ഞാന്‍ കഷണ്ടി മറച്ചുചെന്നു; രജനിസാര്‍ സ്ലിപ്പറിട്ട് നരച്ച മുടിയിലും: കലാഭവൻ ഷാജോൺ

രജനികാന്തും അക്ഷയ്കുമാറും ഒന്നിക്കുന്ന ശങ്കറിന്റെ ബ്രമാണ്ഡചിത്രം 2.0 നാളെ ഇറങ്ങുകയാണ്. ലോകം മുഴുവന്‍ നേരംപുലരാന്‍ കാത്തിരിക്കുന്നു. മലയാളത്തിൽ നിന്നും 2.0 ൽ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് കലാഭവന്‍ ഷാജോൺ. സിനിമയിലേക്കുള്ള വഴി ഷാജോൺ മനോരമ ന്യൂസ് പുലര്‍വേളയില്‍ പറയുന്നു. ആ അനുഭവങ്ങളും അമ്പരപ്പുകളും ഷാജോണ്‍ മറയില്ലാത വിശദീകരിക്കുന്നു.

കലാഭവൻ ഷാജോണിന്റെ വാക്കുകൾ–

ദൃശ്യത്തിലെ പൊലീസുകാരന്റെ വേഷമാണ് എനിക്ക് 2.0ലേക്കുള്ള വഴി തുറന്നത്. ജീത്തുസാറിനോട് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല. അദ്ദേഹം അന്ന് ആ ചങ്കൂറ്റം കാണിച്ചില്ലായിരുന്നെങ്കിൽ ഇന്ന് എനിക്ക് ഈ അവസരം ലഭിക്കില്ലായിരുന്നു.

ഞാൻ വീട്ടിലുള്ള ദിവസങ്ങളിൽ ഒരു ഉച്ചമയക്കം പതിവാണ്. ഒരു ദിവസം മയങ്ങി എഴുന്നേറ്റപ്പോൾ മലയാളത്തിൽ നിന്നുള്ള ഒരു ആർട്ട് ഡയറക്ടറുടെ മിസ്ഡ്കോൾ കണ്ടു. തിരികെ വിളിച്ചപ്പോൾ അദ്ദേഹം യന്തിരന്റെ ആളുകൾ വിളിച്ചില്ലേ? എന്നു ചോദിച്ചു. ഇതുകേട്ട് ഞാൻ എന്തര്? എന്ന് ചോദിച്ചുപോയി. കബളിപ്പിക്കാൻ പറയുകയാണെന്നാണ് കരുതിയത്. എന്റെ ചോദ്യം കേട്ട് അദ്ദേഹം പറഞ്ഞു. ചുമ്മാ പറയുകയല്ല ഷാജോണേ അവരിപ്പോൾ വിളിക്കുമെന്ന്.

വിളി പ്രതീക്ഷിച്ച് ഭാര്യയോടും പിള്ളേരോടും ഒന്നും പറയാതെ ടിവി കണ്ടിരുന്നു. പ്രതീക്ഷിച്ച പോലെ അവർ വിളിച്ചു. ഷൂട്ടിങ്ങ് ഡെയ്റ്റ് കേട്ടപ്പോൾ ഞാൻ തകർന്നു പോയി. അമേരിക്കയിൽ ഒരു ഷോയുടെ സമയത്തായിരുന്നു ഷൂട്ടിങ്ങ്. അമേരിക്കയിൽ ഷോയ്ക്ക് പോകണം, എനിക്ക് പറ്റുന്ന ഒരു സീനെങ്കിലും ഉണ്ടെങ്കിൽ ശങ്കർ സാറിനോട് പറയാമോ? എനിക്ക് അത്രയധികം താൽപര്യമുണ്ടെന്ന് അറിയിച്ചു. അറിയിക്കാം എന്ന് മറുപടി നൽകിയ ശേഷം പിന്നീട് വിളിയൊന്നും വന്നില്ല. റോൾ കൈവിട്ട് പോയി എന്ന് കരുതിയതാണ്. പക്ഷെ അവർ തിരികെ വിളിച്ചു. എനിക്ക് വേണ്ടി അക്ഷയ്കുമാർ സാറിന്റെ ഷെഡ്യൂൾ വരെ മാറ്റേണ്ടി വന്നു.

അമേരിക്കയിലെ ഷോ കഴിഞ്ഞ് ഞാൻ നേരെ പോയത് ചെന്നൈയിലേക്കാണ്. എത്തിയ ദിവസം ഷൂട്ടിങ്ങ് ഇല്ലായിരുന്നു. എന്നാലും അവിടെ മാനേജരോട് ശങ്കർ സാറിനെ കാണാൻ സാധിക്കുമോയെന്ന് ചോദിച്ചു. സെറ്റിൽ അദ്ദേഹം ഉണ്ടെന്ന് പറഞ്ഞു. അദ്ദേഹത്തെ കാണാനായി സെറ്റിലെത്തിയ ഞാൻ ശരിക്കും പകച്ചുപോയി. ഒരു വാട്ടർതീം പാർക്ക് തന്നെ സെറ്റ് ഇട്ടിരിക്കുന്നു. അവിടെ ഒരു കറുത്ത ടീ ഷർട്ടും ജീൻസുമിട്ട് ശങ്കർ സാർ. അദ്ദേഹത്തിന്റെ അടുത്ത് പരിഭ്രമത്തോടെയാണ് ചെന്നത്. എന്നെകണ്ടതും, സർ എന്ന് തിരിച്ച് അഭിസംബോധന ചെയ്തു.  സർ ഇന്ന് ഷൂട്ടിങ്ങ് ഇല്ല, അസൗകര്യം ഉണ്ടായതിൽ ക്ഷമിക്കണം എന്ന് ഇങ്ങോട്ട് പറഞ്ഞതുകേട്ട് തിരിച്ച് എന്തുപറയണമെന്ന് അറിയാതെ നിന്നുപോയി. തമിഴിൽ എല്ലാവരും പരസ്പരം സർ എന്നാണ് വിളിക്കുന്നത്. അദ്ദേഹത്തിന്റെ എളിമയും ലാളിത്യവുമൊക്കെ എനിക്ക് പുതിയ അനുഭവങ്ങളായിരുന്നു.

രജനി സാറിനൊപ്പം രംഗങ്ങളില്ല. അദ്ദേഹത്തെ കാണണമെന്നുള്ള ആഗ്രഹം ഞാൻ മാനേജരെ അറിയിച്ചിരുന്നു. ഒരു ദിവസം ഷൂട്ടിങ്ങ് കഴിഞ്ഞ് വിശ്രമിക്കുമ്പോഴാണ് അദ്ദേഹം വന്ന വിവരം പറയുന്നത്. വേഗം അവിടേക്ക് ചെന്നു. അപ്പോൾ ശങ്കർ സാറും രജനി സാറും മോണിറ്ററിൽ രംഗങ്ങൾ നോക്കി എന്തൊക്കെയോ സംസാരിക്കുകയായിരുന്നു. ഞാൻ അവിടെ പതുങ്ങി നിന്നു. എന്നെ കണ്ടപ്പോൾ ശങ്കർ സർ എഴുന്നേറ്റ് ഇതാണ് ഷാജോൺ എന്ന് രജനി സാറിന് പരിചയപ്പെടുത്തി. അദ്ദേഹം നമസ്കാരം പറഞ്ഞു, ദൃശ്യം കണ്ടിട്ടുണ്ട്. നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് തോളിൽ തട്ടി പറഞ്ഞു. ഞാൻ ഇങ്ങനെ കിളി പോയ അവസ്ഥയിലായിരുന്നു. എന്താണ് അദ്ദേഹം പറഞ്ഞതെന്ന് പോലും ഓർമ്മയില്ല. 

എന്റെ കൂടെ മേക്കപ്പ് മാൻ ഉണ്ടായിരുന്നു. തിരിച്ചിറങ്ങിയപ്പോൾ  എന്താണ് സാർ പറഞ്ഞതെന്ന് ചോദിച്ചപ്പോൾ ' ചുമ്മാതിരി ചേട്ടാ എന്റെ വിറയൽ മാറിയിട്ടില്ല..’ എന്നായിരുന്നു മറുപടി. രജനി സർ ഒരു വിസ്മയമാണ്. ഞാൻ കഷണ്ടി മറയ്ക്കാൻ ക്യാപ് ഒക്കെ വെച്ചിട്ടാണ് പോയത്. അദ്ദേഹം അവിടെ ഒരു സാധാരണ സ്ലിപ്പറുമിട്ട്, നരച്ച തലമുടിയുമായിട്ടാണ് ഇരുന്നത്.

അക്ഷയ്കുമാർ സാറിനെ കണ്ടതും വലിയ അനുഭവമായിരുന്നു. എനിക്ക് അദ്ദേഹത്തിനൊപ്പം സെൽഫി എടുക്കണമെന്ന ആഗ്രഹം അസോസിയേറ്റ് ഡയറക്ടറോട് പറഞ്ഞു. അക്ഷയ് സാർ അദ്ദേഹത്തിന്റെ രംഗങ്ങൾ അഭിനയിച്ച ശേഷം മേക്കപ്പ് എല്ലാം അഴിച്ച് എനിക്ക് വേണ്ടി കാത്തിരുന്നു. എന്നെ അദ്ദേഹത്തിന് അറിയുകപോലുമില്ല. ഇത്ര വലിയ സ്റ്റാറായിട്ടും അവരുടെയൊക്കെ എളിമയും വലിയ മനസും അറിയാനുള്ള അവസരം കൂടിയായിരുന്നു ഈ ചിത്രം.