ഇരട്ടക്കുട്ടികൾ, അജുവിന് ഇരട്ടി ട്രോൾ

അജുവിന് വീണ്ടും ഇരട്ടക്കുട്ടികള്‍ എന്നു കേട്ടപ്പോൾ പലരുടെയും മുഖത്ത് ആകാംക്ഷയും കൗതുകവുമായിരുന്നു. ആദ്യമുണ്ടായത് ഇരട്ടക്കുട്ടികൾ. ഒരാണും പെണ്ണും. ഇപ്പോഴിതാ ഭാഗ്യം വീണ്ടും ഇരട്ടക്കുട്ടികൾ. രണ്ട് ആൺകുട്ടികൾ. പിന്നാലെ എത്തിയത് ട്രോൾ മഴയാണ്. ആശംസകൾ പോലും ട്രോൾ രൂപത്തിൽ.

ഇന്നലെ ഫെയ്സ്ബുക്കിൽ ട്രെൻഡിങിൽ ഒന്നാമതെത്തി അജുവിന്റെ പേര്. നടൻ സലിം കുമാർ വരെ ട്രോളാശംസകളുമായി എത്തി. അജു തന്നെയാണ് യഥാർഥ സൂപ്പർസ്റ്റാർ എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രതികരണം.

‘ഇനിയിപ്പൊ ഇതൊരു ജില്ലയായിട്ടു പ്രഖ്യാപിക്കാം അല്ലെ? ഞാൻ കളിപ്പാട്ടം മേടിച്ച്‌ മുടിയുമെന്ന് സുഹൃത്തും നടനുമായ നീരജ് മാധവ്. ‘വീണ്ടും ഇരട്ടകുട്ടികളുടെ അച്ഛൻ’. അജുവിന് ആശംസകൾ നിവിൻ പോളി കുറിച്ചു.

പിന്നാലെ ട്രോളന്മാർക്ക് നന്ദി പറഞ്ഞ് അജുവും എത്തി. ഇന്നലത്തെ ട്രോള്‍ മഴയ്ക്ക് പിന്നിൽ പ്രവർത്തിച്ച കേരള ഫയർ ഫോഴ്‌സിനും എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി" എന്ന് അജു ഫെയ്സ്ബുക്കിൽ കുറിച്ചു.

ജേക്, ലൂക് എന്നാണ് അജു തന്റെ രണ്ടാമത്തെ ഇരട്ടക്കുട്ടികള്‍ക്ക് നൽകിയിരിക്കുന്ന പേര്. ഇവാന്‍, ജുവാന എന്നീ പേരുകളുള്ള അജുവിന്റെ ആദ്യ ഇരട്ടക്കുട്ടികള്‍ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം'എന്ന വിനീത് ശ്രീനിവാസന്‍ സിനിമയില്‍ അജു അവതരിപ്പിച്ച കഥാപാത്രത്തിന്റെ മക്കളായിത്തന്നെയാണ് ഇവാനും ജൂലിയയും എത്തിയത്.

ഫാഷന്‍ ഡിസൈനറാണ് അജുവിന്റെ ഭാര്യ അഗസ്റ്റീന. 2014 ഫെബ്രുവരിയിലായിരുന്നു അജുവിന്റെയും അഗസ്റ്റീനയുടെയും വിവാഹം.