രതീഷിന്റെ മക്കൾക്ക് അച്ഛാ ദിൻ

പത്മരാജും പാ‍ര്‍വതിയും

തിരശ്ശീലയിലേക്കു തിരിച്ചുവരികയാണ് രതീഷ്, നാലു വെള്ളാരം കണ്ണുകളിലൂടെ. പുതിയ റിലീസുകളുടെ കൂട്ടത്തിൽ രതീഷിന്റെ രണ്ടു മക്കളുടെയും സിനിമകളുണ്ട്. മകൾ പാർവതിയുടെ അരങ്ങേറ്റ ചിത്രം മധുരനാരങ്ങ, മകൻ പത്മരാജിന്റെ രണ്ടാമത്തെ സിനിമ അച്ഛാ ദിൻ...

സുഗീത് സംവിധാനം ചെയ്യുന്ന മധുരനാരങ്ങയിൽ താമര എന്ന ശ്രീലങ്കൻ പെൺകുട്ടിയെയാണ് പാർവതി അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ തുടക്കം. ‘എല്ലാത്തരം ഇമോഷൻസും ചെയ്യാനുണ്ടിതിൽ. അഭിനയത്തിന്റെ കാര്യത്തിൽ ആദ്യ സിനിമ തന്നെ ചലഞ്ചിങ് ആണ്’- പാർവതി പറയുന്നു. എംബിഎ കഴിഞ്ഞ് ബെംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്നു പാർവതി. ജോലിവിട്ട് നാട്ടിൽ വന്ന സമയത്താണ് കാത്തിരുന്നപോലെ സിനിമയിലേക്ക് അവസരം ലഭിച്ചത്. ‘അച്ഛന്റെ പേരുകളയാതിരിക്കാൻ തീർച്ചയായും കഠിനശ്രമം തന്നെ നടത്തിയിട്ടുണ്ട്’ – പാർവതിയുടെ വാക്കുകളിൽ പ്രതീക്ഷ നിറയുന്നു.

രതീഷ്–ഡയാന ദമ്പതികളുടെ നാലുമക്കളിൽ മൂത്തയാളായ പാർവതിക്കാണ് സിനിമയിൽനിന്ന് ആദ്യ ഓഫർ ലഭിച്ചതെങ്കിലും സഹോദരൻ പത്മരാജ് അഭിനയിച്ച സിനിമയാണ് ആദ്യം റിലീസ് ചെയ്തത്. മമ്മൂട്ടിക്കൊപ്പം വേഷമിട്ട ഫയർമാൻ. രണ്ടാമത്തെ സിനിമയും മമ്മൂട്ടിക്കൊപ്പം തന്നെ. മാർത്താണ്ഡന്റെ സംവിധാനത്തിൽ അച്ഛാ ദിൻ. സിനിമയിലേക്ക് എത്താൻ ഏറെ മോഹിച്ച അച്ഛന്റെ മക്കൾക്ക് ഈദിവസങ്ങൾ സന്തോഷത്തിനൊപ്പം നൊമ്പരങ്ങളുടേതുമാണ്. രതീഷിന്റെ വിയോഗത്തിനു ശേഷം വലിയൊരു തണൽമരമായിനിന്ന അമ്മ ഈ നേട്ടങ്ങൾ കാണാൻ അരുകിലില്ലെന്ന ദുഃഖം.

ചെറുപ്പത്തിൽ അച്ഛനോടൊപ്പം വല്ലപ്പോഴും ഷൂട്ടിങ് സെറ്റുകളിൽ പോകുമ്പോഴും സിനിമ ഒരു ബോറിങ് സംഗതി ആയാണ് ഇരുവർക്കും തോന്നിയിട്ടുള്ളത്. രതീഷ് ആകട്ടെ സിനിമ വീട്ടിലേക്കു കൊണ്ടുവരാത്ത നടനായിരുന്നു. എങ്കിലും പത്മരാജിനെയും പ്രണവിനെയും എന്നെങ്കിലും സിനിമയിൽ അവതരിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ചെറുപ്പത്തിൽ സിനിമയോട് അകന്നുനിന്ന മക്കൾ ജനിതകം വിളിച്ചപോലെ സിനിമയെ ഇഷ്ടപ്പെട്ടു വന്നപ്പോഴേക്കും അച്ഛൻ കൂടെയില്ലാതെപോയി.

പത്മരാജ് സിനിമയിൽ വരാൻ കൊതിച്ചപ്പോൾ പാർവതിയുടേത് ഒരുതരത്തിൽ സർപ്രൈസ് എൻട്രി ആണ്. പ്ലസ്ടു കഴിഞ്ഞപ്പോൾ തന്നെ സിനിമ കരിയറാക്കിയാലോ എന്നു ചോദിച്ച മകളോട് ആദ്യം വിദ്യാഭ്യാസം എന്നു നിർബന്ധം പിടിച്ചത് അമ്മയാണ്. പിന്നീട് പഠനം പൂർത്തിയാക്കി ജോലിനേടിയശേഷം മക്കൾ അഭിനയമോഹം വീണ്ടും പുറത്തെടുത്തപ്പോൾ എല്ലാ പിന്തുണയുമേകി കൂടെ നിന്നതും അമ്മ തന്നെ. ബാസ്കറ്റ്ബോൾ താരം കൂടിയായ പത്മരാജ് ബിബിഎം കഴിഞ്ഞ് രണ്ടുവർഷം ജോലിചെയ്തശേഷം അമ്മയുടെ ചികിൽസാർഥമാണ് തിരുവനന്തപുരത്തേക്കുവന്നത്. സിനിമാ താൽപര്യം അച്ഛന്റെ സുഹൃത്തുകൂടിയായ മമ്മൂട്ടിയെ അറിയിച്ചിരുന്നു. ഒരു ഫീച്ചറിനൊപ്പം പ്രസിദ്ധീകരിച്ച ചിത്രം കണ്ടാണ് ഫയർമാൻ സിനിമയുടെ അണിയറക്കാർ പത്മരാജിനെ സമീപിച്ചത്. ഇതറിഞ്ഞപ്പോൾ ചിത്രത്തിലെ നായകനായ മമ്മൂട്ടിയും വേറെ ആരെയും തിരയേണ്ടെന്നു നിർദേശിക്കുകയായിരുന്നു.

‘മമ്മൂക്കയോടൊപ്പം അഭിനയിക്കുമ്പോൾ നെർവസ് ആയിരുന്നു. അപ്പോഴൊക്കെ അദ്ദേഹം അടുത്തുവന്ന് പിന്തുണയും ആത്മവിശ്വാസവും പകർന്നു’- ആദ്യ സിനിമയുടെ അനുഭവം പത്മരാജ് ഓർക്കുന്നു. ആഗ്രഹിച്ചതുപോലെ വില്ലൻവേഷത്തിൽ തുടങ്ങാനായതും ആദ്യചിത്രം ഹിറ്റായതും അനുഗ്രഹമായി കരുതുന്നു. സ്ക്രീനിൽ മകനെ കണ്ടപ്പോൾ അച്ഛൻ ഓർമയിലെത്തിയെന്നു ചിലരെങ്കിലും പറഞ്ഞത് വലിയ ബഹുമതിയായി മനസ്സിൽ ചേർത്തുവെക്കുന്നു.

പാർവതിയുടെ ഫെയ്സ് ബുക് പേജിൽ ആശംസകൾ നിറയുകയാണ്. പാറുവിന് വിജയത്തുടക്കം നേരുന്നവർ. പൗരുഷത്തിന്റെ മറ്റൊരു പ്രതിരൂപമായി മലയാളം ഏറ്റുവാങ്ങിയ പ്രിയനടനോടുള്ള സ്നേഹം മക്കൾക്കും നൽകുന്നു പ്രേക്ഷകർ. മലയാള സിനിമാലോകം മുഴുവൻ പിന്തുണയുമായി ഒപ്പമുണ്ടെന്ന് പാർവതിയും പത്മരാജും ആത്മവിശ്വാസത്തോടെ പറയുന്നതും അതുകൊണ്ടുതന്നെയാണ്.