ഏഴായിരം കണ്ടി; ഇതതല്ല

നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്കരാഃ. പേരുകളുടെ കൌതുകം മൂന്നാമത്തെ സിനിമയിലും നിലനിര്‍ത്തുകയാണു തിരക്കഥാകൃത്തും സംവിധായകനുമായ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍.അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ പേര്: ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി. പേരിലെ കണ്ടി കണ്ടു നെറ്റിചുളിക്കുന്നവരോടു സപ്തമശ്രീയിലെ ലീഫ് വാസു(സുധീര്‍ കരമന)വിനോടു കൂട്ടുകാര്‍ പറഞ്ഞത് ആവര്‍ത്തിക്കുകയാണു സംവിധായകന്‍-'ഇതതല്ല.

അളവ്, തൂക്കം എന്നിവയുമായി ബന്ധപ്പെട്ടു പണ്ടു നമ്മുടെ നാട്ടില്‍ പ്രചാരത്തിലുണ്ടായിരുന്ന വാക്കാണ് ഈ കണ്ടി. ഭൂവിസ്തൃതിയെ സംബന്ധിച്ചു പറയുമ്പോള്‍ 25 ഹെക്ടറാണ് ഒരു കണ്ടിയെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.ദേശീയ-സംസ്ഥാന ബഹുമതികള്‍ നേടിയ ആദ്യ സിനിമയിലും കഴിഞ്ഞ ഓണക്കാലത്തു തിയറ്ററുകളില്‍ നിറഞ്ഞോടിയ രണ്ടാമത്തെ സിനിമയിലും കണ്ട മറ്റൊരു സാമ്യവും പുതിയ സിനിമയില്‍ ആവര്‍ത്തിക്കുന്നുണ്ട്. അപരിചിതരുടെ ഒത്തുചേരലിലൂടെയാണ് ഈ കഥയും വികസിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്തു നിന്നു കടമെടുത്ത സാങ്കല്‍പ്പിക കഥാപാത്രമാണു ലോര്‍ഡ് ലിവിങ്സ്റ്റണ്‍. പ്രകൃതിബന്ധിയായ ഒരു കാല്‍പ്പനിക പ്രമേയം എന്നതിനപ്പുറം കഥയുടെ വിശദാംശങ്ങള്‍ സംവിധായകന്‍ തല്‍ക്കാലം വെളിപ്പെടുത്തുന്നില്ല.

'ഇതൊരു സ്വപ്നമാണ്. പ്രകൃതിക്കു വേണ്ടി ചെയ്യണമെന്ന് ആഗ്രഹിക്കുമ്പോഴും സമയമില്ലായ്മ, ധൈര്യമില്ലായ്മ, അധ്വാനിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ കാരണങ്ങളാല്‍ ചെയ്യാന്‍ കഴിയാത്തതു സിനിമയിലൂടെ ചെയ്യാനുള്ള ശ്രമം.-അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞു.

വ്യത്യസ്തമായ ഒരു ദൃശ്യ വിസ്മയം ഒരുക്കാന്‍ കൂടിയാണ് അദ്ദേഹം ശ്രമിക്കുന്നത്. കലാസംവിധാനം, ചമയം, വസ്ത്രാലങ്കാരം എന്നിവയ്ക്ക് ഈ സിനിമയില്‍ വലിയ പ്രധാന്യമുണ്ടാകും. ഇതിനായി സംവിധായകനും സഹ പ്രവര്‍ത്തകരും അഞ്ചുമാസത്തോളം നീണ്ട ഗവേഷണം തന്നെ നടത്തിയിട്ടുണ്ട്.

വയനാട് കുറുവ ദ്വീപ്, അതിരപ്പിള്ളി, ഇടുക്കി ശാന്തന്‍പാറ, കൊച്ചി, ചെന്നൈ, ധനുഷ്ക്കോടി, പൂണെ എന്നിവിടങ്ങളിലായാണു ചിത്രീകരണം. പ്രമുഖ താരങ്ങള്‍ക്കൊപ്പം, ഓഡീഷനിലൂടെ തിരഞ്ഞെടുത്ത മുപ്പതോളം പുതുമുഖങ്ങളും സിനിമയിലുണ്ടാകും. സൌന്ദര്യം മാനദണ്ഡമാക്കിയല്ല, പുതുമുഖങ്ങളെ തിരഞ്ഞെടുത്തിട്ടുള്ളതെന്നു സസ്പെന്‍സ് വിടാതെ സംവിധായകന്‍ വെളിപ്പെടുത്തുന്നു.