യൂണിവേഴ്സിറ്റി കോളജ് മർദനം; പ്രതികരണവുമായി അരുന്ധതിയും ആഷിക്ക് അബുവും

യൂണിവേഴ്സിറ്റി കോളജില്‍ യുവാവിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ ആഷിഖ് അബു ഫെയ്സ്ബുക്കില്‍. ക്യാംപസില്‍ എത്തുവന്ന മറ്റു കോളജുകളിലെ വിദ്യാര്‍ഥികളെ ശത്രുക്കളായും സദാചാരവിരുദ്ധരായും സാമൂഹ്യവിരുദ്ധരായും മുദ്രകുത്തി കൂട്ടംചേര്‍ന്ന് ആക്രമിക്കുന്നത് ക്യാംപസുകളില്‍ പതിവാണ്. എസ്എഫ്ഐ പ്രവര്‍ത്തകരാണെങ്കില്‍ പോലും അവര്‍ നടത്തിയത് സംഘപരിവാര്‍ മോഡല്‍ ആക്രമണമാണെന്നും സംവിധായകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ആഷിക്ക് അബുവിന്റെ പ്രതികരണം–

" ഔട്ട് സൈഡർ " ആയി ക്യാമ്പസിൽ വരുന്ന മറ്റുവിദ്യാർത്ഥികളെ ശത്രുക്കളായും സദാചാരവിരുദ്ധരായും സാമൂഹ്യ വിരുദ്ധരായും ധാർഷ്ട്യം നിറഞ്ഞ മുൻവിധിയോടെ മുദ്രകുത്തി കൂട്ടംചേർന്ന് ആക്രമിക്കുക എന്ന പ്രാകൃത വിളയാട്ടം കാമ്പസുകളിൽ പതിവാണ്. യൂണിവേഴ്സിറ്റി കോളേജിൽ നടന്നത് 'സംഘി മോഡൽ 'ആക്രമണമാണ്. എസ് എഫ് ഐയുടെ രണ്ട് രൂപ മെംബർ ആണെങ്കിൽപോലും അയാളെ ഇനി നിങ്ങളുടെ കൊടി പിടിപ്പിക്കരുത്. പോലീസ് നട്ടെല്ലോടെ പരാതി സ്വീകരിച്ചു നടപടിയെടുക്കണം . #ഇരകൾക്കൊപ്പം

വിഷയത്തിൽ അരുന്ധതിയുടെ പ്രതികരണം–

വലത്തേക്ക് നടന്നാല്‍ സെക്രട്ടേറിയറ്റ്. ഇടത്തേക്ക് തിരിഞ്ഞാല്‍ നിയമസഭ. ആഞ്ഞുപിടിച്ച് പതിനഞ്ച്മിനിറ്റ് നടന്നാല്‍ രാജ്ഭവന്‍. പാര്‍ട്ടി പ്രതിപക്ഷത്തിരിക്കുന്ന കാലത്ത് മിനിറ്റുകള്‍ക്കുള്ളില്‍ മിനിമം ആയിരം വിദ്യാര്‍ഥികളെയെങ്കിലും സംഘടിപ്പിച്ച് മേല്‍പ്പറഞ്ഞ ഇടങ്ങളിലെല്ലാം സമരം നടത്താന്‍ കഴിയുമെന്നതുകൊണ്ടാണ് യൂണിവേഴ്സിറ്റി കോളേജിലെ SFI നിലവിലെ നിലയില്‍ പ്രവര്‍ത്തിക്കുന്നത്.
മുഴുവന്‍ വിദ്യാര്‍ഥികളെയും സമരത്തൊഴിലാളികളായി കയ്യില്‍ കിട്ടേണ്ടതുകൊണ്ട് മറ്റെല്ലാ പാര്‍ടികളുടെയും പ്രവര്‍ത്തനസ്വാതന്ത്ര്യം കയ്യൂക്കുകൊണ്ട് തടയുന്നു. അടിച്ചേല്‍പ്പിക്കപ്പെടുന്ന സംഘടന മെമ്പര്‍ഷിപ്. അടിച്ചേല്‍പ്പിക്കപ്പെടുന്ന ആയിരം പിരിവുകള്‍.

ക്ളാസില്‍ കയറി ചോദ്യവുമുത്തരവുമില്ലാതെ വിദ്യാര്‍ഥികളെ വലിച്ചിറക്കാനാണ് സംഘടനയുടെ കമ്മിറ്റികള്‍. ഡിപാര്‍ട്മെന്‍റ് കമ്മിറ്റിയിലേക്കും യൂണിറ്റ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യത പ്രത്യയശാസ്ത്ര ബോധമോ, സംഘടനാ ബോധമോ അല്ല, തിണ്ണമിടുക്ക് മാത്രമാണ്. ഭീഷണിപ്പെടുത്തിയും തല്ലിയും കഴിവുതെളിയിക്കുന്ന മുറയ്ക്ക് കമ്മിറ്റികളില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നതാണ്.

ഇതൊക്കെ ചേട്ടന്മാരുടെ കാര്യം. ചേട്ടന്മാരെ അനുസരിച്ചും അനുകരിച്ചും നില്‍ക്കുന്ന ചേച്ചിമാര്‍ മേല്‍ക്കമ്മിറ്റികളിലേക്ക് വളരുന്നു. ശേഷിക്കുന്ന പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും നിശ്ശബ്ദത പാലിക്കുന്നു. ഒച്ചയിടുന്ന പെണ്ണുങ്ങള്‍ വേശ്യകളായി മുദ്രകുത്തപ്പെടുന്നു.

ചോദ്യം ചെയ്യുന്നവരെ രണ്ടുതരത്തിലാണ് നേരിടുക, ഒന്നുകില്‍ ഏതെങ്കിലും കമ്മിറ്റിയില്‍ അധികാരമുള്ള ഒരു സ്ഥാനം. അല്ലെങ്കില്‍ തല്ല്. രണ്ടും ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. പെണ്‍കുട്ടികളെ കെെവെക്കാറില്ല. തല്ലാന്‍ മാത്രമില്ല പെണ്ണ് എന്ന ധാരണ കൊണ്ടും കേസ് വേറെ വരുമെന്ന പേടി കൊണ്ടും.

എന്താണ് പ്രതിവിധി? സംഘടനാനേതൃത്വത്തെ അടിമുടി അഴിച്ചുപണിതാല്‍ കുട്ടികള്‍ അവരുടെ ഒതുക്കിവെച്ച ഫ്രസ്ട്രേഷന്‍ മുഴുവന്‍ പുറത്തിടും. SFI കോട്ട തകരും. അതുകൊണ്ട് പാര്‍ടി യൂണിവേഴ്സിറ്റി കോളേജിനെ നന്നാക്കുമെന്ന പ്രതീക്ഷയില്ല. അവിടെ വിപ്ളവം സൃഷ്ടിക്കാന്‍ പെണ്‍കുട്ടികളെക്കൊണ്ടേ കഴിയൂ. തല്ലിച്ചതക്കില്ല. Slut shaming ഉണ്ടാവും. വെടിയെന്ന് കേട്ടാല്‍ വിറയ്ക്കുന്നോരല്ലല്ലോ മിടുക്കിപ്പെണ്ണുങ്ങള്‍. ''അതേടാ, വെടിയാണ്. വെടികൊണ്ട് വീഴുക നിന്‍റെയൊക്കെ തലച്ചോറിനുള്ളിലെ ലിംഗങ്ങളാണെ''ന്ന് പറയൂ. സ്വാതന്ത്ര്യവും ജനാധിപത്യവുമുള്ളൊരു യൂണിവേഴ്സിറ്റി കോളേജിനെ തിരിച്ചുപിടിക്കൂ.