നിവിനാണ് ‘മിഖായേലി’ന്റെ ആത്മാവ്: 84 ദിവസം, മിഖായേൽ പാക്കപ്പ്

ചരിത്ര വിജയമായ കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ പോളി നായകനാകുന്ന മിഖായേലിന്റെ ചിത്രീകരണം പൂർത്തിയായി. ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 

84 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്. നിവിൻ പോളിയാണ് ചിത്രത്തിന്റെ ആത്മാവെന്നും അദ്ദേഹമില്ലായിരുന്നെങ്കിൽ ഈ യാത്ര എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയില്ലായിരുന്നെന്നും ഹനീഫ് അദേനി കുറിച്ചു.

നിവിൻ പോളിയുടെ മാസ് അവതാരമാകും മിഖായേയിലൂടെ അവതരിപ്പിക്കുന്നത്. നേരത്തെ താരത്തിന്റെ ജന്മദിനത്തില്‍ മമ്മൂട്ടി റിലീസ് ചെയ്ത മിഖായേലിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആന്റോ ജോസഫ് ആണ് ചിത്രത്തിന്റെ നിർമാണം.

സിനിമയുടെ തിരക്കഥയും ഹനീഫ് തന്നെ. നേരത്തെ മമ്മൂട്ടി നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രം അബ്രഹാമിന്റെ സന്തതികളുടെ തിരക്കഥയും ഹനീഫ് തന്നെയായിരുന്നു. ഉണ്ണി മുകുന്ദനും മിഖായേലിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

ഗാര്‍ഡിയൻ എയ്ഞ്ചല്‍ എന്ന ടാഗ് ലൈനോടെയാണ് മിഖായേല്‍ അവതരിപ്പിക്കുന്നത്. നിവിൻ പോളിയുടെ മാസ് ആക്‌ഷൻ ത്രില്ലറായിരിക്കും ചിത്രമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

ചിത്രത്തില്‍ നിവിന് നായികയായെത്തുന്നത് മഞ്ജിമ മോഹനാണ്. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇതെന്ന് പ്രത്യേകത കൂടിയുണ്ട്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ നിവിന്‍ പോളി കുടുംബസ്ഥനായ ഒരാളായാണ് വേഷമിടുക.

ദേശീയ അവാര്‍ഡ് ജേതാവ് ജെ.ഡി ചക്രവര്‍ത്തി, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, കെപിഎസി ലളിത എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ക്രിസ്മസ് റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി.