എസ്രയിലെ പ്രേതബാധ; സുദേവ് പറയുന്നു

പൃഥ്വിരാജ് നായകനായി എത്തുന്ന ഹൊറർ ചിത്രം എസ്ര ഇതിനോടകം വാര്‍ത്തകളിൽ ഇടംനേടി കഴിഞ്ഞു. ചിത്രത്തിന്റെ സെറ്റിൽ വിചിത്രമായ സംഭവങ്ങൾ അരങ്ങേറിയതിനെ തുടർന്ന് പള്ളീലച്ചനെ കൊണ്ടുവന്ന് സെറ്റ് വെഞ്ചരിച്ചിരുന്നു. നായികയായി എത്തുന്ന പ്രിയ ആനന്ദ് അടക്കമുള്ളവർ ഈ സംഭവത്തിൽ പേടിച്ചിരിക്കുകയായിരുന്നു.

ഈ ചിത്രത്തിൽ ഒരു ഭാഗമാകാൻ സാധിക്കുന്നതിന്റെ ത്രില്ലിലാണ് നടൻ സുദേവ്. ഒരു പ്രധാനകഥാപാത്രത്തെയാണ് സുദേവ് അവതരിപ്പിക്കുന്നത്. ഇത് രണ്ടാം തവണയാണ് സുദേവും പൃഥ്വിരാജും ഒന്നിക്കുന്നത്. അനാർക്കലിയിലാണ് ഇതിന് മുമ്പ് ഇരുവരും ഒന്നിച്ചെത്തിയത്.

വേറിട്ട ലുക്കിലാകും സുദേവ് എത്തുക. സസ്പൻസ് നിറഞ്ഞ കഥാപാത്രമായാതിനാൽ കൂടുതലൊന്നും വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറയുന്നു. ചിത്രത്തിന് വേണ്ടി ശരീര ഭാരവും കുറക്കുന്നുണ്ട്.

എസ്ര സിനിമയുമായി ബന്ധപ്പെട്ടുള്ള പ്രേതകഥയില്‍ സുദേവിന് യാതൊരു ഭയവുമില്ല. മാത്രമല്ല തനിക്ക് പ്രേതത്തില്‍ വിശ്വാസമില്ലെന്നും ഭയമില്ലെന്നും സുദേവ് നായര്‍ പറയുന്നു. ഇത്രയും സംഭവങ്ങളൊക്കെ നടന്ന സ്ഥിതിക്ക് അത് തനിക്കുമൊന്ന് അനുഭവിക്കണമെന്നാണ് സുദേവ് പറയുന്നത്. കാര്യങ്ങൾ സത്യമാണോ എന്നറിയണമല്ലോ അതിന് ഇതുപോലെ ഒരുവസരം ഇനി കിട്ടില്ല എന്നാണ് സുദേവ് പറയുന്നത്.