അജിത്തിന്റെ ആരോഗ്യകാര്യത്തിൽ മമ്മൂട്ടിക്ക് എന്താണിത്ര ശ്രദ്ധ?

അജിത്ത് മമ്മൂട്ടിക്കൊപ്പം. ചിത്രം–ആർ.എസ് ഗോപൻ

ലൊക്കേഷനിൽ ഭക്ഷണ സമയത്ത് ഒരു ചിക്കൻ പീസ് അധികം എടുത്താൽ അജിത്തിനോടു മമ്മൂട്ടി പറയും. വേണ്ട... തടി കൂട്ടണ്ട... പിന്നെ ഒരു കണ്ണടച്ചു പറയും നീ എത്രവേണമെങ്കിലും കഴിച്ചോളൂ എന്ന്. പക്ഷേ, ഭക്ഷണം കഴിച്ചു കഴിഞ്ഞ് മിനിമം അരമണിക്കൂർ മമ്മൂട്ടിയുടെ ഉപദേശമാണ്. ‘യങ് ആൻഡ് സ്‌ലിം’ ആകാനുള്ള പൊടിക്കൈകൾ. പിന്നെ കുറേ വ്യായാമരീതികളും. എല്ലാം സ്വയം പരീക്ഷിച്ചു വിജയിച്ചവ. അജിത് ആർ.ശങ്കറെന്ന കറുകച്ചാൽ മാന്തുരുത്തി സ്വദേശിയായ സ്റ്റിൽ ഫൊട്ടോഗ്രഫറുടെ ആരോഗ്യ കാര്യത്തിൽ മമ്മൂട്ടിയെന്തിനാണ് ഇത്രയധികം ശ്രദ്ധിക്കുന്നതെന്നല്ലേ, ഷൂട്ടിങ്ങിനിടയിൽ മമ്മൂട്ടിക്കൊരു പനിപിടിച്ചാൽ മഴയത്തിറങ്ങാനും, ഇരട്ടവേഷം ചെയ്താൽ സജഷൻ ഷോട്ടിനുമെല്ലാം മമ്മൂട്ടിക്ക് അജിത്തിനെ വേണം. അപ്പോൾ മമ്മൂട്ടി നോക്കുന്നതു പോലെ അജിത്തും ശരീരം നോക്കണം. വണ്ണവും കൂടരുത്, വയറും ചാടരുത്.

∙അച്ഛനും മോനും

മമ്മൂട്ടി ചിത്രങ്ങളിലെ കോസ്റ്റ്യൂം ഡിസൈനർമാർ ഒരേ അളവിൽ രണ്ട് ഡ്രസുകൾ തയാറാക്കാറുണ്ട്. ഒന്നു മമ്മൂട്ടിക്കും ഒന്ന് അജിത്തിനും. മമ്മൂട്ടി ഇരട്ടവേഷം ചെയ്ത ദാദാസാഹിബ് സിനിമയിൽ ഉടനീളം അജിത്തുണ്ടായിരുന്നു. മമ്മൂട്ടി അച്ഛനായി അഭിനയിക്കുമ്പോൾ അജിത് മകനാകും. മമ്മൂട്ടി മകനാകുമ്പോൾ അജിത് അച്ഛനാകും. അങ്ങനെ സജഷൻ ഷോട്ടുകളിളെല്ലാം അജിത്തായിരുന്നു. പരമ്പര എന്ന സിനിമയിൽ മമ്മൂട്ടിയുടെ ഡ്യൂപ്പായി അഭിനയിച്ചയാൾക്കു തടികൂടിയതോടെയാണു ഡ്യൂപ്പാവാൻ അജിതിന് ചാൻസ് കിട്ടിയത്. പളുങ്ക് സിനിമയുടെ ഷൂട്ടിങ് ഹൈറേഞ്ചിൽ നടക്കുമ്പോൾ നല്ല തണുപ്പുണ്ടായിരുന്നു. അങ്ങനെ മഞ്ഞും തണുപ്പുമടിച്ചു മമ്മൂട്ടിക്കു പനിയായി. പിന്നീടുള്ള ലോങ് ഷോട്ടുകളിലെല്ലാം അജിത്താണു മമ്മൂട്ടിയായത്. നസ്രിയയെ തോളത്തെടുത്തു നടക്കുന്നതും മഴയത്തു പശുവിനെയുമായി നടന്നു പോകുന്നതുമെല്ലാം അജിത്താണ്. ബോംബെ മാർച്ച് 12, കോബ്ര തുടങ്ങിയ സിനിമയിലും ചില രംഗങ്ങളിൽ മമ്മൂട്ടിക്കു പകരക്കാരനായി. 26 സിനിമകളിൽ മമ്മൂട്ടിയുടെ ഡ്യൂപ്പായി അഭിനയിച്ചു. പട്ടാഭിഷേകം എന്ന സിനിമയിൽ ജയറാമിന്റെയും ഡ്യൂപ്പായി. ഇതിനിടയിൽ ഒട്ടേറെ ചിത്രങ്ങളിൽ ചെറിയ റോളുകളിൽ അഭിനയിക്കുകയും ചെയ്തു.

∙111 ചിത്രങ്ങൾ

111 മലയാള ചലച്ചിത്രങ്ങളുടെ സ്റ്റിൽ ഫൊട്ടോഗ്രഫി ചെയ്തിട്ടുണ്ട് അജിത്. 22 –ാം വയസ്സിൽ സിനിമയിലെത്തി. 1990ലെ മമ്മൂട്ടി–പത്മരാജൻ ചിത്രം ഈ തണുത്ത വെളുപ്പാൻ കാലത്ത് ആയിരുന്നു ആദ്യത്തേത്. ഡിജിറ്റൽ ഫൊട്ടോഗ്രഫി വരുന്നതിനും വർഷങ്ങൾക്കു മുൻപാണ് അജിത് സിനിമയിലെത്തുന്നത്. അന്ന് ആദ്യമായി ഡിജിറ്റൽ ക്യാമറ കാണുന്നത് മമ്മൂട്ടിയുടെ കയ്യിലാണ്. അവസാനമായി ഫൊട്ടോഗ്രഫറായതും ഡ്യൂപ്പായതും തോപ്പിൽ ജോപ്പനിലാണ്. ഇപ്പോൾ 26 വർഷം പിന്നിട്ടു, നിശ്ചല സിനിമാ ദൃശ്യങ്ങൾക്കു തുടർച്ചയായിട്ട്. ഇനി സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യണം, മമ്മൂട്ടിയെ നായകനാക്കി, ഇതാണ് അജിത്തിന്റെ ആഗ്രഹം.

∙ഫൊട്ടോഗ്രഫർ മമ്മൂട്ടി

സ്റ്റിൽ ഫൊട്ടോഗ്രഫറായതിനാൽ ഷൂട്ടിങ് സൈറ്റിൽ എപ്പോഴുമുണ്ടാകും അജിത്. മമ്മൂട്ടിയുടെ അതേ കോസ്റ്റ്യൂമിൽ നിന്നാണ് പലപ്പോഴും അജിത് സ്റ്റിൽ ഫോട്ടോകളെടുക്കുന്നത്. ഓരോ ചിത്രമെടുക്കുമ്പോഴും ആദ്യമായി ഫോട്ടോ എടുക്കുന്നതുപോലെയാണു മമ്മൂട്ടി എന്നാണ് അജിത് പറയുന്നത്.