അടയ്ക്കേണ്ട കണ്ണുമാറിപ്പോയോ; മോഹൻലാൽ മാത്രമല്ല മമ്മൂട്ടിയും

മോഹൻലാല്‍–പ്രിയദർശൻ ടീമിന്റെ നൂറുകോടി പ്രോജക്ട് കുഞ്ഞാലിമരക്കാര്‍ ഫസ്റ്റ്ലുക്ക് പുറത്ത്. കുഞ്ഞാലിമരക്കാരുടെ വേഷമണിഞ്ഞുള്ള െഗറ്റപ്പ് ആണ് മോഹൻലാൽ തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവച്ചത്. മരക്കാര്‍; അറബിക്കടലിന്റെ സിംഹത്തിന്റെ ചിത്രീകരണം ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

പടച്ചട്ടയില്‍ ദൂരദര്‍ശിനിയിലൂടെ നോക്കുന്നതായാണ് ചിത്രം. ആരാധകരുടെ ഇടയില്‍ നിന്നും മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്. ലുക്ക് ഗംഭീരമായെങ്കിലും അടക്കേണ്ട കണ്ണു മാറിപ്പോയില്ലേ എന്നാണ് ചിലരുടെ സംശയം. ഇതിനു മറുവാദയുമായും ആരാധകർ എത്തി. ‘അടച്ച കണ്ണ് കൊണ്ട് നോക്കിയാൽ കുറച്ചു കൂടെ വ്യക്തമായി കാണാൻ പറ്റുമെന്ന് എത്ര പേർക്കറിയാം’...

മോഹൻലാൽ എന്തിനാണ് വലതുകണ്ണ് അടച്ചുപിടിച്ചിരിക്കുന്നതെന്ന് ചോദ്യവുമായി ട്രോളൻമാരും സജീവമായതോടെ നിമിഷങ്ങൾ കൊണ്ട് മരക്കാർ ലുക്ക് വൈറലായി. ഇതിന് ബദലായി മമ്മൂട്ടിയുടെ മനു അങ്കിളിലെയും ബാഹുബലിയിലെയും സമാന ദൃശ്യങ്ങൾ ചേർത്ത് വച്ച് മോഹൻലാൽ ആരാധകരും രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയും ഉഷാറായി.

പ്രിയദർശന്റെ തന്നെ ‘ഒപ്പം’ സിനിമയുടെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തപ്പോൾ സമാനമായ വിമർശനം ഉണ്ടായിരുന്നു. അന്ധനായ മോഹൻലാല്‍ വാച്ച് കെട്ടിയതായിരുന്നു അന്നത്തെ വിമർശനം. പിന്നീട് സിനിമ റിലീസ് ചെയ്തപ്പോൾ ഏവരുടെയും സംശയം മാറി. അതുപോലെ എന്തെങ്കിലും കൗതുകം സംവിധായകൻ ഈ ചിത്രത്തിലും ഒളിപ്പിച്ച് വച്ചിട്ടുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഫിലിം സിറ്റി കൂടാതെ ഊട്ടി, രാമേശ്വരം എന്നിവയാണ് മറ്റു ലൊക്കേഷനുകള്‍. മധു, പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. സംവിധായകൻ ഫാസിലിനും ചിത്രത്തിൽ പ്രധാന റോൾ ഉണ്ടന്നാണ് സൂചന.

നൂറ് ദിവസത്തെ ഒറ്റഷെഡ്യൂളില്‍ ഹൈദരാബാദില്‍ തന്നെ ചിത്രം പൂര്‍ത്തിയാകും. സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും. ചരിത്രം രേഖപ്പെടുത്തുന്ന നാല് മരയ്ക്കാര്‍മാരില്‍ നാലാമന്‍റെ കഥയാണ്‌  ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രത്തിന്‍റെ പ്രമേയം. 

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരും കോണ്‍ഫിഡന്‍റ് ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളാണ് ചിത്രത്തിലെ കലാസംവിധായകന്‍. സാബു സിറില്‍ ഒരുക്കിയ കൂറ്റൻ കപ്പലുകളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൻ ശ്രദ്ധയാകർഷിച്ചിരുന്നു.