ഒറ്റ സീനിലെ പ്രണയം

നടൻ അജുവർഗീസും അഗസ്റ്റീനയും വിവാഹിതരായതു വാലന്റൈൻസ് ദിനം കഴിഞ്ഞു 10 ദിവസത്തിനു ശേഷമാണ്. 2014 ഫെബ്രുവരി 24ന്. പ്രണയത്തെക്കുറിച്ചു പറയുമ്പോൾ അജുവിന്റെ മനസ്സിൽ എപ്പോഴുമുള്ളതു തേൻമാവിൻ കൊമ്പത്തിലെ സീൻ.

‘പ്രണയം പറയാൻ ലാലേട്ടനുള്ള കഴിവ് അപാരമാണ്. തേൻമാവിൻ കൊമ്പത്തിലെ ‘ പോരുന്നോ? എന്റെ കൂടെ’ ആ ചോദ്യം... മനസ്സിൽ തറഞ്ഞു നിൽക്കാത്ത പ്രണയിനികളുണ്ടോ ??? കൂടെ വിളിക്കാതെ യാത്ര പറയുന്ന മാണിക്യനോടുള്ള ദേഷ്യം പിറുപിറുത്തു നടന്നു നീങ്ങുന്ന കാർത്തുമ്പിയുടെ (ശോഭന) മുന്നിൽ വന്നു നിൽക്കുന്ന മാണിക്യൻ: ‘പെട്ടെന്ന് ഓർത്തു എന്താ ചോദിക്കേണ്ടേന്ന്,

കാർത്തുമ്പി: വേഗം ചോദിച്ചോളു, ഇനി മറക്കുന്നതിനു മുൻപ് .. മാണിക്യൻ: പോരുന്നോ? എന്റെ കൂടെ (പശ്ചാത്തലത്തിൽ പാടവരമ്പിലെ മരത്തിൽ നിന്നുള്ള കൊക്കുകൾ പറന്നുയരുന്നു). ഇതിലും മനോഹരമായി എങ്ങനെ പ്രണയം പറയും. – സീൻ റിക്രിയേറ്റ് ചെയ്ത പോലെ അജു പറഞ്ഞു നിർത്തി.