സുപ്രിയ ചേച്ചി ഒരു റിപ്ലൈ തരുമോ; ഞാന്‍ തന്നാല്‍ മതിയോ എന്ന് പൃഥ്വി

ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി നിരന്തരം സംവദിക്കുന്ന താരജോഡികളാണ് പൃഥ്വിരാജും സുപ്രിയയും. ആദ്യസംവിധാനസംരംഭമായ ലൂസിഫറിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് ഇപ്പോൾ പൃഥ്വി. ഭാര്യ സുപ്രിയയും മകളും നിഴലായി ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനുകളില്‍ താരത്തിന്റെ കൂടെയുണ്ട്. ലൂസിഫർ സെറ്റിലെ ചില സുന്ദര നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ സുപ്രിയ ഷെയര്‍ ചെയ്യുന്നുണ്ടായിരുന്നു.

ഷൂട്ടിങ് ലൊക്കേഷനില്‍ പൃഥ്വിയുടെ മടിയിലിരിക്കുന്ന മകൾ അല്ലിയുടെ ചിത്രം കഴിഞ്ഞ ദിവസം സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘ദാദാ… എന്നെ കേള്‍ക്കൂ’ എന്ന് അല്ലി പറയുമ്പോള്‍ ‘ദാദ ആക്‌ഷന്‍ പറയുന്ന തിരക്കിലാണ്,’ എന്നീ ക്യാപ്ഷനുകളും ബിസി ദാദ, സ്മാര്‍ട്ട് അല്ലി എന്നീ ഹാഷ് ടാഗുകളും ചേർത്തായിരുന്നു സുപ്രിയയുടെ പോസ്റ്റ്.

പോസ്റ്റിന് താഴെ ‘ചേച്ചീ ടൈം കിട്ടുമ്പോള്‍ ഇടയ്ക്ക് റിപ്ലേ തരുമോ, പ്ലീസ്? എന്നൊരു ചോദ്യവുമായി പൃഥിരാജിന്റെ ഗേള്‍ ഫാന്‍സിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടായ പൃഥി ക്വീന്‍സ് കമന്റിട്ടു. മറുപടി കമന്റിട്ടതോ സാക്ഷാൽ പൃഥ്വിയും. ‘ഞാന്‍ തന്നാല്‍ മതിയോ’ എന്നായിരുന്നു പൃഥ്വിയുടെ മറുപടി.

പൃഥിയുടെ അപ്രതീക്ഷിതമായ മറുപടി കണ്ട സന്തോഷവതികളായ ആരാധികമാര്‍, ‘ഞങ്ങളുടെ അതിശയകരമായ നിമിഷങ്ങളിലൊന്ന്, താങ്ക്യൂ ഏട്ടാ’ എന്ന കമന്റോടെ പൃഥിക്കു നന്ദിയും പറഞ്ഞു.