പുലിമുരുകൻ പരാജയപ്പെട്ടിരുന്നെങ്കിൽ ?

പുലിമുരുകൻ സിനിമയുടെ വിജയവും പരാജയവും പ്രതീക്ഷിച്ചിരുന്നതായി സംവിധായകൻ വൈശാഖ് പറയുന്നു. എല്ലാ ചിത്രങ്ങൾ ചെയ്യുമ്പോഴും ഈ ഒരു ടെൻഷൻ ഉണ്ടാകാറുണ്ടെന്നും പുലിമുരുകന്റെ കാര്യത്തിലും ഇത് മനസ്സിൽ കണ്ടുതന്നെയാണ് ചെയ്തതെന്നും വൈശാഖ് പറഞ്ഞു. മനോരമ ഓൺലൈനിന്റെ ഐ മി മൈസെൽഫ് എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വൈശാഖിന്റെ വാക്കുകളിലേക്ക്–

സിനിമയിൽ എപ്പോഴും രണ്ടുവശവും പ്രതീക്ഷിക്കും. വിജയവും പരാജയവും. ആദ്യ സിനിമയായ പോക്കിരിരാജ ചെയ്യാൻ പോകുമ്പോൾ നിർമാതാവ് ടോമിച്ചന്‍ മുളകുപാടത്തോട് ആദ്യമായി ഞാൻ പറഞ്ഞ വാക്കുകൾ ഉണ്ട്. മൂന്നുനാലു കോടി വരുന്ന പ്രോജക്ട് ആണ്. ഇത്രവലിയ പൈസമുടക്കിയെടുക്കുന്ന ചിത്രം പരാജയപ്പെട്ടാൽ എന്തെങ്കിലും സംഭവിക്കുമോ എന്നു ചോദിച്ചു. അദ്ദേഹം ഒന്നുചിരിക്കുക മാത്രമാണ് ചെയ്തത്.

ആദ്യ ചിത്രത്തിൽ മാത്രമല്ല എല്ലാ ചിത്രങ്ങൾ ചെയ്യുമ്പോഴും ഈ ടെൻഷൻ നിർമാതാക്കളുമായി പങ്കുവക്കാറുണ്ട്. പുലിമുരുകൻ എന്ന സിനിമയുടെ ബഡ്ജറ്റും നിർമാതാവ് അറിയാതെ വന്നുപോയതല്ല. വളരെ പ്ലാന്‍ ചെയ്ത് കൂട്ടായ തീരുമാനത്തോടെ എടുത്ത ചിത്രമാണ്. നിർമാതാവ് സ്വാഭാവികമായി എടുത്ത റിസ്ക് തന്നെയാണ് ഇത്. പോയേക്കാം കിട്ടിയേക്കാം എന്നു പറയുന്ന ഒരേ സാധ്യതയിൽ തന്നെയാണ് ഇതു സംഭവിച്ചത്.

ഒന്നെങ്കിൽ ഈ സിനിമ മലയാളം കണ്ട ഏറ്റവും വലിയ വിജയമായിരിക്കും അല്ലെങ്കിൽ ഏറ്റവും വലിയ ദുരന്തമായിരിക്കുമെന്ന് അടുത്ത സുഹൃത്തുക്കളോട് ഞാൻ പറയുമായിരുന്നു.

പുലിമുരുകന്റെ വിജയത്തിന്റെയും പരാജയത്തിന്റെയും ഇടയിൽ ഒരു നൂൽപാലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കംപ്യൂട്ടർ ഗ്രാഫിക്സ്. അതിന്റെ ഭയം എപ്പോഴും കൂടെ ഉണ്ടായിരുന്നു. അത് എനിക്ക് ചെയ്യാൻ സാധിക്കില്ല. മറ്റുള്ളവരെ കൊണ്ട് ചെയ്യിപ്പിക്കുകായിരുന്നു.

എന്നാൽ റിലീസിന് ഒരാഴ്ച മുമ്പേ എനിക്ക് വിശ്വാസം തോന്നി. അതിന് ശേഷമാണ് നിർമാതാവ് ടോമിച്ചന്‍ മുളകുപാടത്തോട് പറഞ്ഞത് , ധൈര്യമായി ഇരുന്നോളൂ എന്ന്. ഒരു തരത്തിലും ഈ സിനിമ പരാജയപ്പെടില്ലെന്ന് എനിക്ക് ഉറച്ച വിശ്വാസം ഉണ്ടായിരുന്നു.

അന്ന് വിദേശത്തൊന്നും സിനിമയുടെ വിതരണം ചെയ്തിട്ടില്ല. എല്ലാം റിലീസിന് ശേഷം ചെയ്താൽ മതിയെന്നും കൂടുതൽ തുക ലഭിക്കുമെന്നും ഉറപ്പുകൊടുത്തു.

പിന്നീട് ലാൽ സാറും ഉദയ്കൃഷ്ണയുമൊക്കെ സിനിമ കണ്ട് നല്ല അഭിപ്രായം പറഞ്ഞിരുന്നു. ‍ഞങ്ങൾ ശരിക്കും ഒരാഴ്ച മുമ്പേ വിജയാഘോഷം തുടങ്ങിയിരുന്നു. വൈശാഖ് പറഞ്ഞു.

അഭിമുഖത്തിന്റെ പൂർണരൂപം കാണാൻ–