പത്തേമാരി: പള്ളിക്കല്‍ നാരായണന്റെ പ്രവാസ ജീവിതം

മമ്മൂട്ടി, ശ്രീനിവാസന്‍ എന്നിവര്‍ പത്തേമാരി എന്ന ചിത്രത്തില്‍

മലയാളികളുടെ ഗള്‍ഫ് പ്രവാസ ചരിത്രത്തിന് പള്ളിക്കല്‍ നാരായണന്റെ ജീവിതത്തിന്റെ അത്രയും കാലപ്പഴക്കമുണ്ട്.പത്തേമാരിയില്‍ ഖോര്‍ഫക്കാന്‍ കടല്‍ത്തീരത്ത് വന്നിറങ്ങി ദുബായിലും അബുദാബിയിലും ഷാര്‍ജയിലുമൊക്കെ ജീവിതസന്ധാരണം നടത്തിയ ആയിരക്കണക്കിന് പ്രവാസികളുടെ പ്രതീകമാണ്, പൊള്ളുന്ന പ്രവാസം നെഞ്ചേറ്റിയ പള്ളിക്കല്‍ നാരായണന്‍. ഇയാള്‍ മറ്റാരുമല്ല, സാക്ഷാല്‍ മമ്മൂട്ടി.

ആദാമിന്റെ മകന്‍ എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡുകളടക്കം ഒട്ടേറെ പ്രധാന പുരസ്കാരങ്ങള്‍ നേടിയ സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമായ പത്തേമാരിയിലാണ് സൂപ്പര്‍താരം പള്ളിക്കല്‍ നാരായണന്‍ എന്ന പഴയകാല പ്രവാസിയെ അവതരിപ്പിക്കുന്നത്. ദുബായിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം അവസാന മിനുക്കുപണികള്‍ക്ക് ശേഷം അടുത്ത മാസം തിയറ്ററിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

അമ്പതാണ്ട് നീണ്ട മലയാളികളുടെ ഗള്‍ഫ് പ്രവാസത്തിന്റെ അടയാളപ്പെടുത്തലായിരിക്കും പത്തേമാരിയെന്ന് സലീം അഹമ്മദ് മനോരമയോട്് പറഞ്ഞു. പള്ളിക്കല്‍ നാരായണന്‍, സുഹൃത്ത് മൊയ്തീന്‍(ശ്രീനിവാസന്‍) എന്നിവരുടെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഏറെ നാള്‍ ഗവേഷണം നടത്തിയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. എന്നാല്‍, ചരിത്രം പറഞ്ഞുപോകുമ്പോഴും ഒരിക്കലും ഒരു ഡോക്യുമെന്ററിയുടേതല്ലാതെ, ചലച്ചിത്രത്തിന്റെ എല്ലാ സൌന്ദര്യവും ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നാല് കാലഘട്ടങ്ങളിലൂടെയാണ് പള്ളിക്കല്‍ നാരായണന്റെ ജീവിതം കടന്നുപോകുന്നത്. പള്ളിക്കല്‍ നാരായണന്റെയും മൊയ്തീന്റെയും പഴയകാല ഗള്‍ഫ് ജീവിതമാണ് ഖോര്‍ഫക്കാന്‍, ഫുജൈറ, ദുബായ് എന്നിവിടങ്ങളില്‍ ചിത്രീകരിച്ചത്.

ബാക്കി കുറേ ഭാഗങ്ങള്‍ ചേറ്റുവ, നാട്ടിക, തൃപ്രയാര്‍, ബേപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും സെറ്റിട്ടും ചിത്രീകരിച്ചു. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സിന്റെ അവതാരകയായി ശ്രദ്ധ നേടിയ ജ്യുവല്‍ മേരിയാണ് നായിക. മമ്മുട്ടിയുടെ ഭാര്യാ കഥാപാത്രമായ നളിനിയെയാണ് ജ്യുവല്‍ അവതരിപ്പിക്കുകന്നത്. പുതുമുഖത്തിന്റെ യാതൊരു പതര്‍ച്ചകളുമില്ലാതെ വളരെ മികച്ച രീതിയില്‍ നളിനിയുടെ വികാര വിക്ഷോഭങ്ങള്‍ ജ്യുവലില്‍ സന്നിവേശിക്കപ്പെട്ടു. സിദ്ദിഖ് അവതരിപ്പിക്കുന്ന ലോഞ്ച് നാരായണനാണ് മറ്റൊരു ശക്തമായ കഥാപാത്രം. യഥാര്‍ഥത്തില്‍ ജീവിച്ചിരിക്കുന്ന കഥാപാത്രം കൂടിയാണിത്. സിദ്ദിഖിന്റെ മകന്‍ ഷാഹിന്‍ സിദ്ദിഖും മുന്‍ പ്രവാസി കൂടിയായ ജോയ് മാത്യുവും പ്രധാന വേഷമവതരിപ്പിക്കുന്നു.

വര്‍ഷങ്ങളായി യുഎഇയില്‍ പ്രവാസികളും കണ്ണൂര്‍ സ്വദേശികളുമായ അഡ്വ.ടി.കെ.ഹാഷിക്, ടി.പി.സുധീഷ് എന്നിവരാണ് സലീം അഹമ്മദിനോടൊപ്പം അലന്‍സ് മീഡിയയുടെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത്. പ്രമേയത്തിലെ വൈവിധ്യമാണ് തങ്ങളെ പത്തേമാരിയില്‍ സഹകരിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഇരുവരും പറയുന്നു. ഒരു പ്രവാസി എന്ന നിലയില്‍ മാത്രമല്ല, പ്രവാസിയുടെ മകനെന്ന നിലയിലും മലയാളികളുടെ ഗള്‍ഫ് ജീവിത ചരിത്രം രേഖപ്പെടുത്തേണ്ടത് തങ്ങളുടെ കടമയാണെന്ന് കരുതുന്നതായി അഡ്വ.ടി.കെ.ഹാഷിക് പറയുന്നു. ചിത്രത്തിന്റെ മികവിന് വേണ്ടി സലീം അഹമ്മദിന്റെ പ്രയത്നം അഭിനന്ദനാര്‍ഹമാണ്. കഥയും കഥാ സന്ദര്‍ഭവും പൊള്ളുന്ന പ്രവാസ ജീവിതത്തിന്റെ മുഖചിത്രങ്ങളായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുമെന്ന് ടി.പി. സുധീഷ് പറയുന്നു.

മമ്മൂട്ടി, ശ്രീനിവാസന്‍, മധു അമ്പാട്ട്, അഡ്വ.ടി.കെ.ഹാഷിക്, ടി.പി.സുധീഷ് എന്നിവര്‍ ചിത്രീകരണ വേളയില്‍.

ആദാമിന്റെ മകന്‍, കുഞ്ഞനന്തന്റെ കട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മധു അമ്പാട്ട് തന്നെയാണ് പത്തേമാരിയുടെയും ഛായാഗ്രാഹകന്‍. ശബ്ദം റസൂല്‍ പൂക്കുട്ടി. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ബിജിബാല്‍ സംഗീതമൊരുക്കി. ഹരിഹരന്‍, ഷഹ്ബാസ് അമന്‍ എന്നിവരാണ് ഗായകര്‍. വസ്ത്രാലങ്കാരം: സനീറാ സനീഷ്. കല: ജ്യോതി ശങ്കര്‍. എഡിറ്റിങ്: വിജയ് ശങ്കര്‍. പ്രമുഖ താരങ്ങളോടൊപ്പം പ്രവാസ ലോകത്തെ കലാകാരന്മാരും വേഷമിടുന്നു. കേരളത്തോടൊപ്പം യുഎഇയിലും ചിത്രം റിലീസാകും.