സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചു; മലയാളി നടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്ന് മലയാളി നടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ടെലിവിഷൻ സീരിയലുകളിലൂടെ ശ്രദ്ധേയയായ ആതിര സന്തോഷ് എന്ന അതിഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആതിര ആത്മഹത്യയ്ക്ക് ശ്രമിച്ച വിവരം വാട്ട്സാപ്പിലൂടെ പ്രചരിച്ചിരുന്നെങ്കിലും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടിയുടെ വിഡിയോ ഒരു ചാനൽ പുറത്തുവിട്ടതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറംലോകം അറിഞ്ഞത്.

നെടുനാള്‍ വാടെ എന്ന തമിഴ് സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയായിരുന്നു അതിഥി. നവാഗതനായ സെല്‍വകണ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാൽ ലൊക്കേഷനില്‍ നിന്ന് അതിഥിക്ക് മോശമായ അനുഭവങ്ങളാണ് ഉണ്ടായത്. ലൈംഗികമായും മാനസികമായും സംവിധായകന്‍ സെല്‍വ കണ്ണന്‍ പീഡിപ്പിച്ചെന്നാണ് ആരോപണം. ഇതു പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി വിഡിയോയിൽ പറയുന്നു.

ഇതിനിടയില്‍ സംവിധായകന് നടിയോട് പ്രേമാഭ്യര്‍ഥന നടത്തിയത്രേ. ഇത് അതിഥി നിരസിച്ചതോടെ സംവിധായകന്‍ താരത്തോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയുണ്ട്. സംവിധായകന്റെ പീഡനം സഹിക്കാനാവാതെ അതിഥി സിനിമയില്‍ നിന്നും പിന്‍വാങ്ങിയെന്നും പറയുന്നു. സംവിധായകനെതിരെ നടികര്‍ സംഘം, സംവിധായകരുടെ സംഘം എന്നിവര്‍ക്ക് പരാതിയും നല്‍കി.

രോഷാകുലനായ ശെല്‍വ അതിഥിയെ വീണ്ടും ഭീഷണിപ്പെടുത്തുകയും നടിയുടെ സിനിമ- പരസ്യ ചിത്രീകരണ ലൊക്കേഷനില്‍ ചെന്ന് ബഹളം വെയ്ക്കുകയും ചെയ്തുവെന്നും പറയപ്പെടുന്നു. പിന്നീട് നടി പൊലീസിലും പരാതിപ്പെട്ടു. ഈ പ്രശ്‌നങ്ങള്‍ അതിഥിയുടെ കരിയറിനെ ബാധിച്ചു. പ്രമുഖ സംവിധായകന്റെ സിനിമയില്‍ നിന്നും താരം പുറത്തായി. ഇതിനെ തുടര്‍ന്നാണ് നടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

‘‘ഒരു വർഷമായി ഈ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയിട്ട്. ആദ്യത്തെ നായകനെ ഓരോ കാരണങ്ങൾ പറഞ്ഞു മാറ്റി മറ്റൊരു നായകനെ തീരുമാനിക്കുകയും അങ്ങനെ ചിത്രീകരണം അയാൾ മനഃപൂർവം നീട്ടിവയ്ക്കുകയുമായിരുന്നു. ഷൂട്ടിങ്ങിനിടെ ഫോൺ പോലും ഉപയോഗിക്കാൻ സമ്മതിച്ചില്ല. എപ്പോൾ ഉറങ്ങണമെന്നും എന്തു കഴിക്കണമെന്നും അയാളാണു തീരുമാനിച്ചിരുന്നത്. റൂമിൽ വന്ന് ഉപദ്രവിക്കുമായിരുന്നു. അതൊക്കെ പറയാൻ പോലും പേടിയാണ്. രക്ഷപ്പെട്ടു പുറത്തുപോകണമെന്നു പറഞ്ഞപ്പോൾ കഴുത്തിൽ കുത്തിപ്പിടിച്ചു മർദിച്ചു. അതെന്റെ ആദ്യ സിനിമയായിരുന്നു. എന്തുചെയ്യണമെന്നു പോലും അറിയില്ലായിരുന്നു’’- നടി പറഞ്ഞു.

‘‘സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്നു. ജോലി കളഞ്ഞ് വീട്ടിൽ പ്രശ്നമുണ്ടാക്കിയാണു സിനിമയിൽ എത്തിയത്. ഈ സംഭവം കാരണം കരാർ ഒപ്പിട്ട രണ്ടു ചിത്രങ്ങളും നഷ്ടപ്പെട്ടു. ഇതറിഞ്ഞതോടെ അമ്മ വയ്യാതെ കിടക്കുകയാണ്. ഒന്നു വരാൻ പോലും സാധിക്കില്ല. രണ്ട് അനിയത്തിമാരുണ്ട്. ഈ ചിത്രത്തിൽ അഭിനയിക്കുമ്പോൾത്തന്നെ എനിക്കു വന്ന മറ്റു ചിത്രങ്ങളൊക്കെ അയാൾ ഓരോ കാരണങ്ങൾ പറഞ്ഞു നഷ്ടപ്പെടുത്തി’’- നടി പറയുന്നു.

പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ ‘പൈസ വാങ്ങിയല്ലേ അഭിനയിക്കാൻ തീരുമാനിച്ചത്, അപ്പോൾ അയാൾ പറയുന്നതൊക്കെ അനുസരിക്കണം’ എന്നാണ് അവർ പറഞ്ഞത്. നടികര്‍സംഘത്തില്‍ അംഗമല്ലാത്തതിനാല്‍ ആ വഴി ഒന്നും ചെയ്യാന്‍ കഴിയില്ല എന്നാണ് പ്രസിഡന്റ് നാസറിന്റെ മാനേജർ ആദ്യം പറഞ്ഞത്. എന്നിരുന്നാലും മനുഷ്യാവകാശത്തിന്റെ പേരില്‍ ഇതേക്കുറിച്ച് അന്വേഷിക്കുമെന്നു സംഘടന വ്യക്തമാക്കി. ഇതു മാധ്യമങ്ങളിൽ വന്നാൽ കരിയറിനു പ്രശ്നമുണ്ടാകുമെന്നും പറഞ്ഞു. നടൻ വിശാല്‍ വിവരങ്ങള്‍ അന്വേഷിച്ചതായും നടി പറഞ്ഞു.

എന്നാൽ നടിയുടെ ആരോപണങ്ങൾ സംവിധായകൻ നിഷേധിച്ചു. അതിഥി പച്ചക്കള്ളമാണ് പറയുന്നതെന്നും സത്യാവസ്ഥ ഉടൻ പുറത്തുവരുമെന്നും സെൽവകണ്ണൻ പറഞ്ഞു.