പുലിമുരുകന്‍ ക്ലിപിങ്സ് പ്രചരിപ്പിച്ചാൽ പണി ഉറപ്പ്!

പുലിമുരുകൻ എന്ന മോഹൻലാൽ ചിത്രത്തിലെ ചില രംഗങ്ങൾ തീയറ്ററുകളിൽ നിന്ന് ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ച് രസിക്കുന്നവർ സൂക്ഷിക്കുക. നിങ്ങളെ നോട്ടമിട്ട് ആന്റി പൈറസി സെൽ പിന്നാലെ തന്നെയുണ്ട്. പുലിമുരുകൻ പ്രദർശിപ്പിക്കുന്ന എല്ലാ തീയറ്ററുകളും പൊലീസിന്റെയും ആന്റി പൈറസി സെല്ലിന്റെ നിരീക്ഷണത്തിലാണ്. റിലീസ് ദിവസം സിനിമയിലെ ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത രണ്ടു പേരെ തൃപ്പൂണിത്തറ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിക്കപ്പെട്ടാൽ കർശനമായ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നുറപ്പ്.

ഏതു പുതിയ സിനിമ ഇറങ്ങിയാലും ആ ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ ഇറക്കുന്നതും, തീയറ്ററുകളിൽ നിന്ന് കാതലായ രംഗങ്ങളുടെ ക്ലിപിങും ഷൂട്ട് ചെയ്തു പ്രചരിപ്പിക്കുന്നതും പതിവാണ്. പുലിമുരുകനും ഈ ഭീഷണിയുണ്ടായിരുന്നു. സിനിമയിറങ്ങിയ ദിവസം തന്നെ കാണാൻ കാത്തിരുന്ന ചില രംഗങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

വൈശാഖ് സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ഏഴിനാണു തീയറ്ററുകളിലെത്തിയത്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണു സിനിമ നിർമ്മിച്ചത്. കളക്ഷൻ റെക്കോഡുകൾ ഭേദിച്ചു തീയറ്ററുകളിൽ മുന്നേറുകയാണ് ചിത്രം.