അഭിനയത്തില്‍ മോഹന്‍ലാല്‍ അജയ്യന്‍: അനൂപ് മേനോന്‍

എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന കനല്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഒപ്പം പ്രധാനവേഷത്തില്‍ അഭിനയിക്കുന്നതിന്‍റെ ത്രില്ലിലാണ് അനൂപ് മേനോന്‍. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പമുള്ള അഭിനയനിമിഷങ്ങളെപ്പറ്റി അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

ഒരു രംഗം നന്നായി മനസിലാക്കി അപാര ടൈമിങോടെ വികാരതീവ്രതയോടെ അദ്ദേഹം അഭിനയിച്ച് ഫലിപ്പിക്കും. അഭിനയത്തില്‍ അദ്ദേഹം അജയ്യനാണ്. അനൂപ് മേനോ‍ന്‍ പറയുന്നു.ഹൈദരാബാദിലെ ചിത്രീകരണസ്ഥലത്തു നിന്നും ഇരുവരും ഒന്നിച്ച് നില്‍ക്കുന്നൊരു ചിത്രവും അനൂപ് മേനോന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ശിക്കാർ എന്ന ആക്ഷൻ ത്രില്ലറിന് ശേഷം സംവിധായകൻ എം. പത്മകുമാറും മോഹൻലാലും തിരക്കഥാകൃത്ത് സുരേഷ് ബാബുവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കനല്‍. പ്രതികാരം നിറഞ്ഞ മനസുമായി രണ്ട് വ്യത്യസ്ത ജീവിതരീതിയിൽ നിന്നും വരുന്ന രണ്ടു പേര്‍ കണ്ടുമുട്ടുന്നതാണ് കനലിന്റെ ഇതിവൃത്തം. ' എല്ലാ അവസാനങ്ങൾക്കും പഴയ ഒരു തുടക്കമുണ്ട്' എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ശീലു അബ്രഹാം , ഹണി റോസ് എന്നിവരും ചിത്രത്തിലെ താരങ്ങളാണ്.

വിനോദ് ഇല്ലംപിള്ളിയായിരിക്കും കാമറ കൈകാര്യം ചെയ്യുന്നത്. ഔസേപ്പച്ചൻ സംഗീത സംവിധാനം നിർവ്വഹിക്കുന്നു. എറണാകുളം, മൈസൂർ, മൂന്നാർ, ദുബായി എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം നടക്കുക. അബ്ബാം മൂവീസ് ആണ് നിര്‍മാണം.