അന്ന് പ്രേംനസീറിന്റെ നായിക, ഇന്ന് ചെന്നൈയിലെ തെരുവിൽ അനാഥ വാർധക്യം?

ഈ ചിത്രത്തിൽ കാണുന്നത് ഒരുകാലത്ത്‌ പ്രേംനസീർ അടക്കമുള്ളവരുടെ നായികയായിരുന്ന നടി സാധന തന്നെയോ? ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തിൽ അവകാശപ്പെടുന്നത് ശരിയാണോ? ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സിനിമകളിലും ഓടിനടന്ന് അഭിനയിച്ചിരുന്ന സാധനയുടെ (അന്തരിച്ച ബോളിവുഡ് നടിയല്ല) ഇന്നത്തെ അവസ്ഥ ഇതാണെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

വാർധക്യത്തിൽ ഉറ്റവർ ആരുമില്ലാതെ ചെന്നൈയിലെ തെരുവിൽ അനാഥയെ പോലെ ജീവിക്കുന്നതായാണ് ചിത്രത്തിനൊപ്പം പ്രചരിക്കുന്ന കുറിപ്പിൽ പറയുന്നത്. ഒരുകാലത്ത് മലയാള സിനിമയിൽ വളരെ ശോഭിച്ച് നിന്ന ഒരു കലാകാരിയായിരുന്നു സാധന. പ്രേംനസീർ , കെ.പി ഉമ്മർ, അടൂർഭാസി തുടങ്ങി പ്രമുഖ നടന്മാരുടെ കൂടെ നിരവധി ചിത്രങ്ങളില്‍ ഇവർ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യൻ ഭാഷകളിൽ നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

പ്രേംനസീർ നായകനായ ‍ഡെയ്ഞ്ചർ ബിസ്കറ്റ് എന്ന ചിത്രത്തിലെ ‘ഉത്തരാ സ്വയംവരം കഥകളി കാണുവാൻ...’ എന്ന ഗാനരംഗം ഒരിക്കലെങ്കിലും കണ്ടിട്ടില്ലാത്ത മലയാളികൾ കാണില്ല. ഈ പാട്ടിൽ അഭിനിയിക്കുന്നത് സാധനയാണ്. ലങ്കാദഹനം, റെസ്റ്റ് ഹൗസ്, സിഐഡി നസീർ തുടങ്ങിയ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളത്തിലുണ്ട്. ആന്ധ്രയിലെ മുസ്ലിം കുടുംബത്തിൽ പിറന്ന സാധന സിനിമാ പ്രേമികളുടെ ഹരമായി മാറിയത് പെട്ടെന്നാണ്. മനോഹരമായി നൃത്തം ചെയ്തിരുന്ന സാധനയുടെ ഐറ്റം ഡാൻസുകൾ ഒരുകാലത്ത് പ്രേക്ഷകന്റെ ഉറക്കം കെടുത്തിയിരുന്നു. അറുപതുകളിലും എഴുപതുകളിലും വളരെ തിരക്കുള്ള നടിയായിരുന്നു.

സംവിധായകൻ ആലപ്പി അഷ്രഫ് ഇവരുടെ ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത് കുറിപ്പ് എഴുതിയിരുന്നു. അത് പിന്നീട് വൈറലാകുകയും ചെയ്തു.