മമ്മൂട്ടി ചിത്രവുമായി ഇരട്ടസംവിധായകര്‍

അമല്‍ നീരദ്, അന്‍വര്‍ റഷീദ്, മാര്‍ട്ടിന്‍ പ്രക്കാട്ട് തുടങ്ങി ഒരുപിടി സംവിധായകരെ മലയാളത്തിന് പരിചയപ്പെടുത്തി കൊടുത്തത് മമ്മൂട്ടിയാണ്. നവാഗതസംവിധായകരില്‍ അദ്ദേഹം കാണുന്ന കഴിവും അവര്‍ക്ക് കൊടുക്കുന്ന പ്രോത്സാഹനവും മറ്റൊരു നടനിലും കാണാത്ത ഒന്നാണ്.

മമ്മൂട്ടിയുടെ പുതിയ ചിത്രവും സംവിധാനം ചെയ്യുന്നത് രണ്ട് നവാഗതര്‍ ചേര്‍ന്നാണ്. 26 വയസ്സുള്ള അഖില്‍ പോളും 25 വയസ്സുള്ള അനസ് ഖാനും ചേര്‍ന്നാണ് സംവിധാനം. ഒരുപക്ഷേ ഒരു മെഗാതാരത്തിന്‍റെ ചിത്രമൊരുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സംവിധായകരായിരിക്കും ഇവര്‍ രണ്ടു പേരും.

അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും. പൃഥ്വിരാജ് ചിത്രമായ സെവന്‍ത്ത് ഡേയുടെ തിരക്കഥയൊരുക്കി ശ്രദ്ധേയനാണ് അഖില്‍.

ചിത്രമൊരു ആക്ഷന്‍ ത്രില്ലറായിരിക്കും. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി.