കടയിൽ നടിയുടെ കയ്യാങ്കളി

മോഡലും ടിവി താരവും ബിഗ് ബോസ് ഷോ സീസൺ 5-ലെ മൽസരാർഥിയുമായ പൂജാ മിശ്ര ഡൽഹിയിലെ ഒരു കടയിൽ വച്ച് ആളുകളെ മർദിക്കുന്ന വിഡിയോ പുറത്ത്. കുട്ടിയുടുപ്പുമിട്ട് കടയിൽ എത്തിയ താരത്തോട് മോശമായി പെരുമാറാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് നടി രണ്ടു പേരെ കയ്യേറ്റം ചെയ്തത്.

കടയിലുണ്ടായിരുന്ന രണ്ടു പേരുമായി വാഗ്വാദത്തിലേർപ്പെട്ട നടി തുടർന്ന് ചെവി പൊട്ടുന്ന ചീത്തയാണ് വിളിക്കുന്നത്. അവരും തിരിച്ച് പറയാൻ തുടങ്ങിയതോടെ സംഗതി കയ്യാങ്കളിയായി. അങ്ങോട്ടുമിങ്ങോട്ടും തള്ളും അടിയും തൊഴിയുമായി. ഒടുവിൽ കടയിൽ നിന്ന് അവരെ നടി ചവിട്ടിപ്പുറത്താക്കി. ഇടയ്ക്ക് നടി തോക്കും പുറത്തെടുത്തെന്ന് കാഴ്ചക്കാർ പറഞ്ഞു.

കരോൾ ബാഗിലെ ഒരു കടയിൽ ഞായറാഴ്ച രാത്രിയാണ് സംഗതി അരങ്ങേറിയത്. കേസ് ഇതു വരെ ഫയൽ ചെയ്തിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങൾ പരിശേധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.