അഞ്ജലീ അഞ്ജലീ....

ചില പേരുകൾ കേൾക്കുമ്പോൾ നമ്മുടെ മനസിനുള്ളിലേക്ക് ഒരുപാട് മുഖങ്ങൾ അവരുടെ വർത്തമാനങ്ങളും ചിരിയും നിറയും...അഞ്ജലിയെന്ന പേരും അങ്ങനെ തന്നെയല്ലേ. മലയാളം ഈ വർഷം ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കലി. ദുൽഖർ സൽമാനും സായ്പല്ലവിയും അഭിനയിക്കുന്ന സമീർ താഹിർ ചിത്രം. അഞ്ജലി‌യായി സായ്പല്ലവിയും സിദ്ധാർഥയായി ദുൽഖർ സൽമാനുമെത്തുമ്പോൾ പഴയ അഞ്ജലിമാരും ഓർമയിലേക്കെത്തുന്നു. ഇന്ത്യ ഒരുപോലെ സ്നേഹിച്ച രണ്ട് അഞ്ജലിമാർ. അവർക്കൊപ്പം ഈ അഞ്ജലിയെത്തുമോ എന്നറിയില്ല. ഇന്ത്യൻ സിനിമാ ലോകത്തിന് കഥാപാത്രങ്ങൾ നൽകാൻ ഇഷ്ടമുള്ള പേരുകളിലൊന്നാണ് അഞ്ജലി.എങ്കിലും വീണ്ടും കാത്തിരിക്കുന്നൊരു ചിത്രത്തിലേക്ക് അഞ്ജലിയെന്ന പേര് വരുമ്പോൾ അവരിലേക്കൊന്നു പോകണമല്ലോ?

കഴുത്തറ്റം മുടി വെട്ടിയിട്ട് കുസൃതി നിറഞ്ഞ ചിരിയും വർത്തമാനവുമായി ഓടി നടന്ന അഞ്ജലി. അവളെ പോലൊരു സുഹൃത്തിനെ കിട്ടാൻ, അവൾക്കായി കാത്തിരിക്കാൻ, അറിയാതെ അറിയാതെ അവളോടുള്ള പ്രണയം ഉള്ളിൽ കൂടുകൂട്ടാൻ ഇന്നും നമ്മൾ ആഗ്രഹിക്കുന്നുണ്ട്. ഷാരുഖ്-കജോൾ ചിത്രമായ കുഛ് കുഛ് ഹോതാ ഹേയിലെ അഞ്ജലി ഇന്നും ക്യാംപസുകളുടെ നായികയാണ്. അനങ്ങിത്തുടങ്ങിയ തീവണ്ടിയിൽ നിന്ന് ഒരു വലിയ ചുവന്ന ദുപ്പട്ട പ്രിയ സുഹൃത്തിന്റെ പ്രണയിനിയിലേക്ക് പാറിപ്പറപ്പിച്ചിട്ട് കടന്നുപോകുന്ന അഞ്ജലി, രാഹുലിന്റെ കൂട്ടുകാരി ഇന്നും ഇന്ത്യൻ ചലച്ചിത്ര ലോകത്ത് പ്രേക്ഷക സ്നേഹം ഏറെ നേടിയെടുത്ത കഥാപാത്രങ്ങളിലൊന്നായി തുടരുന്നു. കരൺ ജോഹർ സംവിധാനം ചെയ്ത കുഛ് കുഛ് ഹോതാ ഹേ 1998ലാണ് പുറത്തുവന്നത്. അഞ്ജലിയെന്ന് രാഹുൽ വിളിക്കുന്നതു തന്നെ താളാത്മകമായാണ്.

അഞ്ജലിയെന്നാണ് മണിരത്നത്തിന്റെ ഒരു ചിത്രത്തിന്റെ പേര് തന്നെ. ബാല്യത്തിന്റെ അഭിനയ തീവ്രത കണ്ട് ഇന്ത്യ അത്ഭുതപ്പെട്ട, നൊമ്പരപ്പെട്ട ചിത്രമായിരുന്നു അത്. മാനസിക വളർച്ചയില്ലാത്ത, ഹൃദ്രോഹമുള്ള മൂന്നു വയസുകാരിയെ അവിസ്മരണീയമാക്കി ശ്യാമിലി ചലച്ചിത്ര ലോകത്ത് ചരിത്രമെഴുതി. മണിരത്നത്തെ പ്രേക്ഷക പക്ഷത്ത് അടയാളപ്പെടുത്തിയ ചിത്രമായിരുന്നു 1990ൽ പുറത്തിറങ്ങിയ അഞ്ജലി. പാറിപ്പറക്കുന്ന മുടിയും അജ്ഞാതമായ തിളക്കമുള്ള, പേടിച്ചരണ്ട കണ്ണും കൊഞ്ചുന്ന വർത്തമാനങ്ങളുമായി അഞ്ജലി ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. നക്ഷത്രക്കുഞ്ഞിന്റെ ചന്തമുള്ള ആ കുഞ്ഞ് മാലാഖമാരുടെ കൈപിടിച്ച് കടന്നുപോകുന്നത് ഉൾക്കൊള്ളാനാകാതെ എഴ്ന്ത്ര് അഞ്ജലി എഴ്ന്ത്ര് എന്ന് വിളിഅലറിക്കരയുന്ന ചേച്ചികുട്ടിയുടെ സ്വരം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നില്ലേ...

മുന്നറിയിപ്പ് എന്ന മമ്മൂട്ടി ചിത്രത്തിൽ അഞ്ജലി അറക്കല്‍ എന്ന മാധ്യമപ്രവർത്തകയെയും മലയാളികൾ മറക്കാൻ ഇടയില്ല. അപർണ ഗോപിനാഥ് ആയിരുന്നു ചിത്രത്തിൽ ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.

പ്രേമമെന്ന ചിത്രത്തിലൂടെ വന്ന സായ് പല്ലവിയുടെ രണ്ടാമത്തെ മലയാള ചിത്രമാണ് സമീർ താഹിറിന്റെ കലി. പ്രേമത്തിലെ മലരെന്ന കഥാപാത്രം അത്രയേറെ നമ്മളിഷ്ടപ്പെടുന്നുണ്ട്. സായ് പല്ലവിയെ മലർ എന്നു വിളിക്കാനാണ് മലയാളിക്കിഷ്ടം. മലർ അഞ്ജലിക്ക് വഴിമാറുമോയെന്ന് കാത്തിരുന്നു കാണണം. എങ്കിലും കഥാപാത്രത്തിന്റെ പേര് ചലച്ചിത്ര ലോകത്തെ നല്ല കഥാപാത്രങ്ങളെ ഓർമിപ്പിക്കുന്നുവെന്ന് പറയണമല്ലോ.