മോഹൻലാലിനൊപ്പം റാണ ദഗുപതി

ബാഹുബലിയിലെ വില്ലനായ ഭല്ലാലദേവ മലയാളത്തിലേക്ക്. തെന്നിന്ത്യൻ സൂപ്പർതാരം റാണ ദഗുപതിയാണ് മോളിവുഡിൽ ചുവടുവെക്കുന്നത്. അതും സൂപ്പർതാരം മോഹൻലാലിനൊപ്പം.

കീർത്തിചക്രയുടെ തുടർഭാഗമായി മേജർ രവി ഒരുക്കുന്ന പട്ടാളചിത്രത്തിലാണ് റാണയും മോഹൻലാലും ഒന്നിക്കുക. മോഹൻലാൽ അവതരിപ്പിക്കുന്ന മേജര്‍ മഹാദേവനൊപ്പം മറ്റൊരു ആർമി ഉദ്യോഗസ്ഥനായാണ് റാണ എത്തുക.

ഇതിന് മുമ്പ് കാണ്ഡഹാർ എന്ന ചിത്രത്തിൽ ബോളിവുഡ് താരം അമിതാഭ് ബച്ചനെയും മേജർ രവി മലയാളത്തിൽ എത്തിച്ചിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് റാണയുമായി ചർച്ച നടത്തിയെന്നും കഥാപാത്രത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന് പൂർണതൃപ്തിയുണ്ടെന്നും മേജർ രവി പറയുന്നു. ബാഹുബലി 2 സിനിമയുടെ ചിത്രീകരണത്തിരക്കിലാണ് റാണ. അതിന് ശേഷമാകും ഈ ചിത്രത്തിൽ ജോയ്ൻ ചെയ്യുക. സിനിമയുടെ ചിത്രീകരണം സെപ്റ്റംബർ അവസാനം തുടങ്ങാനാണ് പദ്ധതിയെന്നും മേജർ രവി വ്യക്തമാക്കി.

വൻ തുക മുതൽ മുടക്കിയെടുക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസിനെത്തിക്കാനാണ് പദ്ധതി. മോഹന്‍ലാലിന്റെ കഥാപാത്രത്തിനൊപ്പം തന്നെ ശക്തനായ ഒരാൾ വേണ്ടതു കൊണ്ടാണ് റാണയെ തിരഞ്ഞെടുത്തതെന്ന് മേജർ രവി വ്യക്തമാക്കി.

റാണ തിരക്കുകൾ മൂലം ഈ പ്രോജക്ട് ഉപേക്ഷിച്ചാൽ മറ്റൊരു താരം കൂടി മേജർ രവിയുടെ മനസ്സിലുണ്ട്. അല്ലു സിരീഷ് ആണ് ആ താരം. അദ്ദേഹവുമായും ചിത്രത്തിന്റെ ചർച്ച നടത്തിയെന്നും അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മേജർ രവി അറിയിച്ചു.

മോഹൻലാൽ മൂന്ന് ഗെറ്റപ്പിലാകും ചിത്രത്തിൽ പ്രത്യക്ഷപ്പെടുത. 1971 ലെ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധമാണ് പ്രമേയം. രണ്ടു രാജ്യവുമായുള്ള ബാറ്റിൽ ടാങ്ക് യുദ്ധമാണ് പ്രധാനമായും ചിത്രീകരിക്കുക. രാജസ്ഥാൻ, കേരളം, ഉഗാണ്ട എന്നിവയാണ് ലൊക്കേഷൻ.