പാച്ചിക്കയുടെയും കൂട്ടുകാരുടെയും കൂട്ടായ്മയുടെ വിജയം; മണിച്ചിത്രത്താഴ്

‘മണിച്ചിത്രത്താഴ്’, നിസ്വാർത്ഥമായ കൂട്ടായ്മയുടെ വിജയം കൂടിയാണ്. പാച്ചിക്കയെന്നു സ്നേഹപൂർവ്വം ചലച്ചിത്രവൃത്തത്തിലുള്ളവർ വിളിക്കുന്ന ഫാസിലിനൊടൊപ്പം അതിനോടകം തങ്ങളുടെ പ്രതിഭ തെളിയിച്ച യുവ സംവിധായകരായ പ്രിയദർശൻ, സിദ്ധിഖ് -ലാൽ, സിബി മലയിൽ എന്നീ നാലു സംവിധായകർ നൽകിയിട്ടുള്ള സംഭാവനകളും കുറച്ച് കാണാൻ കഴിയില്ല. മുൻകൂട്ടി റിലീസ് തീയതി പ്രഖാപിച്ചതിനു ശേഷമായിരുന്നു മണിച്ചിത്രത്താഴിന്റെ ചിത്രീകരണം ആരംഭിച്ചത്. സമയ ബന്ധിതമായി ചിത്രീകരണം പൂർത്തിയാക്കുക എന്ന കടമ്പ അതുകൊണ്ടു തന്നെ അണിയറ പ്രവർത്തകർക്ക് മുന്നിലുണ്ടായിരുന്നു. മണിച്ചിത്രത്താഴ് വലിയ കാൻവാസിൽ ഒട്ടേറെ അഭിനേതാക്കളെ ഉൾകൊള്ളിച്ച് ചിത്രീകരിക്കേണ്ട വലിയൊരു പ്രൊജക്റ്റായിരുന്നു. 

ഒരു സീനെടുക്കുമ്പോൾ മറ്റനേകം ആർട്ടിസ്റ്റുകൾ ഫ്രീയായി നിൽക്കുകയാകും. അങ്ങനെയുണ്ടാകുന്ന സമയനഷ്ടം പരിഹരിക്കാൻ ഫാസിൽ അന്നത്തെ നാല് യുവ സംവിധായകരുടെ സഹായം തേടി. ദീർഘകാലം ഫാസിലിന്റെ സംവിധാന സഹായികളായിരുന്ന സിദ്ധിഖും ലാലും തിരക്കഥാ രചനയുടെ ഘട്ടത്തിൽ തന്നെ ഫാസിലിനൊപ്പം ഉണ്ട്. 

സ്വതന്ത്ര സംവിധായകരായി അതിനോടകം പേരെടുത്ത സിദ്ധിഖ് - ലാൽ കൂട്ടുകെട്ട് ഏറെ സന്തോഷത്തോടെയാണ് ഗുരുവിന്റെ സിനിമയുടെ ഭാഗമാകുന്നത്. ചിത്രത്തിലെ കോമഡി രംഗങ്ങളാണ് പ്രധാനമായും ഇരുവരും ഷൂട്ട് ചെയ്തത്. 

ഫാസിലിനൊപ്പം ദീർഘകാലം പ്രവർത്തിച്ചു പരിചയമുള്ളതു കൊണ്ട് അദ്ദേഹത്തിന്റെ അഭിരുചിക്കനുസരിച്ചിട്ടുള്ള ഫ്രെയിമുകളും ആംഗിളും സെറ്റ് ചെയ്താണ് സിദ്ദിഖും ലാലും സീനുകൾ പൂർത്തിയാക്കിയത്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലും മാമ്മാട്ടിക്കുട്ടിയമ്മയിലും ഫാസിലിന്റെ സംവിധാന സഹായിയായി  പ്രവർത്തിച്ച സിബി മലയിലും ഫാസിലിനെ ഗുരുതുല്യനായി കരുതുന്ന പ്രിയദർശനും സെക്കൻഡ് യൂണിറ്റിന്റെ ഭാഗമായി ശേഷിച്ച സീനുകളെടുത്ത് ഫാസിലിനെ സഹായിച്ചു. 

വേണുവായിരുന്നു സിനിമയുടെ മുഖ്യ ഛായാഗ്രാഹകൻ. ആനന്ദകുട്ടനും സണ്ണി ജോസഫും സെക്കൻഡ് യൂണിറ്റിന്റെ ക്യാമറയുടെ മേൽനോട്ടം വഹിച്ചു. എം.ജി. രാധകൃഷ്ണന്റെ പാട്ടുകളൊടൊപ്പം തന്നെ പ്രധാന്യമുണ്ട് മണിച്ചിത്രത്താഴിന്റെ പശ്ചാത്തല സംഗീതത്തിന്. നാഗവല്ലിയുടെ സാനിധ്യം സ്ക്രീനിൽ തീവ്രതയോടെ പകർത്താൻ ജോൺസന്റെ പശ്ചാത്തല സംഗീത വഹിച്ച പങ്ക് ചെറുതല്ല. പഴമയും നർമ്മവും ഉദ്ദ്യേഗവും ഭീതിയുമൊക്കെ നിറഞ്ഞ കഥാ സന്ദർഭങ്ങളെ അത്രമേൽ മികച്ചൊരു സിനിമാറ്റിക്ക് അനുഭവമാക്കി മാറ്റുന്നു ജോൺസന്റെ സംഗീതം. 

ബിച്ചു തിരുമലയും മധു മുട്ടവും എഴുതിയ മലയാള ഗാനങ്ങളിലെ ഓരോ വരികളും അതീവ ഹൃദ്യവും ലാളിത്യവും കവിത തുളുമ്പുന്നതുമാണ്. മികച്ചൊരു മ്യൂസിക്കൽ ഹിറ്റു കൂടിയാണ് മണിച്ചിത്രത്താഴ്. ഒരു മുറൈ വന്ത് പാരായോ എന്ന് തുടങ്ങുന്ന ക്ലാസിക്ക് ഹിറ്റ് ഗാനത്തിന്റെ വരികൾ എഴുതിയത് കവിഞ്ജർ വാലിയാണ്. 

ഇവർക്കൊപ്പം മോഹൻലാൽ, ശോഭന, സുരേഷ് ഗോപി, നെടുമുടി വേണു, തിലകൻ, വിനയ പ്രസാദ്, കുതിരവട്ടം പപ്പു, ഇന്നസെന്റ്, കെപിഎസി ലളിത, ഗണേശ് കുമാർ തുടങ്ങി ഓരോ അഭിനേതാക്കളും അവരുടെ ഏറ്റവും മികച്ച പ്രകടനം സിനിമക്കായി പുറത്തെടുത്തു. മണിച്ചിത്രത്താഴ് 25 വർഷങ്ങളും പിന്നീടുമ്പോഴും പ്രേക്ഷകരുടെ മനസ്സിൽ അതിലെ കഥയും കഥാപാത്രങ്ങളും നിലനിൽക്കുന്നുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് ടീം ലീഡർ ഫാസിലിനും അദ്ദേഹത്തിനൊപ്പം മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച ഓരോ കലാകാരൻമാർക്കും അവകാശപ്പെട്ടതാണ്.