ദേശീയ പുരസ്കാരം; നന്ദി പറഞ്ഞ് ജയസൂര്യ

ജയസൂര്യ, മാസ്റ്റർ ഗൗരവ്, വികെ പ്രകാശ്, വിനോദ് മങ്കര

63 മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സമ്മാനിച്ചു. പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായ നടന്‍ ജയസൂര്യ അടക്കമുള്ള മലയാള സിനിമപ്രവര്‍ത്തകര്‍ പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങി. ഇന്ത്യന്‍ സിനിമകള്‍ നമ്മുടെ രാജ്യത്തിന്‍റെ സാംസ്ക്കാരിക നാനാത്വവും ഏകത്വവും ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു.

ലുക്കാ ചുപ്പി,സു സു സുധി വാല്‍മീകം എന്നീ ചിത്രങ്ങളിലെ അഭിനയ മികവിനാണ് നടന്‍ ജയസൂര്യ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായത്. കുടുംബത്തോടൊപ്പമാണ് ജയസൂര്യ പുരസ്ക്കാരമേറ്റുവാങ്ങാന്‍ എത്തിയത്.

എന്നു നിന്‍റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ ഗാനത്തിലൂടെ എം.ജയചന്ദ്രന്‍ മികച്ച സംഗീതസംവിധായകനുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി. മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രമായ നിര്‍ണായകത്തിന്‍റെ സംവിധായകന്‍ വി.കെ പ്രകാശ്, മികച്ച പരിസ്ഥിതി ചിത്രമായ വലിയ ചിറകുള്ള പക്ഷികളുടെ സംവിധായകന്‍ ഡോക്ടര്‍ ബിജു, മികച്ച സംസ്കൃത ചിത്രമായ പ്രിയമാനസത്തിന്‍റെ സംവിധായകന്‍ വിനോദ് മങ്കര, മൂന്നു ചിത്രങ്ങളുടെയും നിര്‍മ്മാതാക്കള്‍, ബാലതാരമായ ഗൗരവ് മേനോന്‍, മികച്ച മലയാള ചിത്രമായ പത്തേമാരിയുടെ സംവിധായകനും നിര്‍മ്മാതാവുമായ സലിം അഹമ്മദ് ,ശബ്ദലേഖനത്തിന് സഞ്ജയ് കുര്യന്‍ , ബാജിറാവു മസ്താനിയിലെ ശബ്ദമിശ്രണത്തിന് ജസ്റ്റിന്‍ ജോസ് എന്നിവര്‍ ദേശീയ പുരസ്ക്കാരം ഏറ്റുവാങ്ങി.

മികച്ച ചലച്ചിത്ര സൗഹൃദസംസ്ഥാനത്തിനുള്ള പ്രത്യേക പരാമര്‍ശവും കേരളത്തിന് ലഭിച്ചു. മികച്ച നടനായ അമിതാഭ് ബച്ചന്‍, നടി കങ്കണ റനൗത്ത്, സംവിധായകന്‍ സജ്ഞയ് ലീല ബന്‍സാലി, മികച്ച ചിത്രമായ ബാഹുബലിയുടെ സംവിധായകന്‍ എസ്,എസ് രാജമൗലി എന്നിവര്‍ പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങി.ചലച്ചിത്രമേഖലയ്ക്കു നല്‍കിയ സമഗ്രസംഭാവനയ്ക്ക് നടനും സംവിധായകനുമായ മനോജ് കുമാറിന് ദാദ സാഹേബ് ഫാല്‍ക്കെ പുരസ്ക്കാരം നല്‍കി ആദരിച്ചു.