മോഹൻലാലിന്റെ മീശ പിരിക്കലിന് ഉത്തരം പറയേണ്ട ബാധ്യത എനിക്കില്ല: രഞ്ജിത്ത്

മോഹൻലാൽ സിനിമയിൽ മീശ പിരിച്ചാൽ ചിത്രം നൂറു ദിവസം ഓടുമെന്ന് വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇതേ മാനറിസം പിന്നീട് വിമർശനങ്ങൾക്കു വിധേയമായി. മോഹൻലാലിനെ മീശ പിരിപ്പിച്ചതിന് ഏറ്റവും അധികം പഴി കേട്ടത് തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്തിനായിരുന്നു. ഇത്തരം വിമർശനങ്ങൾക്ക് ഉത്തരം പറയേണ്ട ബാധ്യത തനിക്കില്ലെന്നാണ് രഞ്ജിത്തിന്റെ മറുപടി. സാമൂഹ്യമാധ്യമങ്ങളിലെ ചലച്ചിത്രപ്രേമികളുടെ കൂട്ടായ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രഞ്ജിത്തിന്റെ പ്രതികരണം. മോഹൻലാൽ സൂപ്പർതാരമായി ആഘോഷിക്കപ്പെട്ട രാജാവിന്റെ മകൻ എന്ന ചിത്രം മുതൽ രഞ്ജിത്തിന്റെ ആക്​ഷൻ സിനിമകളിൽ വരെയുള്ള മീശ പിരിക്കലുകൾക്ക് പിന്നിൽ സംഭവിച്ചത് എന്താണ്? രഞ്ജിത്ത് പറയുന്നു.  

രാജാവിന്റെ മകനും ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റും

ചരിത്രം എടുത്തു നോക്കിയാൽ ഏതാണ്ട് ഒരു വർഷം തന്നെയാണ് തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകനും സത്യൻ അന്തിക്കാടിന്റെ ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റും പുറത്തിറങ്ങുന്നത്. ഈ രണ്ടിലും മോഹൻലാൽ മീശ പിരിച്ചിരുന്നു. അറിവില്ലായ്മ കൊണ്ട് ഇത് കാണാതെ പോകുന്നതിനാൽ സംഭവിക്കുന്ന കുഴപ്പമാണ് വിമർശകർക്ക് സംഭവിക്കുന്നത്. രാജാവിന്റെ മകനിലെ വിൻസന്റ് ഗോമസ് എന്ന കഥാപാത്രം ഡെന്നീസ് ജോസഫ് എഴുതി, തമ്പിച്ചായൻ അതിന്റെ സംവിധായകനായി വന്നപ്പോൾ അവർക്ക് ആ കഥാപാത്രത്തിന്റെ വേഷവിധാനത്തിന്റെ ഭാഗമായി അയാളുടെ മീശയുടെ അറ്റം ഒന്നു പിരിച്ചു വച്ചാൽ ഒരു ഭംഗിയുണ്ടാകും മോഹൻലാലിനെ കാണാൻ എന്നു തോന്നി.

ആ മീശ പിരി ആളുകൾ മറന്നു 

അതിനു മുൻപ് മലയാള സിനിമയുടെ ചരിത്രം പരിശോധിച്ചാൽ, മുതലാളിയുടെ ഗുണ്ടയായി വരുന്ന, പറവൂർ ഭരതൻ ചേട്ടനൊക്കെ ചെയ്ത കഥാപാത്രങ്ങൾക്കായിരുന്നു ഈ മീശ പിരിയ്ക്കൽ. ഒരു കാലത്ത് ഹാസ്യ കഥാപാത്രങ്ങൾക്കായിരുന്നു ഇത്. രാജാവിന്റെ മകൻ എന്ന സിനിമയിലെ ലാലിന്റെ കോസ്റ്റ്യൂം മൊത്തത്തിൽ അതിനോടു ചേർന്നു നിൽക്കുകയാണ്. നല്ല ഭംഗിയുണ്ടായിരുന്നു അദ്ദേഹത്തെ കാണാൻ. അവിടെ മീശ വന്ന കാര്യം ആളുകൾ വിട്ടു കളഞ്ഞു. 

ഖൂർഖയുടെ കൊമ്പൻ മീശ

എത്ര ഖൂർഖകൾ കേരളത്തിൽ മീശ പിരിച്ച് ഡ്യൂട്ടിക്ക് നിൽക്കുന്നുണ്ട്? സത്യേട്ടനും ശ്രീനിയേട്ടും അതിനെ വേറെ രീതിയിൽ പരിഹസിക്കുകയാണ് ചെയ്യുന്നത്. രാജാവിന്റെ മകൻ ചെയ്യുമ്പോൾ തമ്പി കണ്ണന്താനവും ഡെന്നീസ് ജോസഫും മോഹൻലാലിന്റെ കഥാപാത്രത്തിന് അതായിരിക്കും നല്ലതെന്ന് തീരുമാനിക്കുകയായിരുന്നു. മുപ്പത് വയസിലുള്ള മോഹൻലാലിൽ നിന്നും ഒരു ഡോൺ ആയ കഥാപാത്രം വരുമ്പോൾ അവർക്കു തോന്നി ഈയൊരു ലുക്ക്... കുറച്ച് നെഗറ്റീവ് ഷേഡുകൾ ഉള്ള നായകൻ എന്നു പറയുമ്പോൾ മീശ വേണം. 

തിരക്കഥയിൽ ഇല്ലാത്ത മീശ പിരിക്കൽ

ദേവാസുരം എന്ന സിനിമ ചെയ്യുമ്പോൾ ഇത്തരം പ്ലാനിങ്ങോ പദ്ധതിയോ ഒന്നുമില്ല. അതിന്റെ തിരക്കഥയിൽ ഞാനങ്ങനെ കൃത്യമായി എഴുതി വച്ചിരുന്നില്ല. ശശിയേട്ടനും ഞാനും കൂടി 'ഇയാൾ മീശ പിരിച്ചാൽ നമ്മൾ രക്ഷപ്പെടും' എന്നും വിചാരിച്ചിട്ടില്ല. അതിന്റെ ആ വേഷമൊക്കെ അണിഞ്ഞു വന്നപ്പോൾ ലാൽ തന്നെയാണെന്നു തോന്നുന്നു മീശ പിരിച്ചു വച്ചത്. അത് നന്നായിരിക്കുന്നുവെന്ന് പറഞ്ഞെന്നേയുള്ളൂ. ഞങ്ങൾ വളരെ നിസാരമായി കണ്ടിട്ടുള്ള ഒരു കാര്യത്തിനെ, 'മോഹൻലാലിനെ മീശ പിരിപ്പിച്ചു' എന്നൊക്കെ പിന്നീട് മാറ്റുകയായിരുന്നു. മോഹൻലാലിനെ പിന്നീടും മീശ പിരിപ്പിച്ചിട്ടുണ്ട്. നരസിംഹം എന്ന സിനിമ! 

ആഘോഷിക്കപ്പെട്ട പേരുദോഷം

ആറാം തമ്പുരാൻ ചെയ്യുമ്പോൾ ഷാജി എന്നോടു പറഞ്ഞു 'നമ്മൾ മീശ പിരിക്കുന്നു. കാരണം അതിനോടകം ഒരു പേരുദോഷം രഞ്ജിക്കുണ്ടല്ലോ' എന്ന്. ഞാനത് സമ്മതിച്ചു. ഇതൊന്നുമല്ല കാര്യങ്ങൾ. ആ സിനിമയുടെ ഉള്ളടക്കത്തിലോ, മെയ്ക്കിങ്ങിലോ ഉണ്ടായിട്ടുള്ള ഷാജിയുടെയും ശശിയേട്ടന്റെയുമൊക്കെ ബ്രില്ല്യൻസ് കൊണ്ട് പ്രേക്ഷകർ അതേറ്റെടുത്തു. തിരക്കഥ അതിനു സഹായിച്ചു. പിന്നെ, ലാൽ എന്നു പറയുന്ന ഒരു നടൻ!

കച്ചവടത്തിന്റെ രസതന്ത്രം

ഇത് സിനിമയുടെ കാര്യം മാത്രമൊന്നുമല്ല. എന്തിലായാലും, എന്താണോ വിപണിയിൽ വിറ്റു പോകുന്നത് അതിന്റെ ആവർത്തനം സൃഷ്ടിക്കാനാണ് എല്ലാ കച്ചവട മേഖലയിലും ആളുകൾ ശ്രമിക്കുക. മോഹൻലാലിന്റെ ഒരു സിനിമ, അതിലെ പാട്ട്, സംഘട്ടനരംഗങ്ങൾ, സാധാരണ മനുഷ്യൻ സംസാരിക്കുന്നതിന് അപ്പുറത്തുള്ള റിയലിസ്റ്റിക് അല്ലാത്ത തരത്തിലുള്ള സംഭാഷണങ്ങൾ പറയുന്ന നായകൻ എന്നിവയൊക്കെ സിനിമയുടെ ചേരുവകളായി. ഒരു സിനിമ ഡിസൈൻ ചെയ്യുമ്പോൾ അതിൽ പ്രവർത്തിക്കുന്ന ആളുകൾ മാത്രമല്ല അതിനുവേണ്ടി പണമിറക്കുന്നവർ, അതിന്റെ വിതരണക്കാർ വരെ പറയുന്നത്, 'എല്ലാ ചേരുവകളും വേണം കേട്ടോ' എന്നാണ്. അവർ കണ്ടിട്ടുള്ളത് അത്തരം ചേരുവകൾ കുത്തിനിറച്ച ഒരു ഫുൾ മീൽ ആളുകൾ സന്തോഷത്തോടെ കണ്ടു എന്നതാണ്. 

നിർമാതാക്കൾ തയ്യാറാവുമോ?

നന്ദനം എന്ന സിനിമ രാവണപ്രഭുവിന് ശേഷം പ്ലാൻ ചെയ്യുമ്പോൾ എന്നോട് മലയാളത്തിലെ ഒരു മുതിർന്ന സംവിധായകൻ പറഞ്ഞത്, ബിരിയാണി വിറ്റുകൊണ്ടിരിക്കുന്ന ഹോട്ടലിൽ കഞ്ഞിയും പയറും പപ്പടവും കൊടുത്താൽ ആള് കേറില്ലെന്നാണ്. ഞാൻ പറഞ്ഞു, ഈ ബിരിയാണിക്കട കുറെ കാലം നടത്തിയാൽ ബോറടിക്കില്ലേ എന്ന്. അതായിരുന്നു എന്റെ രക്ഷപ്പെടൽ. മറ്റെന്തെങ്കിലും എഴുതിക്കൂടെയെന്ന് സ്വയം ചോദിക്കുന്നതാണ്. അപ്പോൾ നഷ്ടപ്പെടുന്നത് അത്തരം സിനിമകൾ ചെയ്യാൻ മുന്നോട്ടു വന്ന പ്രൊഡക്​ഷൻ ഹൗസുകളെയാണ്. അവർ പതുക്കെ പിന്മാറും. രഞ്ജിത്ത് ഒറ്റപ്പാലം ഷൊർണൂർ ഭാഗത്തുള്ള പഴയ ഇല്ലവും മനയും മോഹൻലാലും ഒക്കെയാണെങ്കിൽ റെഡി. അല്ലാത്തൊരു പരീക്ഷണത്തിന് അവർ തയാറായെന്ന് വരില്ല. അതിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അത് കച്ചവടത്തിന്റെ നിയമമാണ്. വിറ്റുപോകുന്നതിന്റെ ആവർത്തനമാണ് മറ്റുള്ളവർ നിർമിക്കുന്നത്. 

ചാനലുകളിലും ആവർത്തിക്കുന്നത് ഇതേ നിയമം

ചാനലുകളിലും ഇത് കാണാം. പേരുകളേ മാറുന്നുള്ളൂ. സ്വഭാവം ഒരുപോലെയുള്ള പരിപാടികളാണ് കാണുന്നത്. വാണിജ്യവിജയമുള്ള സിനിമകളാണ് ചാനലുകളിലും വരുന്നത്. അതാണ് പ്രേക്ഷകരെ പിടിച്ചിരുത്തുക എന്ന വിശ്വാസമാണ് ഇതിനു പിന്നിൽ.  

അങ്ങനെയൊരു മോശം കാലം മലയാള സിനിമയിൽ ഉണ്ടായിരുന്നു

ആളുകളെ വിലക്കുക, പുറത്തു നിറുത്തുക തുടങ്ങിയ കാര്യങ്ങൾ നടന്നിരുന്നു. അത് ഒരു അസോസിയേഷൻ മാത്രമൊന്നുമല്ല. അമ്മയുമായി ബന്ധപ്പെട്ടാണ് തിലകൻ ചേട്ടന്റെ പരാതി വരുന്നത്. തിലകൻ ചേട്ടനെ കാസ്റ്റ് ചെയ്യുന്ന സമയത്ത് ഞാൻ ഇന്നസെന്റ് ചേട്ടനോട് പറഞ്ഞു. ഉണ്ണികൃഷ്ണനോടും പറഞ്ഞു. രണ്ടു സംഘടനകൾക്കും പ്രശ്നമില്ലെന്നു പറഞ്ഞു. 

പ്രശ്നം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞാൻ കാസ്റ്റ് ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു. അങ്ങനെയൊരു കാലം ഉണ്ടായിരുന്നു. നിർമാതാക്കൾക്കും ഇതേ പ്രശ്നമുണ്ടായിരുന്നു. പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ വിലക്കുകൾ ഉണ്ടായിരുന്ന കാലം. മോശം പ്രവണതയുണ്ടായിരുന്ന കാലത്തെ ഒരു കഥയാണ് തിലകൻ ചേട്ടന്റേത്. മറ്റു പലരും സമാനമായ രീതിയിലുള്ള വിലക്കുകളൊക്കെ സഹിക്കേണ്ടി വന്നിട്ടുണ്ട്. ആ കാലമൊക്കെ മാറി. ഇപ്പോൾ സംഘടനകളുടെ തലപ്പത്തു നിൽക്കുന്നവർക്ക് കുറെക്കൂടി യാഥാർത്ഥ്യ ബോധം വന്നിട്ടുണ്ട്.