റെക്കോർഡുകൾ പിഴുതെറിഞ്ഞ് ഒടിയൻ; ആദ്യ ദിന കലക്‌ഷൻ പുറത്ത്

മലയാളത്തിലെ ബോക്സ്ഓഫീസ് റെക്കോർഡുകൾ തകർത്തുവാരി ഒടിയൻ. റിലീസ് ചെയ്ത ആദ്യ ദിനം ഇന്ത്യയിൽ നിന്നും വാരിയത് 16.48 കോടി രൂപ. ഒടിയന്റെ ഔദ്യോഗിക പേജിലൂടെയാണ് കണക്കുവിവരങ്ങൾ പുറത്തുവിട്ടത്. കേരളത്തിൽ നിന്നും ഇന്ത്യയിലെ മറ്റു റിലീസ് കേന്ദ്രങ്ങളിൽ നിന്നുമുള്ള ബോക്സ്ഓഫീസ് കലക്‌ഷൻ റിപ്പോർട്ട് ആണ് ഇത്. കേരളത്തിലെ ആദ്യദിന കലക്‌ഷൻ ഉടൻ പുറത്തുവിടും.

ലോകമൊട്ടാകെ ഒടിയൻ ആദ്യദിനം നേടിയത് 32.14 കോടി. കണക്കുകൾ സത്യമാണെങ്കിൽ മലയാള സിനിമയെ സംബന്ധിച്ചടത്തോളം സ്വപ്നം കാണാൻ പോലും സാധിക്കാത്ത ബോക്സ്ഓഫീസ് റെക്കോർഡ് ആണ് ഒടിയൻ സ്വന്തമാക്കിയിരിക്കുന്നത്.

4.78 കോടിയാണ് ജിസിസി കലക്‌ഷൻ. ജിസിസി ഒഴികെയുളള മറ്റുവിദേശ രാജ്യങ്ങളിൽ നിന്നും 11.98 കോടി. 684 പ്രദര്‍ശനങ്ങളാണ് ആദ്യദിനം ജിസിസി രാജ്യങ്ങളില്‍ ഉണ്ടായിരുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നും റിലീസ് ചെയ്ത ദിവസം തന്നെ ഇത്രയും തുക കലക‌്‌ഷന്‍ നേടുന്ന ആദ്യ സൗത്ത് ഇന്ത്യന്‍ സിനിമ എന്ന റെക്കോര്‍ഡും ‘ഒടിയന്‍’ സ്വന്തമാക്കിയിട്ടുണ്ട്.

യു.എ.ഇയിലടക്കം 37 വിദേശ രാജ്യങ്ങളിൽ റിലീസ് ചെയ്ത ചിത്രം ലോകമാർക്കറ്റിനു തുറന്നുകൊടുക്കുകയായിരുന്നു. ഹർത്താൽ ദിനത്തില്‍ റിലീസ് ചെയ്ത ഒടിയന് വമ്പൻ സ്വീകരണമായിരുന്നു കേരളത്തിൽ ലഭിച്ചിത്. ലോകമൊട്ടാകെ 12,000 പ്രദർശനം. കേരളത്തിൽ മാത്രം 406 ഫാൻസ് ഷോകൾ. പുലർച്ചെ നാലരമണിക്ക് കവിത തിയറ്ററിൽ ആദ്യ ഷോ തുടങ്ങി. സംസ്ഥാനത്തുടനീളം ലേഡിസ് ഫാൻസ് ഷോയും സംഘടിപ്പിക്കുകയുണ്ടായി.

ഹര്‍ത്താല്‍ ആയതിനാല്‍ മള്‍ട്ടിപ്ലക്‌സുകളില്‍ മിക്കതിലും വൈകിട്ട് 6 മണി മുതലായിരുന്നു ഷോ തുടങ്ങിയത്. മറ്റു തിയറ്ററുകളിലെ പ്രദര്‍ശനം മുടക്കമില്ലാതെ നടന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം നിറഞ്ഞ സദസ്സുകളിലാണ് ഒടിയന്‍ ഓടിയത്. കുടുംബ പ്രേക്ഷകരും ആരാധകരും ഒരുപോലെയാണ് തിയറ്ററുകളിൽ ഒഴുകി.

വി.എ. ശ്രീകുമാർ മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന് ദേശീയ പുരസ്കാരജേതാവായ ഹരികൃഷ്ണനായിരുന്നു തിരക്കഥ എഴുതിയത്. മോഹൻലാൽ–മഞ്ജു വാരിയർ ജോഡികളുടെ അഭിനയപ്രകടനം തന്നെയാണ് ഒടിയന്റെ ആകർഷണം.

ആശിര്‍വാദ് സിനിമാസ് 45 കോടിയോളം മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന്റെ പ്രൊമോഷനായും വന്‍ തുകയാണ് ചെലവിട്ടത്. പ്രി–റിലീസ് ബിസിനസ്സില്‍ ചിത്രം നൂറുകോടി സ്വന്തമാക്കിയതായി ശ്രീകുമാർ മേനോൻ വെളിപ്പെടുത്തിയിരുന്നു.