ദിലീപ് കുമാർ ഗുരുതരാവസ്ഥയിൽ

ദിലീപ് കുമാർ

പ്രശസ്ത ബോളിവുഡ് നടൻ ദിലീപ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണിത്. ഏറെ നാളായി വാർധക്യ സഹജമായ അസുഖം അദ്ദേഹത്തെ അലട്ടുന്നുണ്ട്. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്ന‌ത്.

യുസഫ് ഖാൻ വെള്ളിത്തിരയിലെത്തിയത് ദിലീപ് കുമാറെന്ന പേരിൽ. ബോളിവുഡിലെ സ്വപ്നനായകന്‍. ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്കൊപ്പം സഞ്ചരിച്ച പ്രതിഭ. അങ്ങനെ ഒരുപാട് വിശേഷണങ്ങളുണ്ട് അദ്ദേഹത്തിന്. തൊണ്ണൂറ്റിമൂന്നാം വയസിലെത്തി നിൽക്കുമ്പോഴും ആരാധക പക്ഷം ഇന്നും കൊതിക്കുന്നു അദ്ദേഹം വെള്ളിത്തിരയിലേക്ക് മടങ്ങിവരുവാൻ. മധുമതി, ദേവ്ദാസ്, മുഗൾ-ഇ-അസം, ഗംഗ യമുന, രാം ഔർ ശ്യാം, കർമ തുടങ്ങിയ ബോളിവുഡിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൂടെ ആറു ദശാബ്ദക്കാലം നീണ്ട അഭിനയ ജീവിതത്തിൽ ദിലീപ് രചിച്ചതൊരു ഇതിഹാസം തന്നെയാണ്. അന്ദാസ്, ബാബുൾ, മേള, ദീദർ, ജോഗൻ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ദിലീപ് കുമാറിന് മറ്റൊരു പേരുകൂടി ചാർത്തിക്കിട്ടി, ട്രാജഡി കിങ്. 1998ൽ ഇറങ്ങിയ ഖില ആണ് ദിലീപ് കുമാറിന്റെ അവസാന ചിത്രം.

ഇന്ത്യൻ‌ സിനിമയിലെ ഈ അതികായന് 2015ൽ പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു. ചലച്ചിത്രത്തിനുള്ള മികച്ച സംഭാവനയ്ക്ക് 1994ലെ ദാദാ സാഹെബ് ഫാൽക്കെ അവാർ‍ഡും ദിലീപ് കുമാറിന് ലഭിച്ചു.