ആ സിനിമ ചെയ്തതിൽ ഞാൻ ഖേദിക്കുന്നു: വിനയൻ

ഇതുവരെ ചെയ്ത സിനിമകളിൽ ഏറ്റവുമധികം ഖേദിക്കുന്നത് കാട്ടുചെമ്പകം എന്ന സിനിമ സംവിധാനം ചെയ്തതാണെന്ന് വിനയൻ. കഥ കയ്യിൽ നിന്നു പോയിരുന്നെന്നും സിനിമകൾ ഹിറ്റായി വന്നപ്പോഴുണ്ടായ ആത്മവിശ്വാസത്തിൽ ചെയ്തുപോയ സിനിമയാണ് കാട്ടുചെമ്പകമെന്നും വിനയൻ വെളിപ്പെടുത്തി. റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. 

2002ല്‍ വിനയൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് കാട്ടുചെമ്പകം. അനൂപ് മേനോന്റെ ആദ്യ സിനിമ കൂടിയായിരുന്നു ഇത്. ജയസൂര്യ, ചാർമി, കാർത്തിക, മനോജ് കെ. ജയൻ ,കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ് തുടങ്ങിയ വൻതാരനിര അഭിനയിച്ചിരുന്നു.

അഭിമുഖത്തിൽ നിന്നുള്ള മറ്റ് പ്രസ്ക്തഭാഗങ്ങള്‍ താഴെ–

സിബിഐ മൊഴി

ലോകത്ത് ആദ്യമായിരിക്കും ഒരു സിനിമയുടെ ക്ലൈമാക്സ് കണ്ട് ഒരു സംവിധായകനെ സിബിഐ വിളിക്കുന്നത്. ചാലക്കുടിക്കാരൻ ചങ്ങാതി കണ്ടപ്പോൾ അവർക്കൊരു തോന്നൽ ആ വഴിയിൽ കൂടിയും അന്വേഷണം നടത്തിനോക്കണമെന്ന്.

എന്റേതായ ഭാവനയിൽ നിന്നും ഞാൻ ഉണ്ടാക്കിയ ക്ലൈമാക്സ് ആണ് അത്. ആ ക്ലൈമാക്സിന് തൊട്ടുമുമ്പ് വരെ ഈ സിനിമ നൂറുശതമാനവും മണിയുടെ ജീവിതം തന്നെയാണ്. അതിന് ശേഷമുള്ള കാര്യങ്ങൾ എനിക്ക് അറിയില്ല. മണി മരിക്കുന്നതിന് ഏഴുമാസം മുമ്പാണ് അദ്ദേഹത്തെ ഫോണിലൂടെ ബന്ധപ്പെടുന്നത്. മാത്രമല്ല ഞാൻ ഈ പാഡിയിൽ ഇതുവരെ പോയിട്ടില്ല. പാഡിയോട് എനിക്ക് എതിർപ്പുണ്ടായിരുന്നു. മണിയോട് അത് പറഞ്ഞിട്ടുമുണ്ട്. ചില സുഹൃദ്ബന്ധങ്ങളും കള്ളുകുടിയുമൊക്കെ കുറക്കണമെന്ന് ഞാൻ പറയാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ടെങ്കിലും പാഡിയിൽ ഞാൻ പോയിട്ടില്ല.

പാഡിയോട് എതിർപ്പായിരുന്നു

ഈ മരണം എന്താണെന്ന് നമുക്ക് അറിയില്ല, മണിയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. കാരണം ഇത്രയും നാളുകൾക്ക് ശേഷവും പൊലീസ് ആ ഫയൽ തീർപ്പാക്കിയിട്ടില്ല. മരണമാണെങ്കിൽ മരണമാണെന്ന് എഴുതണം. അല്ലെങ്കിൽ സ്വാഭാവിക മരണമെന്ന് എഴുതണം. പൊലീസ് വന്നു ക്രൈംബ്രാഞ്ച് വന്നു ഇപ്പോൾ സിബിഐ വന്നിട്ടും ആ ഫയൽ മുന്നോട്ട് പോകുന്നില്ല. അതിന്റെ പരാതി എനിക്കുണ്ട്.

കല്യാണസൗഗന്ധികം എന്ന സിനിമയിലാണ് മണിയെന്ന നടനെ ഞാൻ ആദ്യം കാണുന്നത്. ദിലീപ് സോളോ നായകനാകുന്ന രണ്ടാമത്തെ സിനിമ കൂടിയായിരുന്നു.

സിനിമയിൽ നേരിട്ട ബുദ്ധിമുട്ടുകൾ

തിലകൻ ചേട്ടൻ പറഞ്ഞ ഒറ്റവാക്കിന്റെ പേരിലാണ് അദ്ദേഹത്തെ സിനിമയിൽ നിന്നും ഒതുക്കിയത്. അമ്മ സംഘടന മാഫിയ ആണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മാഫിയ എന്ന വാക്ക് ഉപയോഗിച്ചത് തെറ്റാണ്. എന്നാൽ അതിന് വേണ്ടി അദ്ദേഹത്തെ വ്യക്തിപരമായി ദ്രോഹിക്കാൻ പാടില്ലായിരുന്നു. തിലകൻ ചേട്ടനെ വിലക്കി, അദ്ദേഹത്തിനൊപ്പം ആരെങ്കിലും പ്രവർത്തിക്കാൻ ചെന്നാൽ അവരെയും വിലക്കുന്നു. അതാണ് ഉണ്ടായത്. തിലകൻ ചേട്ടൻ വിഷയത്തിൽ ഇപ്പോഴും എന്നോട് ദേഷ്യംവച്ച് പുലർത്തുന്നവരുണ്ട്.

എന്റെ സിനിമകൾക്ക് സാറ്റലൈറ്റ് റൈറ്റ് നൽകാതിരിക്കുക. ‘അളിയാ അവനെ വിടണ്ട, അവനങ്ങനെ രക്ഷപ്പെടെണ്ട’ എന്ന് എന്നെക്കുറിച്ച് വിളിച്ച് പറയുന്നവരുണ്ട്. അങ്ങനെ പറയുന്നവരെ ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു. 

ചാലക്കുടിക്കാൻ ചങ്ങാതി എന്ന സിനിമയിൽ ചില സംഘടനകളെ വിമർശിക്കുന്നുണ്ട്. അതിന് ചില കാരണങ്ങൾ ഉണ്ടായിരുന്നു. ഇവരെന്നെ ഏറ്റവും കൂടുതൽ ദ്രോഹിച്ച സമയത്ത് ഞാൻ എടുത്ത സിനിമയാണ് യക്ഷിയും ഞാനും. സിനിമയുടെ ഷൂട്ടിങിനിടക്ക് ചിലപ്പോള്‍ പ്രൊപലർ അടിച്ചുകൊണ്ട് പോകും. അടുത്ത ദിവസം വരുമ്പോൾ പ്രൊപലുകാരനെയും മറ്റും യൂണിയൻകാർ എടുത്തുകൊണ്ട് പോകും.

ഫൈറ്റ്മാസ്റ്റർ മാഫിയ ശശിയെ അടുത്ത ദിവസം വിളിക്കുമ്പോൾ അദ്ദേഹത്തെയും കാണുന്നില്ല. ആരൊക്കെയോ വന്നുവിളിച്ച് അദ്ദേഹത്തെയും കൊണ്ടുപോകുന്നു. അങ്ങനെ നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

മോഹൻലാലും സൂപ്പർസ്റ്റാർ സിനിമയും

സൂപ്പർസ്റ്റാർ എന്ന സിനിമ ചെയ്തതാണ് മോഹൻലാലുമായി തെറ്റാൻ കാരണമായത്. അത് അദ്ദേഹത്തിന്റെ കുഴപ്പമല്ല, അദ്ദേഹത്തിന് ചുറ്റുമുള്ളവരുടെയും ചില ഫാൻസുകാരുടെയും പ്രശ്നങ്ങൾ കൊണ്ടാണ്. മോഹൻലാലിനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ് അങ്ങനെയൊരു സിനിമയെടുക്കാൻ തീരുമാനിക്കുന്നത്. 

മോഹൻലാലിന്റെ ഹിസ്ഹൈനസ് അബ്ദുള്ളക്കൊപ്പമാണ് സൂപ്പർസ്റ്റാർ വരുന്നത്. അത്രയും മികച്ചൊരു സിനിമയെ എതിർക്കാൻ വേണ്ടിയാണോ ഞാൻ ആ സിനിമ ഉണ്ടാക്കിയത്. എന്തൊരു വിഡ്ഢികളാണ് അവർ. മോഹൻലാൽ അല്ല അത് പ്രചരിപ്പിച്ചത്. അദ്ദേഹത്തിന് ചുറ്റും നടക്കുന്ന ചില കക്ഷികളുണ്ട്. അദ്ദേഹത്തെ സോപ്പിട്ട് നടന്ന് ചാൻസ് മേടിക്കുന്ന ചിലർ. വിനയൻ ആ സിനിമ കൊണ്ടുവന്നത് നിങ്ങളെ തകർക്കാനാണെന്ന് അവർ മോഹൻലാലിനോട് പറഞ്ഞിട്ടുണ്ട്.

എന്നാൽ പിന്നീട് മോഹൻലാലിനെ നേരിട്ട് കാണുകയും ആ പിണക്കം മാറുകയും ചെയ്തു. പൊള്ളാച്ചിയിൽ ഞാനൊരു തമിഴ് ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്ത് മോഹൻലാലിനെ നേരിട്ട് കാണുകയും ഒരു ചിത്രം ഒരുമിച്ച് ചെയ്യണമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. സംവിധായകരെ ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യുന്ന താരമാണ് മോഹൻലാൽ.

എന്നാൽ ആ സമയത്താണ് ഫിലിം ചേംബറിന്റെ പ്രശ്നമുണ്ടാകുന്നത്. നടന്മാരും നടിമാരും സിനിമകളില്‍ കരാർ ഒപ്പുവയ്ക്കണം. എന്നാൽ അമ്മ അതിനെ എതിർത്തു. പക്ഷേ ഞാൻ ചേംബറിനൊപ്പമായിരുന്നു. അങ്ങനെ വീണ്ടും പ്രശ്നമായി. പിന്നെ ദിലീപിന്റെ പ്രശ്നം വന്നപ്പോൾ ഇവർക്കെതിരെ പലകാര്യങ്ങൾ സംസാരിച്ചു. ഇതോടെ അവർ തീരുമാനിച്ചു, ‘ഇനി വിനയൻ വേണ്ട’.