെന്‍ എന്നിവര്‍ക്കൊപ്പം ഒരുപാട് സമയം ചിലവിട്ടു. മാധവന്‍ എന്റെ കഥ കേട്ടു. ആ സമയത്ത് ഞാന്‍ അനുഭവിച്ച പീഡനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ മാധവന്‍ വ്യാകുലപ്പെട്ടു. അദ്ദേഹം എന്റെ കഥാപാത്രത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ടു കഴിഞ്ഞുവെന്ന് അവസാനം എനിക്ക് മനസ്സിലായി. ഞാന്‍ സ്‌ക്രീനിലെ നമ്പി നാരായണന് വേണ്ടി കാത്തിരിക്കുകയാണ്.

ചാരക്കേസുമായി ബന്ധപ്പെട്ട് താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളാണ് നമ്പി നാരായണന്‍ പുസ്തകത്തില്‍ പറയുന്നത്. ഐ.എസ്.ആര്‍.ഒ വികസിപ്പിച്ചുകൊണ്ടിരുന്ന ക്രയോജനിക് എഞ്ചിന്‍ സാങ്കേതികവിദ്യയെ ചുറ്റിപ്പറ്റിയായിരുന്നു മറിയം റഷീദയും ഫൗസിയ ഹസ്സനും ഉൾപ്പെട്ട, കെ. കരുണാകരന്റെ മുഖ്യമന്ത്രിക്കസേര വരെ തെറിപ്പിച്ച ചാരക്കേസ്. 1994 ല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തു. പിന്നീട് നിരപരാധിയാണന്നു മനസ്സിലാക്കി 1998-ല്‍ സുപ്രീം കോടതി നമ്പി നാരായണനെ കുറ്റവിമുക്തനാക്കി.

സഹനത്തിന്റെ കാൽനൂറ്റാണ്ട്; സമാനതകളില്ലാത്ത പോരാട്ടം– (ജി. വിനോദ് എഴുതിയ റിപ്പോർട്ട് താഴെ കൊടുക്കുന്നു)

അപ്രതീക്ഷിത അറസ്റ്റ്. പൊലീസ് കസ്റ്റഡിയിൽ മൂന്നാം മുറകൾ. 50 ദിവസം ക്രിമിനലുകൾക്കൊപ്പം തടവറയിൽ. പ്രശസ്തിയുടെ ഭ്രമണപഥത്തിൽ നിന്നു കൂപ്പു കുത്തിയതു ചാരക്കേസ് പ്രതിയെന്ന തീരാകളങ്കത്തിലേക്ക്. ക്ഷതമേറ്റ ആത്മാഭിമാനവുമായി പിന്നീട് 24 വർഷം സമാനതകളില്ലാത്ത നിയമപോരാട്ടം. ഇപ്പോഴിതാ സുപ്രീം കോടതിയുടെ ചരിത്രവിധിയോടെ നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞൻ ചാരത്തിൽ നിന്നുയർന്ന ഫീനിക്സ് പക്ഷിയെപ്പോലെ അഭിമാനത്തോടെ വീണ്ടും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ.

1994 നവംബർ 30നാണ് ഈഞ്ചയ്ക്കലിലെ വീട്ടിൽ ഉച്ചവിശ്രമത്തിലായിരുന്ന നമ്പി നാരായണനെ ലോക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. അവിടെ തുടങ്ങിയതാണു നിയമയുദ്ധത്തിന്റെ നീണ്ട രണ്ടര പതിറ്റാണ്ട്. ക്രയോജനിക് സാങ്കേതിക വിദ്യയിൽ രാജ്യത്തെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരിലൊളായ നമ്പി നാരായണനെ ലോക്കൽപൊലീസും അനുബന്ധ നിയമസംവിധാനവും ചേർന്ന് തോൽപ്പിച്ച നാളുകൾ. മാലെ വനിതകളായ മറിയം റഷീദ, ഫൗസിയ ഹസൻ, ഐഎസ്ആർഒ ശാസ്ത്രജ്ഞൻ എസ്.ശശികുമാർ എന്നിവർക്കൊപ്പമാണു നമ്പി നാരായണനും അറസ്റ്റിലായത്. 

ക്രയോജനിക് സാങ്കേതികവിദ്യയുടെ ഗവേഷണ ഫലങ്ങൾ ചോർത്തിയെന്നായിരുന്നു ആരോപണം. ആദ്യം കേരള െപാലീസും പിന്നീടു ദേശീയ അന്വേഷണ ഏജൻസികളും അന്വേഷിച്ചു. ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് 1996 മേയിൽ സിബിഐ റിപ്പോർട്ട് നൽകി. സുപ്രീം കോടതി ഇതു ശരിവച്ചു. എന്നാൽ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും അദ്ദേഹത്തിനുണ്ടായ നഷ്ടം നികത്താനാകാത്തതായിരുന്നു. തന്നെ രാജ്യദ്രോഹിയെന്നു മുദ്രകുത്താൻ ശ്രമിച്ചവരെ വിടാൻ നമ്പി നാരായണൻ ഒരിക്കലും തയാറല്ലായിരുന്നു.

തന്റെ ജീവിതം, കരിയർ, സമ്പാദ്യം, അന്തസ്, ആത്മാഭിമാനം എല്ലാം ഈ കേസ് നഷ്‌ടപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം നിയമയുദ്ധത്തിനു തുടക്കമിട്ടത്. തന്നെ അറസ്‌റ്റ് ചെയ്‌തത് ഐഎസ്‌ആർഒയുടെ മനോവീര്യം കെടുത്താനാണെന്നും അദ്ദേഹം കോടതിയിൽ ആരോപിച്ചു. ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ നിന്ന് ഒരു കോടി രൂപയുടെ നഷ്ടപരിഹാര ഉത്തരവു നേടി. ഹൈക്കോടതി ഇതു 10 ലക്ഷമാക്കി ചുരുക്കി. തന്നെ കുടുക്കിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം പക്ഷേ, ഹൈക്കോടതിയും മാറി വന്ന സർക്കാരുകളും തള്ളി. ഇതോടെയാണു സുപ്രീം കോടതിയെ സമീപിച്ചത്.

കള്ളക്കേസിൽ കുടുക്കിയവർക്കെതിരെ അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടായിരുന്നു ഹർജി. ‌ഇപ്പോൾ അരക്കോടി രൂപ നഷ്ടപരിഹാരവും ചാരക്കേസ് അന്വേഷിച്ച കേരള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിനുമാണ് സുപ്രീം കോടതി വിധിച്ചത്. ഇതോടെ പോരാട്ടം അവസാനിപ്പിക്കുകയാണു നമ്പി നാരായണൻ.

ശിഷ്ടകാലം സമാധാനത്തോടെ ജീവിക്കണമെന്നാണ് ഈ എഴുപത്തിയെട്ടുകാരൻ ഇന്നലെ പ്രതികരിച്ചത്. കള്ളക്കേസിൽ കുടുക്കിയവർക്കു ശിക്ഷ ഉറപ്പെന്ന വിശ്വാസമായിരുന്നു ആ വാക്കുകളിൽ. അനീതിക്കെതിരായ പോരാട്ടങ്ങൾക്ക് ആവേശം പകരുന്ന മറ്റൊരു നിയമ പോരാട്ടമായി ഇതു ചരിത്രത്തിൽ സ്ഥാനം പിടിക്കും. ഒപ്പംകേരള പൊലീസിന്റെ കുറ്റാന്വേഷണ പട്ടികയിൽ നാണക്കേടിന്റെ മറ്റൊരു ഏടു കൂടിയും.