ജാതിവാലുപേക്ഷിച്ച് ‘വീര’താരം

‘വീരം’ സിനിമയില്‍ ആരോമലെന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ശിവജിത്ത് നമ്പ്യാര്‍ ജാതിവാലുപേക്ഷിച്ച് ശിവജിത് പത്മനാഭനായ്. ആലപ്പുഴ ബീച്ചില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച എഴുത്തകം സ്വാതന്ത്യത്തിന്റെ തുരുത്തെന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് ശിവജിത്ത് താന്‍ ജാതിവാല്‍ ഉപേക്ഷിക്കുകയാണെന്ന് നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പ്രഖ്യാപിച്ചത്. ശിവജിത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ സദസ്സ് വലിയ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. ശിവജിത്തിനു മുന്‍പേ ജാതിവാലുപേക്ഷിച്ച ഗാന രചയിതാവും കവിയുമായ കൈതപ്രം ദാമോദരന്റെ സാന്നിധ്യത്തിലായിരുന്നു ശിവജിത്തിന്റെ പ്രഖ്യാപനമെന്നത് അവസരോചിതമായി.

ജയരാജിന്റെ ‘വീരം’ എന്ന സിനിമയിലൂടെ സിനിമാ രംഗത്തേക്ക് കടന്നുവന്ന ശിവജിത്ത് 1998ലും 99ലും സംസ്ഥാന സ്കൂള്‍ കലാപ്രതിഭയായിരുന്നു. ഭരതനാട്യം, കുച്ചിപ്പുടി, കഥകളി, മോഹിനായാട്ടം, നാടോടിനൃത്തം തുടങ്ങിയ ഇനങ്ങളില്‍ ഒന്നാം സ്ഥാനം ശിവജിത്തിനായിരുന്നു. നൃത്ത രംഗത്ത് പ്രതിഭ തെളിയിച്ചിട്ടുള്ള അദ്ദേഹം ബാംഗ്ളൂരില്‍ അനിമേഷന്‍ പഠനത്തിനിടയില്‍ തിയേറ്റര്‍ രംഗത്തും സജീവമായിരുന്നു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായി ശിവജിത്ത് ഇപ്പോള്‍ കോട്ടയത്താണ് താമസം.

ഒരു കലാകാരനെന്ന നിലയില്‍ ജാതിമത ചിഹ്നങ്ങളിലാതെതന്നെ അറിയപ്പെടണമെന്ന തോന്നലാണ് ഈ പ്രഖ്യാപനത്തിനു പിന്നിലെന്ന് ശിവജിത്ത് പറഞ്ഞു. കലയ്ക്ക് ജാതിയോ മതമോ ഒന്നുമില്ല. എല്ലാത്തിനേയും ഒരുപോലെ ഉള്‍ക്കൊള്ളുന്നവനാണ് കലാകാരന്‍. അതുകൊണ്ടുതന്നെ കലാകാരന് ജാതിവാലിന്റെ ആവശ്യമില്ല. കവി കൈതപ്രം ദാമോദരന്‍ ജാതിവാലുപേക്ഷിച്ച തീരുമാനമാണ് തനിക്ക് പ്രചോദനമായത്. ​മനസ്സില്‍ നിന്ന് ജാതിവാലുപേക്ഷിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും അതിന് പറ്റിയ അവസരം ലഭിച്ചിരുന്നില്ല. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ എഴുത്തകം പരിപാടിയില്‍‌ പങ്കെടുക്കവേ കൈതപ്രത്തിന്റെ പ്രഭാഷണമാണ് ആ വേദിയില്‍ തന്നെ പ്രസ്തുത പ്രഖ്യാപനത്തിന് കാരണമായത്. പരിപാടിക്കുശേഷം അച്ഛന്‍ പദ്മനാഭനെ ഈ വിവരം അറിയിച്ചപ്പോള്‍ ജിവിതത്തില്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമാണ് അതെന്ന അച്ഛന്റെ മറുപടിയാണ് കൂടുതല്‍ കരുത്തു പകര്‍ന്നു.

ഫെയ്സ് ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ശിവജിത്ത് നമ്പ്യാര്‍ ശിവജിത്ത് പദ്മനാഭനായി മാറിക്കഴിഞ്ഞു. വീരത്തിലെ ആരോമലിനെ പ്രേക്ഷകര്‍ സ്വീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ മികച്ച കഥാപാത്രങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശിവജിത്ത്.