താരങ്ങളെ ഞെട്ടിച്ച് ‘അങ്കമാലി ഡയറീസ്; പ്രീമിയർ ഷോ ചിത്രങ്ങൾ കാണാം

ഡബിള്‍ ബാരൽ, ആമേൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് പ്രീമിയർ ഷോ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. മലയാളസിനിമയിലെ പ്രമുഖതാരങ്ങൾ ഉൾപ്പടെയുള്ളവർ പ്രീമിയർ ഷോയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ജോഷി, സിബി മലയിൽ, വികെ പ്രകാശ്, ലാൽ ജോസ്, ശങ്കർരാമകൃഷ്ണൻ, ടൊവിനോ, ആസിഫ് അലി, ചാന്ദ്നി ശ്രീധരൻ, രമ്യ നമ്പീശൻ, റോജിൻ, രാഹുൽ സുബ്രഹ്മണ്യൻ, അനു മോൾ, അപർണ ബാലമുരളി, സണ്ണി വെയ്ൻ, മിഥുൻ മാനുവൽ, ജൂഡ് ആന്തണി, ബേസിൽ ജോസഫ്, ഇർഷാദ്, മാർട്ടിൻ പ്രക്കാട്ട് തുടങ്ങി മലയാളസിനിമയിലെ നിരവധി താരങ്ങൾ ചടങ്ങിനെത്തി.

മലയാളസിനിമയിൽ ഇത്രയധികം താരസാനിധ്യം നിറഞ്ഞ പ്രീമിയർ ഷോ ഇതാദ്യമായിരുന്നു. അങ്കമാലി ഡയറീസിന്റെ ചുക്കാൻ പിടിക്കുന്ന വിജയ് ബാബു, ലിജോ ജോസ്, ചെമ്പൻ വിനോദ്, പിന്നെ സിനിമയിലെ 86 പുതുമുഖങ്ങളുമായിരുന്നു ചടങ്ങിന്റെ മറ്റൊരു ആകർഷണം.

ബോളിവുഡിൽ നടക്കുന്നതിന് സമാനമായ റെഡ് കാർപ്പറ്റും ലൈവ് കവറേജും ഉൾപ്പെടുത്തിയിരുന്നു. സിനിമ കണ്ടിറങ്ങിയ ശേഷം സിനിമയെക്കുറിച്ച് എല്ലാവരും മികച്ച അഭിപ്രായം പറയുകയുണ്ടായി.

ലാൽജോസ്-ഗംഭീരമായി. വേറൊരു ലോകത്ത് ചെന്ന് പെട്ടതുപോലെ. അങ്കമാലിയിലെ പറഞ്ഞുകേട്ട കഥകൾ നേരിട്ട് കണ്ടതുപോലെ തോന്നി. എന്നെ വളരെയധികം അത്ഭുതപ്പെടുത്തി.

സിബി മലയിൽ-ലിജോ എപ്പോഴും ഒരു സർപ്രൈസുമായാണ് വരാറുള്ളത്. ഇത്തവണയും അങ്ങനെ തന്നെ. ചെമ്പൻ നന്നായി എഴുതിയിട്ടുണ്ട്. 86 പുതുമുഖങ്ങളും അതിമനോഹരമായി അഭിനയിച്ചു. വളരെ നല്ല സിനിമ കൂടിയാണിത്.

ശങ്കർരാമകൃഷ്ണൻ-അങ്കമാലി ഡയറീസ് മലയാളസിനിമയ്ക്ക് തീർച്ചയായും അഭിമാനിക്കാൻ പറ്റുന്ന സിനിമ. 86 പുതുമുഖങ്ങളെവച്ച് ഈ സിനിമ ചെയ്തു എന്ന അത്ഭുതപ്രവർത്തിയേക്കാൾ സാങ്കേതികപരമായും ഏറെ മുന്നിട്ടുനിൽക്കുന്നു. മാറുന്ന മലയാളസിനിമയുടെ മറ്റൊരു അടയാളം കൂടിയാണിത്. അവനവന്റെ നേരെ തുറന്നുപിടിക്കുന്ന കണ്ണാടിയാണ് ഈ സിനിമ.

ചെമ്പനെ ഒരു നടനെന്ന നിലയിലാണ് കണ്ടിരുന്നത്. അദ്ദേഹം വളരെ മനോഹരമായി ചിത്രമെഴുതിയിട്ടുണ്ട്. മലയാളിപ്രേക്ഷകർ തിയറ്ററിൽ പോയി തന്നെ ഈ സിനിമ കാണണം.

ബിനീഷ് കൊടിയേരി-ലിജോ ജോസ് പെല്ലിശേരിയുടെ ആമേൻ മാജിക് വീണ്ടും ആവർത്തിക്കുന്നുവെന്ന് തന്നെ പറയാം. വ്യത്യസ്തമായ ട്രീറ്റ്മെന്റ്. മലയാള സിനിമയിൽ ഇനി വരുന്ന തലമുറയ്ക്ക് പുതിയതായ പരീക്ഷണങ്ങൾ നടത്താൻ അങ്കമാലി ഡയറീസ് ഒരു പ്രചോദനമാകും.

സൈജു കുറുപ്പ്-ഉഗ്രൻ ഫിലിം മേക്കിങ്. അഭിനേതാക്കൾ എല്ലാം തന്നെ ഗംഭീരമാക്കി. നായകനായാലും വില്ലനായാലും എല്ലാ കഥാപാത്രങ്ങളും മനസ്സിൽ തങ്ങും. ഫ്രൈഡേ ഫിലിംസ് ഇങ്ങനെയൊരു സിനിമ ചെയ്തതിൽ അഭിനന്ദനങ്ങൾ. ചെമ്പന്റെ തിരക്കഥയും ലിജോയുടെ സംവിധാനം അത്യുഗ്രൻ.

രമ്യ നമ്പീശൻ-വ്യത്യസ്തമായ അനുഭവമാണ് സിനിമ തന്നത്. പുതുമുഖങ്ങളാണ് ഞെട്ടിച്ചത്. എല്ലാവരും ഒന്നിനൊന്ന് മെച്ചം. ഒരുപാട് കഷ്ടപ്പെട്ടാണ് ചിത്രം അവർ പൂർത്തിയാക്കിയിരിക്കുന്നത്. സിനിമ കാണുമ്പോൾ അത് മനസ്സിലാകും.

ചാന്ദ്നി ശ്രീധരൻ-സിനിമയുടെ ക്ലൈമാക്സ് രംഗമാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ചിത്രത്തിൽ നായകൻ ആന്റണി വർഗീസും മനോഹരമായി അഭിനയിച്ചിരിക്കുന്നു.

ദീപ്തി സതി-അടിപൊളി ചിത്രം. അങ്കമാലി എല്ലാ പ്രേക്ഷകരെയും ത്രില്ലടിപ്പിക്കും.

നടന്‍ ചെമ്പന്‍ വിനോദ് ജോസ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ എണ്‍പത്തിയാറ് പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. നായകനും നായികയും വില്ലനുമെല്ലാം പുതുമുഖങ്ങൾ.

പരീക്ഷണസിനിമകളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച ലിജോ ജോസ് ഇത്തവണയും പതിവ് തെറ്റിച്ചില്ല. പ്രമുഖതാരങ്ങളെ ഉൾപ്പെടുത്താതെ പൂർണമായും നവാഗതരെ ഉൾക്കൊള്ളിച്ചാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.

‘കട്ട ലോക്കല്‍’ എന്ന് ടാഗ്‌ലൈന്‍ നല്‍കിയിരിക്കുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. ഗിരീഷ് ഗംഗാധരനാണ് ക്യാമറാമാന്‍. പ്രശാന്ത് പിള്ള സംഗീതം. അങ്കമാലി, ചാലക്കുടി, ആലുവ, ഇരിങ്ങാലക്കുട എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് താരങ്ങൾ‍.

11 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഒറ്റ ഷോട്ടിലാണ് ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിച്ചത്. 1000ഓളം നടീനടന്‍മാര്‍ ഈ രംഗത്തില്‍ എത്തുന്നുണ്ട്.