സിദ്ദിഖും സിദ്ദിഖും ഒന്നിക്കുന്നു, 25 വർഷത്തിനു ശേഷം

മലയാളത്തിന്റെ പ്രിയ നടൻ സിദ്ദിഖും പ്രിയ സംവിധായകൻ സിദ്ദിഖും 25 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. 1991-ലിറങ്ങിയ ഗോഡ്ഫാദർ എന്ന ബമ്പർഹിറ്റ് ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഫുക്രി. ജയസൂര്യ നായകനാകുന്ന ചിത്രത്തിൽ സുലൈമാൻ ഫുക്രി എന്ന പ്രധാനകഥാപാത്രത്തെയാണ് സിദ്ദിഖ് അവതരിപ്പിക്കുന്നത്.

‘‘ഗോഡ്ഫാദറിലാണ് ഞങ്ങൾ അവസാനം സിനിമയിൽ ഒരുമിച്ചത്. പക്ഷേ ജീവിതത്തിൽ എന്നും ഒന്നിച്ചാണ്. അങ്ങോട്ടുമിങ്ങോട്ടും മിക്കവാറും വിളിക്കും, കാണും. ഫുക്രിയിൽ അഭിനയിക്കാൻ ചെന്നപ്പോൾ ഞാനാണ് സിനിമയിലെ ഇൗ ഇടവേളയുടെ കാര്യം സൂചിപ്പിക്കുന്നത്. അയ്യോ അത്രയും നാൾ ആയോ എന്ന്‌ സിദ്ദിഖ് അത്ഭുതപ്പെട്ടു.’’ നടൻ സിദ്ദിഖ് പറഞ്ഞു.

ജയസൂര്യയുടെ മുത്തച്ഛൻ കഥാപാത്രമായ സുലൈമാൻ ഫുക്രി ആയിട്ടാണ് സിദ്ദിഖ് ചിത്രത്തിൽ എത്തുന്നത്. മുസ്ലിം സമുദായത്തിലെ ഒരു സ്ഥാനപ്പേരാണ് ഫുക്രി. പ്രയാഗാ മാർ‌ട്ടിനാണ് ചിത്രത്തിലെ നായിക.

മലയാളത്തിൽ വളരെ സജീവമായ അപൂർവം പഴയ തലമുറ നടന്മാരിലൊരാളാണ് സിദ്ദിഖ്. പുലിമുരുകൻ, ഒപ്പം, ആൻമരിയ കലിപ്പിലാണ് തുടങ്ങി അടുത്തിറങ്ങിയ പല ചിത്രങ്ങളിലും സിദ്ദിഖിന് നിർണായക വേഷങ്ങളുണ്ടായിരുന്നു. മലയാളത്തിലെ ഏറ്റവും മികച്ച സ്വഭാവ നടന്മാരിലൊരാളായി എണ്ണപ്പെടുന്ന അദ്ദേഹം സഹനടനായി വന്ന് ഹാസ്യവേഷങ്ങൾ കൈകാര്യം ചെയ്ത് നായക, വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം സ്ഥാപിച്ചയാളാണ്.