തിരഞ്ഞെടുപ്പുകൾക്ക് കാത്തുനിൽക്കാതെ...

തിരഞ്ഞെടുപ്പ് കാലമടുക്കുമ്പോൾ എന്നും കലാഭവൻ മണിയെന്ന പേര് ചർച്ചാ വിഷയമായിരുന്നു. കേരളം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരിക്കൽ കൂടി ഒരുങ്ങുമ്പോഴും ഈ പതിവ് തെറ്റിയില്ല. കുന്നത്തുനാട്ടിൽ ഇത്തവണ കലാഭവൻ മണി സ്ഥാനാർത്ഥിയാകുമെന്ന് ശക്തമായ സൂചനകളും ചർച്ചകളുമുണ്ടായിരുന്നു. കുന്നത്തുനാട്ടിൽ കലാഭവൻ മണി നിന്നാൽ വിജയിക്കുമെന്നും അതിനാൽ ആ സീറ്റ് തിരികെ പിടിക്കാനായി സിപിഎം കലാഭവൻ മണിയെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കുന്നുവെന്നുമായിരുന്നു വാർത്തകൾ.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും ഇത്തരത്തിലുള്ള ചർച്ചകൾ സജീവമായിരുന്നു. ചാലക്കുടി നിയമസഭ മണ്ഡലത്തിൽ മണി സ്ഥാനാർത്ഥിയാകുമെന്നായിരുന്നു അന്നുണ്ടായിരുന്ന അഭ്യുഹങ്ങൾ. അദ്ദേഹത്തിന്റെ ജനകീയത തന്നെയാണ് ഇത്തരം ചർച്ചകൾക്ക് വഴിവെച്ചതും. എന്നും ചാലക്കുടിക്കാരുടെ സ്വകാര്യ അഹങ്കാരമായിരുന്നു മണി. തന്റെ നാടിനെയും നാട്ടുകാരെയും മറക്കാനോ അവരെ അകറ്റി നിർത്താനോ മണി ഒരിക്കലും തയ്യാറായിരുന്നില്ല. താര ജാഡകളില്ലാതെ അന്നും ഇന്നും ചാലക്കുടിക്കാരുടെ സ്വന്തം മണിയായി അദ്ദേഹം നിലക്കൊണ്ടു.

തിരഞ്ഞെടുപ്പിൽ കലാഭവൻ മണി സ്ഥാനാർത്ഥിയായാൽ അതും ചാലക്കുടിയിൽ സ്ഥാനാർത്ഥിയായാൽ വിജയിക്കുമെന്ന ഉറപ്പ് പാർട്ടിക്കുണ്ടായിരുന്നു. എന്നാൽ ഇത്തരം ക്ഷണങ്ങളെ സ്നേഹപൂർവ്വം നിരസിക്കുകയാണ് മണി ചെയ്തിരുന്നത്. തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ കൂട്ടാക്കാതെ തന്നെ സാമൂഹ്യപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ കലാഭവൻ മണി എന്നും മുന്നിലുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണഗാനങ്ങൾക്ക് സ്വരമായി പ്രവർത്തിച്ചിരുന്ന മണി ഒരിക്കലും പോലും ഒരു പാർട്ടിക്കാരെയും അകറ്റി നിർത്തിയിട്ടില്ല. വീണ്ടുമൊരു തിരഞ്ഞെടുപ്പ് വരുമ്പോൾ അതിനു കാത്തുനിൽക്കാതെയാണ് മണി യാത്രയായത്.