നടൻ സത്താർ അറസ്‌റ്റിൽ

ഡയറക്‌ട് മാർക്കറ്റിങ്ങിലൂടെ പണം സമാഹരിച്ചു തട്ടിപ്പു നടത്തിയ കേസിൽ നടൻ സത്താറിനെ(63) പൊലീസ് അറസ്‌റ്റ് ചെയ്‌തു. വർക്കല ഗവ. ഹൈസ്‌കൂളിനു സമീപം 2007–ൽ ഇൻഫോ വിഷൻ എന്ന പേരിൽ കമ്പനി തുടങ്ങി ഗൃഹോപകരണങ്ങളും ഇലക്‌ട്രോണിക്‌സ് സാധനങ്ങളും ഡയറക്‌ട് മാർക്കറ്റിങ് നടത്തുന്നുവെന്നു കാണിച്ചു വൻ തുക സ്വരൂപിച്ചു.

പിന്നാലെ സ്‌ഥാപനവും അടച്ചുപൂട്ടി ചെയർമാൻ കൂടിയായ സത്താർ മുങ്ങിയെന്നാണു കേസ്. പലതവണ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നു മജിസ്‌ട്രേറ്റിന്റെ നിർദേശപ്രകാരം കൊടുങ്ങല്ലൂർ ശാന്തിപുരം കാട്ടരികത്ത് മുളങ്കാടകം ഹൗസിൽ നിന്നുമാണ് ഇന്നലെ രാവിലെ വർക്കല സിഐ വിനോദിന്റെ നേതൃത്വത്തിൽ അറസ്‌റ്റു ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ സത്താറിനെ റിമാൻഡു ചെയ്‌തു.