നമ്മുടെ കുട്ടികളെക്കൊണ്ട് ‘ഡൈവോഴ്സി’ന്റെ അർഥം തിരയിക്കല്ലേ...!!

എന്തുകൊണ്ടാണ് അമ്പലങ്ങളിലും പള്ളികളിലുമെല്ലാം പ്രാർഥിച്ച് തിരികെ വരുമ്പോൾ മനസ്സിന് ഒരു സമാധാനം അനുഭവപ്പെടുന്നതെന്ന് ആലോചിച്ചിട്ടുണ്ട് പലപ്പോഴും. ഏറെ ആലോചിച്ചാൽ മനസില്ലാകും- നമ്മുടെ സങ്കടങ്ങൾ കേൾക്കാൻ, അതിന് പരിഹാരം കാണാൻ ശക്തിയുള്ള ഏതോ ഒരു അജ്ഞാത ശക്തി ഈ ആരാധനാലയങ്ങളിലുണ്ട് എന്ന തോന്നലാണ് ആ മന:സ്സമനാധാനത്തിനു പിന്നില്‍. അതിനെക്കാളുമുപരിയായി‍, ഇത്രയേറെ ആൾക്കാർ പ്രാർഥിക്കാൻ വരുമ്പോൾ എന്തായാലും ആ ‘ശക്തി’ ചില്ലറക്കാരനായിരിക്കില്ലല്ലോ എന്ന തോന്നലും! ഓരോ പ്രാർഥനകളിലൂടെയും ഓരോരുത്തരും ആഗ്രഹിക്കുന്നുണ്ട് ദൈവത്തിന്റെ അല്ലെങ്കിൽ ഒരു മാലാഖയുടെ ഇടപെടൽ. മുതിർന്നവർ പോലും അങ്ങനെ ആലോചിക്കുമ്പോൾ പിന്നെ ആൻ മരിയയെന്ന കൊച്ചുപെൺകുട്ടി അങ്ങനെ ആഗ്രഹിച്ചില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ!

സ്കൂളിലെ പി.ടി. മാഷിനെ ഒരു വാടക ഗുണ്ടയെക്കൊണ്ട് തല്ലിക്കണം. അതിലാണിപ്പോൾ ആനിന്റെ ശ്രദ്ധ മുഴുവന്‍. എന്തു വില കൊടുത്തിട്ടാണെങ്കിലും തന്റെ
ലക്ഷ്യത്തിലേക്കെത്താനാണ് ആ കുരുന്നിന്റെ ശ്രമം. ഗുണ്ടയെ തേടിയുള്ള ആനിന്റെ യാത്രയിലും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളിലും ആനിനൊപ്പം യാത്ര പോകുന്ന പ്രേക്ഷകന് പക്ഷേ കാണാനാകുന്നത് മറ്റു ചില കാഴ്ചകളാണ്. ‘കുട്ടികളല്ലേ, അവരിതെല്ലാം പെട്ടെന്നു മറക്കും’ എന്നു പറയുന്ന മുതിര്‍ന്നവർ എന്നും ഓർക്കേണ്ട ചില കാര്യങ്ങളാണത്. മിഥുൻ മാനുവല്‍ തോമസ് അസാധ്യമായ കയ്യടക്കം പ്രകടമാക്കിയതും ഇത്തരമൊരു വിഷയം ൈകകാര്യം ചെയ്തതിലാണ്. ഒരു കണ്ണിലൂടെ നോക്കിയാൽ ‘ആൻ മരിയ കലിപ്പിലാണ്’ ഏറെ കുട്ടിത്തമുള്ളൊരു ചിത്രമാണ്. പക്ഷേ യാഥാർഥ്യത്തിൽ അത് കുട്ടികളുടെ വിഷയമാണോ കൈകാര്യം ചെയ്തത്? അല്ല. കുട്ടികളുടെ കണ്ണിലൂടെ സിനിമ വലിയവരുടെ ലോകത്തിലേക്കാണു നോക്കിയത്. അതുകൊണ്ടു തന്നെയാണ് ‘മുതിർന്ന’ ഓരോ പ്രേക്ഷകന്റെയും കണ്ണുകൾ ചില രംഗങ്ങളിൽ നിറഞ്ഞു തൂവിയതും!

ചെറിയ കുട്ടികളുടെ കാഴ്ചപ്പാടിലൂടെ വലിയ ലോകത്തിന്റെയും അവരുടെ രാഷ്ട്രീയത്തിന്റെയും കഥ പറഞ്ഞ സിനിമകൾ ഏറെയുണ്ടായിട്ടുണ്ട്. ലോകപ്രശസ്തമായ ഇറാനിയൻ സിനിമകളിലൂടെയെല്ലാം- ഉദാഹരണമായി ചിൽഡ്രൻ ഓഫ് ഹെവൻ, കളർ ഓഫ് പാരഡൈസ്, സോങ് ഓഫ് ദ് സ്പാരോ, വേർ ഈസ് ദ് ഫ്രണ്ട്സ് ഹോം, വൈറ്റ് ബലൂൺ- ഈ തന്ത്രം ഫലപ്രദമായി പ്രയോഗത്തിൽ വരുത്തിയതുമാണ്. മലയാളത്തിൽ പക്ഷേ കുട്ടികളുടെ സിനിമകളെടുക്കാൻ മുഖ്യധാരാ സംവിധായകർക്ക് പലപ്പോഴും പേടിയാണ്. ആ പേടി പണ്ടില്ലായിരുന്നു താനും. മനു അങ്കിളും മൈ ഡിയർ കുട്ടിച്ചാത്തനും അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടുവുമൊക്കെ നമുക്ക് അങ്ങനെ കിട്ടിയതുമാണ്. പക്ഷേ ഇപ്പോൾ പ്രേക്ഷകനെന്ന ‘വിപണി’യെ തൃപ്തിപ്പെടുത്താനുള്ള മാസ് മസാല തന്ത്രങ്ങൾ ആലോചിച്ച് ‘കുട്ടി സിനിമകൾക്ക്’ വംശനാശം വന്ന മട്ടാണ്.

എങ്കിലും മഞ്ചാടിക്കുരുവും മങ്കിപെന്നും ബെന്നും സ്കൂൾ ബസുമെല്ലാം അൽപമെങ്കിലും ആശ്വാസം പകർന്ന് ഇടയ്ക്കിടെ എത്തുന്നുണ്ട്. പക്ഷേ ‘മാസ് വിപണി’യെ പരിഗണിച്ചു കൊണ്ടുതന്നെ, അതിന്റെ ഘടകങ്ങളെല്ലാം ചേർത്ത് ‘കുട്ടിപ്പട’മെടുത്തതിലാണ് ആൻ മരിയയുടെ സംവിധായകന്റെ മിടുക്ക്. മുതിർന്നവർ ഒരുപക്ഷേ ശ്രദ്ധിക്കുക പോലും ചെയ്യാതെ വിട്ടുകളയുന്ന കാര്യങ്ങളാണ് ഈ ചിത്രത്തിലൂടെ മിഥുൻ മാനുവൽ ഉയർത്തിക്കൊണ്ടു വന്നിരിക്കുന്നതും. അല്ലെങ്കിൽ, ഇതെല്ലാം മുതിർന്നവർക്കു മാത്രമേ മനസ്സിലാകൂ എന്നു നമ്മളെല്ലാം കരുതുന്ന കാര്യങ്ങൾ. അല്ല. കുട്ടികളും കാതോർത്തിരിപ്പുണ്ട് അവരുടെ ചുറ്റുമുള്ള ഓരോ കാര്യങ്ങളിലും കാഴ്ചകളിലുമെന്ന് ഓർക്കണം. അല്ലെങ്കിൽ ഓർമപ്പെടുത്തും ഈ സിനിമ.

കൗതുകമാണ് കുട്ടിക്കാലത്തിന്റെ ഭാവം. അത്തരമൊരു കൗതുകത്തിലൂടെ ജീവിതത്തെ നോക്കിക്കാണുന്ന കുട്ടികളാണ് ആൻ മരിയയും കൂട്ടുകാരുമെല്ലാം. അതിനിടയിൽ കേൾക്കാൻ പാടില്ലാത്ത പലതും അവർക്ക് േകൾക്കേണ്ടി വരുന്നു, ഒപ്പം കാണാൻ പാടില്ലാത്ത കാര്യങ്ങളും. ‘വി ഹാഡ് എ ഗുഡ് ടൈം ടുഗെദർ’ എന്നൊരാൾ പറയുമ്പോൾ മറുവശത്തെ കക്ഷി സന്തോഷിക്കുകയല്ലേ, എന്തിനാണ് കരയുന്നതെന്നും ആൻ മരിയക്ക് ചോദിക്കേണ്ടി വരുന്നതും അതുകൊണ്ടാണ്. കുട്ടികൾക്ക് ഒന്നും ‘കുട്ടിക്കളി’യല്ലാത്ത കാലം കൂടിയാണിത്. ടീച്ചറെ പോലും തിരുത്തുന്ന വിധം ആൻ ക്ലാസിലെ സ്റ്റാറാകുന്നതും അങ്ങനെയാണ്.

അറിവിന്റെ വലിയ സാധ്യതകളുണ്ട് അവർക്കു മുന്നിൽ, ഒപ്പം എന്തിനും ഉത്തരം നൽകുന്ന ഇന്റർനെറ്റും. ചിത്രത്തിൽ നെഞ്ചിലേക്കാഴ്ന്നിറങ്ങുന്ന ഏറ്റവും മികച്ച രംഗം കാണാനാകുക ആൻ മരിയ ‘ഡൈവോഴ്സ്’ എന്ന വാക്കിന്റെ അർഥമെന്താണെന്ന് ഗൂഗിളിൽ തിരയുമ്പോഴാണ്. അവളുടെ മുന്നിൽ അതുവരെ എല്ലാം സന്തോഷം നിറഞ്ഞതായിരുനനു. അതിനിടയിൽ അവൾ കേട്ടൊരു ചെറുവാക്കിന്റെ അർഥമാണ് എല്ലാം മാറ്റിമറിക്കുന്നത്.

പൗലോ കൊയ്‌ലോയുടെ അൽ കെമിസ്റ്റിലൂടെ പ്രശസ്തമായ ആ വാക്കുകളുണ്ടല്ലോ ‘പൂർണ്ണ മനസ്സോടെ ഒരു കാര്യം ആഗ്രഹിച്ചാൽ ആ ആഗ്രഹം സഫലമാക്കാൻ ഈ ലോകം മുഴുവൻ അയാളുടെ സഹായത്തിനെത്തും' എന്നത്. അതിനെ നേരെ തിരിച്ചും പ്രയോഗിക്കാം. ഒരാൾക്കൊരു സങ്കടം വന്നാൽ പിന്നെ ഈ ലോകം മുഴുവനും അയാൾക്കു നേരെ തിരിഞ്ഞെന്നുള്ള തോന്നലാണെന്ന കാര്യമാണത്. അന്നേരവും തളരാതെ മുന്നോട്ടു നയിക്കാൻ ആരെങ്കിലും ഒപ്പമുണ്ടാവുന്നതിനെയാണ് ജീവിതത്തിൽ വിജയം എന്നു നാം വിളിക്കുന്നതും. അത്തരം സന്ദർഭങ്ങളിലാണ് കൈപിടിക്കാൻ ഒരു മാലാഖയെ നാം ആഗ്രഹിക്കുന്നതും. ആ മാലാഖ മനുഷ്യനാകണമെന്നില്ല, ഒരു പുസ്തകമോ കഥയോ കവിതയോ എന്തിനേറെ ഒരു സ്വപ്നം പോലുമോ ആകാം.

‘ആൻ മരിയ കലിപ്പിലാണ്’ എന്നൊക്കെ പറയുന്നത് വെറുതെയാണ്. ആ പാവം കുട്ടി ആകെ കരച്ചിലാണ്, ഒപ്പം നിസ്സഹായയും. അതിനിടയിൽ അവളെ സഹായിക്കാൻ വരുന്നവരാണ് ചിത്രത്തിലെ യഥാർഥ മാലാഖമാർ. മനസ്സിൽ നന്മയുള്ള കുട്ടിയാണ് ആൻ. അത് തിരിച്ചറിയുന്നുണ്ട് പൂമ്പാറ്റ ഗിരീഷും ബേബിച്ചായനും എന്തിനേറെ ആനിന്റെ അച്ഛനും അമ്മയും ഉൾപ്പെടെയുള്ളവര്‍. നന്മയുള്ളവരെ ദൈവത്തിനു കൈവിടാനാകുമോ? നന്മ നിറഞ്ഞ ചിത്രങ്ങളെ പ്രേക്ഷകനും കൈവിടാനാകുമോ? കുട്ടിത്തം നിറഞ്ഞ കണ്ണുകളോടെ മാത്രം ആൻമരിയയെയും കൂട്ടുകാരെയും നോക്കുക-നിങ്ങള്‍ക്ക് ഒത്തിരി ചിരിക്കാനും പിന്നെ കുറച്ചേറെ ചിന്തിക്കാനുമുള്ള വിഭവങ്ങൾ സമ്മാനിക്കും ഈ ചിത്രം.