ബോളിവുഡ് നടി സാധന അന്തരിച്ചു

ബോളിവുഡ് നടി സാധന

ബോളിവുഡ് നടി സാധന (74)അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ മുംബൈ ഹിന്ദുജ ആശുപത്രിയിലായിരുന്നു അന്ത്യം. ഫ്രിഞ്ജ് ഹെയര്‍സ്റ്റൈലുമായി പഴയകാല ബോളിവുഡ് ചിത്രങ്ങളിലെ നിറസാന്നിധ്യമായിരുന്നു ഇവർ. അർബുദ രോഗത്തെതുടർന്ന് ചികിൽസയിലായിരുന്നു. അറുപത് എഴുപതുകളിലെ മുൻനിരനായികമാരിൽ ഒരാളായ സാധന രാജ് കപ്പൂറിന്റെ ശ്രീ ചാർ സോ ബീസിലൂടെയാണ് ബോളിവുഡിലെത്തുന്നത്.

1960ൽ പുറത്തിറങ്ങിയ ആർ.കെ. നയ്യാർ സംവിധാനം ചെയ്ത ലവ് ഇൻ ഷിംലയാണ് സാധനയെന്ന നടിയെ ശ്രദ്ധേയയാക്കിയത്. ചിത്രത്തിലെ സാധനയുടെ ഹെയർ സ്റ്റൈൽ സാധന കട്ടെന്ന പേരിൽ പിന്നീട് രാജ്യമൊട്ടാകെ തരംഗമായി.

തൈറോയിഡ് രോഗബാധയെ തുടർന്ന് കണ്ണിന് തകരാറ് സംഭവിച്ചതോടെ പൊതുവേദികളിലൊന്നും അവർ എത്തിയിരുന്നില്ല. തൈആർസൂ, മേരാ മെഹബൂബ്, മേരാ സായ, മെഹബൂബ് തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ. ആദ്യ ഹിറ്റ് നൽകിയ സംവിധായകൻ ആർ.കെ. നയ്യാരെയാണ് സാധന ജീവിതപങ്കാളിയാക്കിയത്. മക്കളില്ല.