കർണൻ ഒരുങ്ങുന്നത് 300 കോടി ബഡ്ജറ്റിൽ

പൃഥ്വിരാജിനെ നായകനാക്കി ആർ എസ് വിമൽ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കര്‍ണൻ ഉടൻ ആരംഭിച്ചേക്കും. തെന്നിന്ത്യയിൽ നിർമിച്ചിട്ടുള്ളതിൽവച്ച് ഏറ്റവും മുതൽമുടക്കുള്ള ചിത്രമാകും കർണനെന്നും റിപ്പോർട്ട് ഉണ്ട്. വിമൽ തന്നെയാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. 300 കോടി ചെലവിട്ടാവും കര്‍ണന്‍ പൂര്‍ത്തിയാക്കുകയെന്ന് വിമല്‍ പറയുന്നു‍.

എന്ന് നിന്റെ മൊയ്തീന്‍ പുറത്തെത്തിയതിന്റെ ഒന്നാം വാര്‍ഷികവേളയിലാണ് കര്‍ണന്റെ ബജറ്റിനെക്കുറിച്ചുള്ള വിമലിന്റെ വെളിപ്പെടുത്തല്‍. വിമലിന്റെ കുറിപ്പ് വായിക്കാം– ‘എന്ന് നിന്റെ മൊയ്തീന്‍ പുറത്തിറങ്ങിയിട്ട് നാളെ ഒരു വര്‍ഷം തികയുന്നു. ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും തടസങ്ങളുടെയും ഘോഷയാത്രക്കൊടുവില്‍ എവിടെയോ ഇരുന്ന് മഹാനായ മൊയ്തീന്‍ എന്നെ സഹായിച്ചു.

മഹാജനങ്ങള്‍ അത് മഹാവിജയമാക്കി. ഇനി കര്‍ണന്‍.. ഏത് ദുരിതങ്ങളുടെ ഘോഷയാത്രയിലും എവിടെയോ ഇരുന്ന് കര്‍ണന്‍ എന്നെ സഹായിക്കുമെന്ന് ഉറപ്പുണ്ട്. കേട്ടുകേള്‍വി പോലെയല്ല, ഏകദേശം 300 കോടിയോളം രൂപ ചെലവിട്ടാണ് കര്‍ണന്‍ പൂര്‍ത്തിയാവുക. പോരാടി നേടുന്നതിന് ഒരു സുഖമുണ്ട്. നിങ്ങളുടെ സ്‌നേഹം പ്രതീക്ഷിച്ചുകൊണ്ട് കര്‍ണന്റെ കളത്തില്‍ ദൈവം എന്ന അത്ഭുതത്തെ കൂട്ടുപിടിച്ച് പോരാട്ടവീര്യത്തോടെ.’ വിമൽ പറഞ്ഞു.

ഗംഗ, ഹരിദ്വാർ എന്നിവടങ്ങളിലായിരിക്കും സിനിമയുടെ ലൊക്കേഷൻ. ചിത്രത്തിന്റെ ലൊക്കേഷൻ തേടി വിമൽ ഈ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. പൃഥ്വിരാജ് അല്ലാതെ തമിഴിൽ നിന്നും പ്രശസ്തതാരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദുബായിയിലെ പ്രമുഖ വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിർമിക്കുന്നത്.