പ്രിയദര്‍ശനും ലാലേട്ടനും 'ഒപ്പം' അൽഫോൺസ് പുത്രനും

പ്രിയദർശനും മോഹൻലാലും ഒന്നിക്കുന്ന ചിത്രം ഒപ്പത്തിനു മാറ്റുകൂട്ടാൻ യുവ സംവിധായകൻ അൽഫോണ്‍സ് പുത്രനും. ഒരുപാടു പ്രത്യേകതകളുള്ള ചിത്രത്തിന്റെ ട്രെയിലർ എഡിറ്റ് ചെയ്യുന്നത് അൽഫോൺസ് പുത്രനാണ്. പ്രിയദർശൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. അൽഫോൺസ് സംവിധാനം ചെയ്ത ചിത്രങ്ങളായ നേരം, പ്രേമം എന്നിവ മലയാളത്തില്‍ വലിയ തരംഗമാണു സൃഷ്ടിച്ചത്. ഇവയുടെ ട്രെയിലർ എഡിറ്റ് ചെയ്തതും അൽഫോൺസ് തന്നെയായിരുന്നു. അൽഫോൺസ് ചിത്രങ്ങളെ അഭിനന്ദിച്ച് പ്രിയദർശൻ രംഗത്തെത്തിയിരുന്നു. നവസംവിധായകർക്കൊപ്പം പ്രവർത്തിക്കാനുള്ള ആഗ്രഹത്തെ കുറിച്ചും അന്നു പ്രിയദർശൻ പറഞ്ഞിരുന്നു. അതിന്റെ തുടർച്ചയായാണു ഒപ്പത്തിന്റെ ട്രെയിലർ എഡിറ്റിങ് അൽഫോൺസിലേക്കെത്തിയതു. എം.എസ് അയ്യപ്പനാണു ഒപ്പം സിനിമയുടെ പ്രധാന എഡിറ്റർ. 

അന്ധനായ ജയരാമൻ എന്ന കഥാപാത്രത്തെയാണു മോഹൻലാൽ  അവതരിപ്പിക്കുന്നത് എന്നതുൾപ്പെടെ ഒരുപാടു പ്രത്യേകതകളുള്ള ചിത്രമാണു ഒപ്പം. അന്വേഷണാത്മക ചിത്രത്തിന്റെ തിരക്കഥ പ്രിയദർശൻ തന്നെയാണ് എഴുതിയത്. വിമല രാമൻ, അനുശ്രീ, രൺജി പണിക്കർ, നെടുമുടി വേണു, മാമുക്കോയ, ഇന്നസെന്റ്, കുഞ്ചൻ, സിദ്ദിഖ് എന്നിവരാണു പ്രധാന വേഷങ്ങളിൽ. ആശിർവാദ് സിനിമാസ് ബാനറിൽ ആൻറണി പെരുമ്പാവൂരാണു ചിത്രം നിർമ്മിക്കുന്നത്. 

പ്രിയദർശൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എന്നെന്നും മലയാളിയുടെ പ്രിയ സിനിമകളായി മാറിയിട്ടുണ്ട്. ‌ഏറെക്കാലത്തിനു ശേഷം ഇരുവരുമൊന്നിക്കുന്ന ഈ സിനിമയെ ഒരുപാടു പ്രതീക്ഷകളോടെ കാത്തിരിക്കുകയാണു നമ്മൾ.