അങ്കമാലി ഡയറീസ്; പ്രേക്ഷക പ്രതികരണം

ഡബിള്‍ ബാരൽ, ആമേൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് തിയറ്ററുകളിൽ. കൊച്ചിയിൽ താരങ്ങള്‍ക്കായി നടന്ന പ്രീമിയർ ഷോയിൽ മികച്ച അഭിപ്രായം നേടിയ സിനിമയെ പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. നടന്‍ ചെമ്പന്‍ വിനോദ് ജോസ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ എണ്‍പത്തിയാറ് പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. നായകനും നായികയും വില്ലനുമെല്ലാം പുതുമുഖങ്ങൾ.

പരീക്ഷണസിനിമകളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച ലിജോ ജോസ് ഇത്തവണയും പതിവ് തെറ്റിച്ചില്ല. പ്രമുഖതാരങ്ങളെ ഉൾപ്പെടുത്താതെ പൂർണമായും നവാഗതരെ ഉൾക്കൊള്ളിച്ചാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.

‘കട്ട ലോക്കല്‍’ എന്ന് ടാഗ്‌ലൈന്‍ നല്‍കിയിരിക്കുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. ഗിരീഷ് ഗംഗാധരനാണ് ക്യാമറാമാന്‍. പ്രശാന്ത് പിള്ള സംഗീതം. അങ്കമാലി, ചാലക്കുടി, ആലുവ, ഇരിങ്ങാലക്കുട എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് താരങ്ങൾ‍.

11 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഒറ്റ ഷോട്ടിലാണ് ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിച്ചത്. 1000ഓളം നടീനടന്‍മാര്‍ ഈ രംഗത്തില്‍ എത്തുന്നുണ്ട്.