‘ഹിന്ദി താരങ്ങളും ദിലീപ് വിഷയം മോഹൻലാലിനോട് ചോദിച്ചു’

കുറ്റാരോപിതനായ ദിലീപ് തത്കാലം സംഘടനയില്‍ നിന്ന് മാറി നില്‍ക്കണമെന്നും പിന്നീട് നിരപരാധിത്വം തെളിയിച്ചു തിരിച്ചു വന്നാല്‍ സ്വീകരിക്കാമെന്നുള്ള നിലപാടിലാണ് മോഹന്‍ലാല്‍ രാജി ആവശ്യപ്പെട്ടതെന്ന് ജഗദീഷ്. ബോളിവുഡിലെ പല നടന്മാരും ഇക്കാര്യം മോഹൻലാലിനോട് സൂചിപ്പിച്ചിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്ത അദ്ദേഹത്തെ അലയിട്ടിരുന്നതായും ജഗദീഷ് പറഞ്ഞു.

‘ഈയിടെ മോഹന്‍ലാല്‍ മുംബൈയില്‍ പോയിരുന്നു. ഹിന്ദി സൂപ്പര്‍ താരങ്ങളൊക്കെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ്. എന്തുകൊണ്ടാണ് നിങ്ങള്‍ ഇതിനെയൊക്കെ പിന്തുണയ്ക്കുന്നതെന്ന് അവര്‍ അദ്ദേഹത്തോട് ചോദിച്ചു. തമിഴ് പത്രത്തില്‍ വാര്‍ത്തയും വന്നു അദ്ദേഹം കുറ്റാരോപിതനൊപ്പമെന്ന് . ഇതെല്ലാം അദ്ദേഹത്തില്‍ വലിയ മാനസികവിഷമമാണ് ഉണ്ടാക്കിയത്.’

‘എന്റെ അടുത്തുതന്നെ ലാല്‍ ചോദിച്ചിട്ടുണ്ട്. ‘ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാ’, എന്ന്. അതു നമുക്ക് ക്ലിയര്‍ ചെയ്യാവുന്നതേയുള്ളു എന്ന് ഞാന്‍ ലാലിനോടും പറഞ്ഞു. അങ്ങനെ ലാല്‍ ഉറച്ച ഒരു നിലപാടെടുക്കുകയും ദിലീപിനോട് രാജി ആവശ്യപ്പെടുകയും ചെയ്തു’.–ജഗദീഷ് പറയുന്നു.

‘കഴിഞ്ഞ മൂന്നു വര്‍ഷമായി ഞാന്‍ സംഘടനയിലൊന്നും വലിയ ആക്ടീവ് ആയിരുന്നില്ല. ഒരു പ്രത്യേക സാഹചര്യത്തിലാണ് ട്രഷറര്‍ ആയി ചുമതലയേറ്റത്. ആ സമയത്ത് പ്രധാനപ്പെട്ട പ്രശ്നമായി വന്നത് ദിലീപ് വിഷയമാണ്. ഞാന്‍ ദിലീപിനെ കുറ്റവാളിയായിട്ടല്ല കണ്ടത്. അയാള്‍ കുറ്റാരോപിതനാണ്. നിരപരാധിയെന്നോ അപരാധിയെന്നോ വിളിക്കാന്‍ നമ്മൾ ആളല്ല എന്ന നിലപാടില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു.’–ജഗദീഷ് വ്യക്തമാക്കി.