ഇത് ബോസ്റ്റണിന്റെ സ്വന്തം കാഞ്ചന

ദീപ ജേക്കബ്, ടിങ്കു

എന്ന് നിന്‍റെ മൊയ്തീന്‍ എന്ന ചിത്രം കണ്ടിറങ്ങിയവരുടെ മനസ്സില്‍ കാഞ്ചനമാല ഇപ്പോഴും വേദനയുടെ മഴയായി പെയ്തുകൊണ്ടിരിക്കുകയാണ്. ആ കാഞ്ചനമാല തരംഗം കേരളത്തിൽ മാത്രം ഒതുങ്ങാതെ അമേരിക്കയിലെ ബോസ്റ്റൺ പോലുള്ള നഗരങ്ങളിലും പടർന്നു പിടിച്ചു കഴിഞ്ഞു.

പ്രേക്ഷകമനസ്സുകളിൽ മഴയായി കാഞ്ചന പെയ്തിറങ്ങുമ്പോൾ, മുകിലായി മാറിയ ആ മിഴികൾക്ക് സ്വന്തം ക്യാമറാക്കണ്ണിലൂടെ പുതിയ ഒരു രൂപം നൽകാൻ ശ്രമിക്കുകയാണ് പുതുമകളെ പ്രണയിക്കുന്ന ബോസ്റ്റണ്‍ നിവാസിയായ ദീപാ ജേക്കബ്. പാർവതിയെ കാഞ്ചന എന്ന് വിളിക്കാൻ നമ്മെ പഠിപ്പിച്ച വിമലിനെപ്പോലെ, കാഞ്ചന എന്ന പേരിന് മോഡലും സുഹൃത്തുമായ ടിങ്കുവിന്റെ ഫോട്ടോഷൂട്ടിലൂടെ മറ്റൊരു മുഖം നൽകുകയാണ് ദീപ.

സിനിമയിൽ പാർവതി അവതരിപ്പിച്ച കാഞ്ചനമാലയുടെ അതേ കോസ്റ്റ്യൂമിൽ തന്നെയാണ് ടിങ്കുവും ഫോട്ടോഷൂട്ടിനായി എത്തിയത്. മുടി പിന്നിക്കെട്ടി നാടൻസുന്ദരിയായി എത്തിയ ടിങ്കുവിന്റെ അഴക് തന്നെയായിരുന്നു മുഖ്യആകർഷണം.

ഒരു ഹോബിയായി  തുടങ്ങിയ ഫോട്ടോഗ്രഫി ഇന്ന് ദീപയുടെ ജീവിതത്തിന്റെ ഒരു  ഭാഗമായിക്കഴിഞ്ഞു. അനുഭവങ്ങളിൽ നിന്നും ഭാവനകളിൽ നിന്നും മനസ്സിൽ വരച്ചിടുന്ന രേഖാചിത്രങ്ങൾ ദീപയുടെ മാന്ത്രികവിരലുകളാൽ ജീവൻ  തുടിക്കുന്ന മനോഹരദൃശ്യങ്ങളായി മാറുന്നു. സാധാരണയായി ലൈറ്റ്ബോയ്‌ മുതൽ മേയ്ക്കപ്പ് ആർട്ടിസ്റ്റുകളുടെ വരെ അകമ്പടിയുമായി പോകുന്ന ഫോട്ടോഗ്രാഫർമാർ നോക്കി പഠിക്കേണ്ട മാതൃക കൂടിയാണ് എന്തിലും വ്യത്യസ്തത ഇഷ്ടപ്പെടുന്ന ദീപാ ജേക്കബ്.

അസോഷ്യേറ്റകളുടെ സഹായമില്ലാതെ, മേയ്ക്കപ്പുൾപ്പടെ എന്തിനും മോഡലിന്റെ സഹകരണം മാത്രം കൈമുതലാക്കിയാണ് ദീപ ഫോട്ടോഗ്രഫിയിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കുന്നത്.  കാഞ്ചന എന്ന ഈ സ്വപ്നം പൂവണിയുമ്പോഴും, അതിന് വ്യത്യാസമില്ല. ഭാവങ്ങളിലും വേഷവിധാനങ്ങളിലും എല്ലാം കാഞ്ചനയെ അതീവശ്രദ്ധയോടെ പകർത്തിയാണ് ദീപയുടെ ആ സ്വപ്നത്തിന് ടിങ്കു മിഴിവേകുന്നത്.

ആരെയും കൊതിപ്പിക്കുന്ന ഒരു പ്രണയകഥയാണ് കാഞ്ചനമാലയും മൊയ്തീനും തങ്ങളുടെ ജീവിതത്തിലൂടെ മലയാളികൾ സമ്മാനിച്ചത്. പതിറ്റാണ്ടുകൾക്ക് മുൻപ് മുക്കത്തെ മണ്ണിൽ പെയ്തിറങ്ങിയ , പ്രണയത്തിന്റെയും വേദനയുടെയും തോരാമഴ അഭ്രപാളികളിലെത്തിയപ്പോൾ അതും കേരളം ഒന്നടങ്കം ഏറ്റെടുത്തു.

സുരേഷ് രാജ്, ബിനോയ് ശങ്കരത്ത്, രാഗി തോമസ് എന്നീ മൂന്നു അമേരിക്കൻ മലയാളികൾ നിർമാണത്തിന്റെ ചുക്കാൻ പിടിച്ച ഈ പൃഥ്വിരാജ് - പാർവതി ചിത്രം അമേരിക്കയിലെ തിയറ്ററുകളിൽ മികച്ച പ്രദർശനവിജയം നേടിക്കൊണ്ടിരിക്കുന്നു.