‌ധർമജൻ ഇപ്പോൾ മുകേഷ് അംബാനിയെപ്പോലെ; സലിം കുമാറിന്റെ ചിരിപ്രസംഗം

നടൻ ധർമജൻ ബോൾഗാട്ടിയുടെ ‘ധർമൂസ് ഫിഷ് ഹബ്’ മത്സ്യവിൽപന ശൃംഖലയില ഏറ്റെടുത്ത് രമേഷ് പിഷാരടി. വെണ്ണലയിലാണ് ധർമൂസ് ഫിഷ് ഹബിന്റെ പുതിയ ഫ്രാഞ്ചൈസിക്ക് തുടക്കമായത്. രമേഷ് പിഷാരടിയും കലാഭവൻ പ്രസാദും ചേര്‍ന്നാണ് കട തുടങ്ങിയത്. സലിം കുമാർ ആയിരുന്നു ഉദ്ഘാടകൻ. ടിനി ടോം, കലാഭവൻ ഷാജോൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഉദ്ഘാടനത്തിനു ശേഷം സലിം കുമാര്‍ നടത്തിയ ചിരിപ്രസംഗം പ്രേക്ഷകർ ഏറ്റെടുത്തു.

സലിം കുമാറിന്റെ വാക്കുകൾ–പിഷാരടി എന്റെ ശിഷ്യനും പ്രസാദ് ഏട്ടൻ എന്റെ ആശാനുമാണ്. ഇതൊരു ചരിത്രനിമിഷമാണെന്നു ഞാൻ പറയും. കാരണം ബ്രാഹ്മണനായ മനുഷ്യന്‍ ലോകത്തിൽ ആദ്യമായി മീൻ കച്ചവടം തുടങ്ങിയിരിക്കുന്നു. വളരെ വിപ്ലവകരമായൊരു നിമിഷത്തിനാണ് നിങ്ങൾ സാക്ഷ്യം വഹിക്കുന്നത്. 

ധർമൂസ് എന്നാണ് കടയുടെ പേര്. മത്സ്യത്തിന്റെ കാര്യത്തിൽ ധർമജന്‍ ഇപ്പോൾ മുകേഷ് അംബാനിയെപ്പോലെയാണ്. അടുത്തത് ടിനി ടോം തുടങ്ങാൻ പോകുന്നു. നാദിർഷായും ദിലീപും കൂടി കളമശേരിയിൽ തുടങ്ങുന്നു. അങ്ങനെ സിനിമാക്കാര് മുഴുവൻ മീൻ കച്ചവടത്തിനു ഇറങ്ങുകയാണ്.

പിഷാരടി മീൻ കട തുടങ്ങുന്നുവെന്ന് കേട്ടപ്പോൾ എന്റെ ഭാര്യയും ഞെട്ടിപ്പോയി. പിഷാരടി എന്റെ വീട്ടിൽ വളർന്നൊരു മനുഷ്യനാണ്. അന്ന് എല്ലാവർക്കും മീൻ കറി വിളമ്പുമ്പോൾ പിഷാരടിക്ക് മാത്രം വെജിറ്റബിൾ. അങ്ങനെയുള്ള ആൾ എങ്ങനെ മീൻ കട തുടങ്ങുവെന്നായിരുന്നു അവളുടെ ചോദ്യം. അടുത്ത സംശയം കട ഉദ്ഘാടനം നാട മുറിച്ചാണോ എന്നും. അപ്പോൾ ഞാൻ പറഞ്ഞു, അവൻ സൈക്കിളിലിരിക്കും ഞാൻ കോട്ടണിഞ്ഞ് മീൻ മീൻ എന്നു വിളിച്ചുപറഞ്ഞാകും ഉദ്ഘാടനം എന്നു.

ഇതൊരു വലിയ ബിസിനസ്സുതന്നെയാണ്. ഇങ്ങനെ മുന്നോട്ടുപോയി കഴിഞ്ഞാല്‍ ഭാവിയിൽ മമ്മൂട്ടിയും മോഹൻലാലുമൊക്കെ സൈക്കിളിൽ ‘പെടക്കണ ചാളയുണ്ട്’ എന്നു പറയുന്ന കാലം വരുമെന്നാണ് തോന്നുന്നത്. ഇതിനു തുടക്കം കുറിച്ച ധർമജനും ധർമജന്റെ പാത തുടരുന്ന പിഷാരടിക്കും പ്രസാദ് ഏട്ടനും എല്ലാ ആശംസകളും.

ധർമജന്‍–കഴിഞ്ഞ ജൂലൈ അഞ്ചിനാണ് പതിനൊന്നു സുഹൃത്തുക്കൾ ഈ സംരംഭത്തിനു തുടക്കം കുറിക്കുന്നത്. ഇപ്പോള്‍ കൃത്യം നാലുമാസം പിന്നിടുമ്പോൾ നാലാമത്തെ ഷോപ്പിന്റെ ഉദ്ഘാടനമാണ്. അതിൽ വലിയ സന്തോഷം. നാലാമത്തെ ഷോപ്പ് പിഷാരടിയാണ് നടത്തുന്നതെന്ന് പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ആകാംക്ഷയായിരുന്നു. മീൻ കൂട്ടാത്ത ഒരാൾ എങ്ങനെ ഇതു തുടങ്ങും. മീൻ കഴിച്ചില്ലെങ്കിലെന്താ നല്ല മീൻ കൊടുക്കാൻ കഴിയുമല്ലോ..

ഇവിടെ നിന്നും നല്ല മീനുകൾ നിങ്ങൾക്ക് ലഭ്യമാകും. കേരളത്തിൽ മീന്‍ കടകള്‍ എടുത്തുനോക്കിയാൽ അറിയാം, പലതും വൃത്തിഹീനമാണ്. അവിടെ നിന്നാണ് ഇതിന്റെ ആശയംവരുന്നത്. ജ്വല്ലറി പോലൊരു മീൻ കടയായിരുന്നു ലക്ഷ്യം. സ്വർണത്തിന്റെ വില എന്തായാലും മീനിനു ഉണ്ടാകില്ല. നല്ലൊരു മത്സ്യസംസ്കാരം ഉണ്ടാക്കാനാണ് ഞങ്ങളുടെ പുറപ്പാട്.

പിഷാരടി–ധർമജൻ ബുദ്ധിമാൻ തന്നെയാണ്. ജൂൺ 15ന് ലണ്ടനിൽ ഞങ്ങളൊരു പരിപാടിക്ക് പോയപ്പോള്‍ ഇവൻ എന്നെ നിർബന്ധിച്ച് മീൻ തീറ്റിച്ചു. അവിടെ നിന്നാണ് ഇതുതുടങ്ങുന്നത്. അതിനുശേഷം വെള്ളപ്പൊക്കം വന്ന് ഡിസംബർ വരെയുള്ള പരിപാടികൾ കാൻസൽ ആയ സമയത്ത് ഞാൻ ഇവനെ വിളിച്ചു. പരിപാടികൾ റദ്ദാക്കിയെന്ന് അറിയുമ്പോൾ ഇവനൊരു ഞെട്ടലുമില്ല, കാരണം ഇവന് മീൻകടയിൽ നിന്നു കാശ് കിട്ടുന്നുണ്ട്. അങ്ങനെയാണ് മീന്‍കടയിലേയ്ക്ക് ഞാനും എത്തുന്നത്.

വിജയരാഘവൻ, നാദിർഷാ, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, രമേഷ് പിഷാരടി, ടിനി ടോം എന്നിവരാണു ഫ്രാഞ്ചൈസികൾ എടുക്കുന്നത്. മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. കൊച്ചിയിലെ മൽസ്യബന്ധന ഹബ്ബുകളായ മുളവുകാട്, വൈപ്പിൻ, വരാപ്പുഴ, ചെല്ലാനം എന്നിവിടങ്ങളിലെ മീൻപിടിത്തക്കാരിൽനിന്നു നേരിട്ടു മീൻ വാങ്ങി അയ്യപ്പൻകാവിലെ ധർമൂസ് ഫിഷ് ഹബ്ബിൽ വിൽപനയ്ക്ക് എത്തിക്കുന്ന രീതി സാമ്പത്തികവിജയം കണ്ടതോടെയാണു കൂടുതൽ താരങ്ങൾ പങ്കുചേരുന്നത്. പ്രതിദിനം ശരാശരി രണ്ടര ലക്ഷം രൂപയുടെ വിൽപനയുണ്ട്.

 

ഇടനിലക്കാരെ ഒഴിവാക്കുന്നതിനാൽ മീൻപിടിത്തക്കാർക്കു കൂടുതൽ മികച്ച നിരക്കു ലഭിക്കുന്നുണ്ടെന്നു ധർമജൻ പറയുന്നു. സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നതിനു മുൻപ് പരമ്പരാഗത മൽസ്യത്തൊഴിലാളികളുടെ കൂട്ടത്തിൽ മീൻപിടിക്കാൻ പോകുമായിരുന്ന ധർമജന് താഴേത്തട്ടിലെ രീതികൾ അറിയാമെന്നതും ഗുണകരമായി. മീൻപിടിത്തക്കാർക്ക് എപ്പോൾ പിടിക്കുന്ന മീനും ഉടൻ ധർമൂസ് ഹബ്ബി‍ൽ എത്തിക്കാമെന്നതാണു വിജയത്തിനു പിന്നിലെ ഘടകങ്ങളിലൊന്ന്.

 

അയ്യപ്പൻകാവിലെ കടയിൽ മീൻ വിഭവങ്ങൾ പാകംചെയ്തു കൊടുക്കാനും തുടങ്ങി. ഫോൺവഴി ആവശ്യപ്പെട്ടാൽ അര മണിക്കൂറിനകം നാടൻ രീതിയിൽ പാകപ്പെടുത്തി നൽകും. നിശ്ചിത സ്ഥലങ്ങളിൽ ഹോം ഡെലിവറിയുമുണ്ട്. ഫ്രാഞ്ചൈസികളിലും പാകംചെയ്ത മീൻ വിഭവങ്ങളുടെ വിൽപനയുണ്ടാകും. സിനിമാതാരങ്ങൾ അല്ലാത്തവർക്കും ഫ്രാഞ്ചൈസി നൽകുമെന്നു ധർമജൻ പറയുന്നു.

താരങ്ങളുടെ മീൻ ഫ്രാഞ്ചൈസികൾ

 

വിജയരാഘവൻ –കോട്ടയം

 

കു​ഞ്ചാക്കോ ബോബൻ –പാലാരിവട്ടം

 

രമേഷ് പിഷാരടി –വെണ്ണല

 

ടിനി ടോം –ആലുവ

 

നാദിർഷ, ദിലീപ് –കളമശേരി