ഫോൺ എടുത്തില്ല, നഷ്ടപ്പെട്ടത് സൂപ്പർഹിറ്റുകൾ: ആസിഫ് അലി

ഫോൺ എടുക്കാതിരിക്കുന്നത് കൊണ്ട് ഒരുപാട് മികച്ച അവസരങ്ങൾ നഷ്ടമായിട്ടുണ്ടെന്ന് ആസിഫ് അലി വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘ഹിറ്റ് ആയി മാറിയ പല സിനിമകളിലും നിങ്ങളെ കാസ്റ്റ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. വിളിച്ചു, മെസേജ് അയച്ചു, ഒരു മറുപടിയും കിട്ടാതായപ്പോൾ വേറെ ആളെ ആലോചിച്ചു’ എന്നു കേൾക്കേണ്ടി വന്നിട്ടുണ്ട്. നിരാശ കൂടി പലവട്ടം ഞാൻ ഫോൺ എടുക്കാൻ ശീലിച്ചു തുടങ്ങി. രണ്ടു മൂന്നു ദിവസം കഴിയുമ്പോൾ വീണ്ടും പഴയ പടിയാകും.- ആസിഫ് പറയുന്നു

വിമർശനങ്ങളും ട്രോളുകളും ഇഷ്ടം പോലെ. എന്നിട്ടും ആസിഫ് അലിയോടുള്ള സ്നേഹം തരിപോലും കുറയുന്നില്ല പ്രേക്ഷകർക്ക്. ലേബലുകൾ ധാരാളമുണ്ട് ആസിഫ് അലിക്ക്. വിളിച്ചാൽ ഫോണെടുക്കാത്ത വില്ലൻ, പൊട്ടുന്ന സിനിമകൾ തന്നെ തേടിപ്പിടിച്ച് അഭിനയിക്കുന്ന നായകൻ, അഭിനയിക്കുമ്പോൾ പിൻഡ്രോപ് സൈലൻസിനായി വഴക്കിടുന്ന നിർബന്ധ ബുദ്ധി. ഇതൊക്കെയാണെങ്കിലും ആസിഫിന്റെ പ്രണയം ഒളിച്ചിരിക്കുന്ന കണ്ണുകൾക്കും കുസൃതിച്ചിരിക്കും വലം കയ്യിൽ വാച്ച് കെട്ടുന്ന സ്റ്റൈലിനും വരെ ആരാധകരുണ്ട്.

വിവാദമായ മൂകാംബിക സന്ദർശനത്തെക്കുറിച്ചും താരം മനസ്സുതുറന്നു.  ''മൂകാംബിക സന്ദർശനം ഒരു യാത്രയുടെ ഭാഗമായി സംഭവിച്ചതാണ്. കൂടെയുള്ളവർ ചെയ്തതുപോലെ കുറിതൊട്ട് ഫോട്ടോ എടുത്തു. എന്നാൽ ആസിഫ് അലി ഇഷ്ടദേവിയെ തൊഴാൻ മൂകാംബികയിലെത്തി എന്നാണ് വാർത്ത വന്നത്. എന്തിനാണങ്ങനെ എഴുതിയത് എന്നറിയില്ലെന്ന് ആസിഫ് പറയുന്നു. 

''ഞങ്ങൾ വളരെ റിലീജിയസ് ആണ്. വിശ്വാസം ഉള്ളിലല്ലേ? അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടതില്ല എന്നാണ് ആസിഫ് പറയാറ്. ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും അല്ലാഹു അറിയുന്നുണ്ട്. അങ്ങനെ വിചാരിക്കാനാണ് ഇഷ്ടം'', ആസിഫിന്റെ ഭാര്യ സാമ പറയുന്നു. 

ലാൽ സാറിന്റെ മകളുടെ വിവാഹത്തിന് അവരുടെ തീമിനൊപ്പം ചട്ടയും മുണ്ടും ധരിച്ചു. മറ്റുള്ളവരുടെ സന്തോഷത്തോടൊപ്പം ചേരുക എന്നതല്ലാതെ വിശ്വാസവുമായി ഇതിന് യാതൊരു ബന്ധവുമില്ല. അനാവശ്യവിവാദങ്ങൾ കേൾക്കുമ്പോൾ ഒരു കാര്യത്തിലാണ് സന്തോഷം. നമ്മളെ ഇത്രയധികം ആളുകൾ ശ്രദ്ധിക്കുന്നുണ്ടല്ലോ എന്നോർത്ത്'', ആസിഫ് പറഞ്ഞു.

അഭിമുഖം പൂർണ്ണമായും പുതിയ ലക്കം വനിതയിൽ വായിക്കാം